ഇര്‍ഫാന്‍ ഖാന്‍, ഓം പുരി എന്നിവരെ മരണശേഷം എല്ലാവരും ഓര്‍ക്കുന്നു, ജീവിച്ചിരുന്നപ്പോള്‍ കഴിവിനനുസരിച്ച സിനിമകള്‍ കൊടുത്തില്ല: നവാസുദ്ദീന്‍ സിദ്ദിഖി
Entertainment
ഇര്‍ഫാന്‍ ഖാന്‍, ഓം പുരി എന്നിവരെ മരണശേഷം എല്ലാവരും ഓര്‍ക്കുന്നു, ജീവിച്ചിരുന്നപ്പോള്‍ കഴിവിനനുസരിച്ച സിനിമകള്‍ കൊടുത്തില്ല: നവാസുദ്ദീന്‍ സിദ്ദിഖി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th May 2025, 12:34 pm

ഹിന്ദി സിനിമാ മേഖലയിലെ പ്രഗത്ഭരും പ്രശംസ നേടിയവരുമായ നടന്മാരെ വര്‍ഷങ്ങളായി ഒരു പെട്ടിക്കകത്ത് അടച്ചിടുകയും ചെറിയ ബജറ്റ് ചിത്രങ്ങളിലേക്ക് തരംതാഴ്ത്തുകയും ചെയ്തുവെന്ന് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നു. ഓം പുരി, നസറുദ്ദീന്‍ ഷാ, ഇര്‍ഫാന്‍, മനോജ് ബാജ്പേയി തുടങ്ങിയ പ്രശസ്ത നടന്മാരെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നായകന്മാരായി ഒരിക്കലും തെരഞ്ഞെടുത്തില്ലെന്നും പ്രേക്ഷകര്‍ അവരെ അങ്ങനെ കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു . പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നവാസുദ്ദീന്‍ സിദ്ദിഖി.

‘നസീര്‍ സാഹബ് ( നസീറുദ്ദീന്‍ ഷാ ) മുതല്‍ ഓം പുരി, പിന്നെ പങ്കജ് കപൂര്‍, ഇര്‍ഫാന്‍ ഖാന്‍, മനോജ് ബാജ്‌പേയി തുടങ്ങിയവരാണ് നമ്മുടെ സിനിമാ മേഖലയിലെ ഏറ്റവും മികച്ച നടന്മാര്‍. എന്നാല്‍ സിനിമ പ്രേമികള്‍ അവരെ നായകന്മാരായി ഒരു ബിഗ് ബഡ്ജറ്റ് സിനിമ കാണാന്‍ കൊതിച്ചിട്ടും അതിന് ആരും തയ്യാറാകുന്നില്ല.

ഇവരെല്ലാം വളരെ മികച്ച അഭിനേതാക്കളാണ്. എന്നാല്‍ അവരുടെ സിനിമയ്ക്ക് ഒരിക്കലും ജനങ്ങളിലേക്ക് എത്താന്‍ കഴിയുന്നില്ല. വലിയ ഫിലിം മേക്കേഴ്സ് പറയുന്നത് ബിസിനസ് നടക്കുന്ന അഭിനേതാക്കളും താരങ്ങളും ഉണ്ടെന്നാണ്. എന്നാല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള ഇത്തരം ഓം പുരിയെ പോലുള്ളവരുടെ സിനിമകള്‍ പൊതുജനങ്ങളിലേക്ക് എത്തുന്നില്ല എന്നോര്‍ക്കുമ്പോള്‍ എനിക്ക് സങ്കടമുണ്ട്.

ഇര്‍ഫാന്‍ ഖാനും ഓം പുരിയും മരണശേഷം എല്ലാവരും സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നുണ്ടെങ്കിലും അവര്‍ ജീവിച്ചിരുന്നപ്പോള്‍ ആരും അവരെ ശ്രദ്ധിക്കുകയോ അവരുടെ കഴിവിനനുസരിച്ച സിനിമകളോ കൊടുത്തിരുന്നില്ല. എന്നാല്‍ മരണശേഷം എല്ലാവരും അവരെ കുറിച്ചാണ് സംസാരിക്കുന്നത്,’ നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നു.

നവാസുദ്ദീന്‍ സിദ്ദിഖി

ബോളിവുഡിലെ ഇന്നുള്ള മികച്ച നടന്മാരില്‍ ഒരാളാണ് നവാസുദ്ദീന്‍ സിദ്ദിഖി. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം ചെറിയ വേഷങ്ങളോടെയാണ് അദ്ദേഹം സിനിമയില്‍ ചുവടുറപ്പിക്കുന്നത്. 2012ല്‍ ദേശീയ ചലച്ചിത്രപുരസ്‌കാരത്തിന്റെ ഭാഗമായി സ്‌പെഷല്‍ ജൂറി പരാമര്‍ശവും അദ്ദേഹത്തെ തേടിയെത്തി. സേജല്‍ ഷാ സംവിധാനം ചെയ്ത കോസ്റ്റാവോ എന്ന ചിത്രമാണ് നവാസുദ്ദീന്‍ സിദ്ദിഖിയുടേതായി പുറത്തിറങ്ങാനുള്ളത്.

Content Highlight: Nawazuddin Siddiqui says nobody made big-budget films with Irfan Khan And Om Puri