കേരള ക്രൈം ഫയല്‍സ്; അന്ന് ഇന്റര്‍വ്യൂവില്‍ ക്ലൈമാക്‌സ് പറഞ്ഞു; അദ്ദേഹം എന്നെ മാറ്റിനിര്‍ത്തി ചീത്ത വിളിച്ചു: നവാസ് വള്ളിക്കുന്ന്
Entertainment
കേരള ക്രൈം ഫയല്‍സ്; അന്ന് ഇന്റര്‍വ്യൂവില്‍ ക്ലൈമാക്‌സ് പറഞ്ഞു; അദ്ദേഹം എന്നെ മാറ്റിനിര്‍ത്തി ചീത്ത വിളിച്ചു: നവാസ് വള്ളിക്കുന്ന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th June 2025, 12:07 pm

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് നവാസ് വള്ളിക്കുന്ന്. സുഡാനി ഫ്രം നൈജീരിയ, തമാശ, കപ്പേള, ഹലാല്‍ ലവ് സ്റ്റോറി, കുരുതി, മധുരം, നാരദന്‍ തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു.

കരിയറിന്റെ തുടക്കത്തില്‍ കോമഡി ടച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്ത നവാസ് പിന്നീട് സീരിയസ് റോളുകളും ചെയ്തു തുടങ്ങി. മലയാളത്തിലെ കേരള ക്രൈം ഫയല്‍സ് എന്ന ഹിറ്റ് വെബ് സീരീസിലും അദ്ദേഹം അഭിനയിച്ചിരുന്നു.

സി.പി.ഒ സുനില്‍ എന്ന കഥാപാത്രമായിട്ടാണ് നവാസ് ഈ സീരീസില്‍ എത്തിയത്. കേരള ക്രൈം ഫയല്‍സിന്റെ രണ്ടാം ഭാഗത്തിലും ഇതേ കഥാപാത്രമായി നവാസ് വള്ളിക്കുന്ന് അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ ആദ്യ ഭാഗമിറങ്ങിയ സമയത്ത് ഒരു ഇന്റര്‍വ്യൂവില്‍ തനിക്ക് പറ്റിയ അബദ്ധത്തെ കുറിച്ച് പറയുകയാണ് നവാസ്. കേരള ക്രൈം ഫയല്‍സ് 2വിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

കേരള ക്രൈം ഫയല്‍സ് സീരീസിന്റെ ആദ്യ പാര്‍ട്ട് ഇറങ്ങിയ സമയത്ത് ഞാന്‍ ഒരു ഇന്റര്‍വ്യൂ കൊടുത്തു. അതില്‍ ഞാന്‍ സീരീസിന്റെ ഫുള്‍ കഥ പറഞ്ഞു. അവസാനം ഇന്റര്‍വ്യൂ കട്ട് പറഞ്ഞ് ഡയറക്ടര്‍ എന്നെ മാറ്റിനിര്‍ത്തി കുറേ ചീത്ത പറഞ്ഞു.

ഇന്റര്‍വ്യൂവില്‍ ഇവര് ചോദിക്കുന്ന സമയത്ത് എന്താണ് മറുപടി പറയേണ്ടതെന്ന് അറിയില്ലായിരുന്നു. ചോദിക്കുന്ന ഓരോ ചോദ്യത്തിനും മറുപടി കൊടുത്ത് കൊടുത്ത് കഥ മുഴുവന്‍ ഞാന്‍ പറഞ്ഞു. അവസാനം ഞാന്‍ ക്ലൈമാക്‌സ് ഉള്‍പ്പെടെ പറഞ്ഞിരുന്നു. അതുകൊണ്ട് ഇത്തവണ ഒന്നും പറയില്ല ഞാന്‍,’ നവാസ് വള്ളിക്കുന്ന് പറയുന്നു.

കേരള ക്രൈം ഫയല്‍സ്:

ആഷിക് ഐമര്‍ രചന നിര്‍വഹിച്ച് അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത സീരീസാണ് കേരള ക്രൈം ഫയല്‍സ്. മലയാളത്തില്‍ എത്തിയ ആദ്യ ക്രൈം വെബ് സീരീസ് ആയിരുന്നു ഇത്. 2023 ജൂണ്‍ 23ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്ത സീരീസില്‍ അജു വര്‍ഗീസ്, ലാല്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.

2011ല്‍ എറണാകുളത്തെ ലോഡ്ജില്‍ നടന്ന ഒരു കൊലപാതകവും അതിന്റെ അന്വേഷണവുമായിരുന്നു ഇതിന്റെ കഥ. ഇപ്പോള്‍ കേരള ക്രൈം ഫയല്‍സ് – ദ സെര്‍ച്ച് ഫോര്‍ സി.പി.ഒ അമ്പിളി രാജു എന്ന പേരിലാണ് ഈ സീരീസിന്റെ രണ്ടാം ഭാഗം എത്തിയത്.

അജു വര്‍ഗീസ്, ലാല്‍ എന്നിവര്‍ക്ക് പുറമേ അര്‍ജുന്‍ രാധാകൃഷ്ണനും സീരീസില്‍ പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. ഒപ്പം ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, രഞ്ജിത്ത് ശേഖര്‍, സഞ്ചു, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, നൂറിന്‍ ഷെരീഫ്, ജിയോ ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസന്‍ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിച്ചിട്ടുണ്ട്.


Content Highlight: Navas Vallikunnu Talks About Kerala Crime Files Series Promotional Interview Experience