തമിഴ്‌നാട്ടില്‍ നിന്ന് വന്ന് മലയാളത്തില്‍ തരംഗമായ നടിയായിരുന്നു അവര്‍: നവ്യ നായര്‍
Entertainment
തമിഴ്‌നാട്ടില്‍ നിന്ന് വന്ന് മലയാളത്തില്‍ തരംഗമായ നടിയായിരുന്നു അവര്‍: നവ്യ നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th June 2025, 5:39 pm

2001ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് നവ്യ നായര്‍. രഞ്ജിത്ത് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി 2002ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെ ബാലാമണിയായും നവ്യ എത്തി. നന്ദനത്തിലെ അഭിനയത്തിലൂടെ നിരവധി അവാര്‍ഡുകള്‍ നേടാന്‍ നവ്യയ്ക്ക് സാധിച്ചിരുന്നു. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നന്ദനത്തിലൂടെ നവ്യ നേടിയിരുന്നു.

സിനിമ മേഖലയില്‍ നിറഞ്ഞ് നില്‍ക്കുന്ന നായികമാര്‍ ഇന്നില്ലാത്തത് എന്തുകൊണ്ടാണെന്നു ചോദ്യത്തോട് പ്രതികരിക്കുകയാണ് മുമ്പ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നവ്യ നായര്‍. കഴിവുള്ള നായികമാര്‍ ഇന്നുമുണ്ടെന്നും എന്നാല്‍ മലയാളത്തില്‍ കഴിവുതെളിയിച്ച് അന്യഭാഷയില്‍ കുടിയേറുന്നവരാണ് കൂടുതലെന്ന് നവ്യ പറയുന്നു.

പ്രേമത്തിലെ സായ് പല്ലവി അതിന് ഉദാഹരണമാണെന്നും തമിഴ്‌നാട്ടില്‍ നിന്ന് വന്ന് മലയാളത്തില്‍ തരംഗമായ നടിയാണ് അവരെന്നും നവ്യ നായര്‍ കൂട്ടിച്ചേര്‍ത്തു.

‘കഴിവുറ്റ നായികമാര്‍ ഇന്നും നിരവധിയാണ്. പക്ഷേ, ഇവിടെ കഴിവുതെളിയിച്ച് പെട്ടെന്ന് അന്യഭാഷയില്‍ കുടിയേറുന്നവര്‍ ഏറെയാണ്. അതുകൊണ്ടാണവര്‍ക്ക് മലയാളത്തില്‍ തുടര്‍ച്ചയായി ചിത്രങ്ങളില്ലാത്തത്. ഉദാഹരണത്തിന് പ്രേമത്തിലെ സായ് പല്ലവി ഒരു തരംഗമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് വന്ന് മലയാളത്തില്‍ തരംഗമായിരുന്നു.

പിന്നീട് തെലുങ്ക്, തമിഴ് ചിത്രങ്ങളിലെ ദൈര്‍ഘ്യമേറിയ ഷെഡ്യൂള്‍ തിരക്ക് കാരണമാണ് ആ നടിയെ മലയാളത്തില്‍ കാണാത്തത്. അല്ലാതെ കഴിവില്ലാത്തതുകൊണ്ടല്ല.

മുമ്പ് ഷീലാമ്മയും ശാരദാമ്മയും ഞങ്ങളെക്കാള്‍ കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കാലത്തിന്റെയും അഭിനയമേഖലയുടെ വ്യാപ്തിയുടെയും ഭാഗമാണത്. അല്ലാതെ കഴിവ് കുറഞ്ഞതുകൊണ്ടോ കൂടിയതുകൊണ്ടോ അല്ല,’ നവ്യ നായര്‍ പറയുന്നു.

Content Highlight: Navya Nair Talks About Heroin Of Malayalam Cinema