പാരീസ് : ഇറാനെതിരായ ആക്രമണത്തില്‍ തങ്ങളെ പിന്തുണയ്ക്കാത്ത നാറ്റോ സഖ്യകക്ഷികള്‍ക്കെതിരെ രംഗത്തെത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത വിമര്‍ശനവുമായി ഫ്രാന്‍സ്.

ഹോര്‍മുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളില്‍ സഹകരിക്കാത്ത പക്ഷം അമേരിക്ക നാറ്റോയില്‍ നിന്ന് പിന്മാറുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഫ്രാന്‍സ് രംഗത്തെത്തിയത്.

നാറ്റോ എന്നത് യൂറോ-അറ്റ്ലാന്റിക് മേഖലയുടെ സുരക്ഷയ്ക്കായി രൂപീകരിച്ചതാണെന്നും ഹോര്‍മുസ് കടലിടുക്കിലെ ആക്രമണങ്ങള്‍ പരിഹരിക്കാനുള്ള വേദിയല്ല നാറ്റോയെന്നും ഫ്രാന്‍സ് പറഞ്ഞു.

ഫ്രഞ്ച് ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ആലീസ് റൂഫോയാണ് അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങില്ലെന്ന് വ്യക്തമാക്കിയത്. പാരീസില്‍ നടന്ന യുദ്ധ-സമാധാന സമ്മേളനത്തിലും അദ്ദേഹം രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കി.

‘നാറ്റോ എന്താണെന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കട്ടെ. ഇത് യൂറോ-അറ്റ്ലാന്റിക് മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു സൈനിക സഖ്യമാണ്. ഹോര്‍മുസ് കടലിടുക്കില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഇടപെടത്തക്ക രീതിയിലല്ല ഇതിനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മാത്രമല്ല അവിടെ അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനവുമായിരിക്കും,’ റൂഫോ പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതവും നാവിഗേഷന്‍ സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കാന്‍ ഫ്രാന്‍സ് ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് ആക്രമണാത്മക സ്വഭാവമില്ലാത്ത മാര്‍ഗങ്ങളിലൂടെയാകണമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നിലപാട്.

ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടും, ഇന്‍ഷുറന്‍സ്-ഷിപ്പിങ് കമ്പനികളുമായി ആലോചിച്ചും മാത്രമേ ഇതില്‍ അന്താരാഷ്ട്ര ഇടപെടല്‍ പാടുള്ളൂ. മാത്രമല്ല അതിന് ഇറാന്റെ അനുമതി ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഈ തര്‍ക്കത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം അമേരിക്കയും സഖ്യകക്ഷികളും തമ്മിലുണ്ടായ ആഴത്തിലുള്ള വിള്ളലാണ്.

യു.എസ് നയിക്കുന്ന സഖ്യത്തിന്റെ ഭാഗമായി കടലിടുക്ക് തടയാന്‍ ഫ്രാന്‍സ് വിസമ്മതിച്ചതില്‍ അമേരിക്കയ്ക്ക് അസ്വസ്ഥത കാണുമെന്നും റൂഫോ പറഞ്ഞു. എന്നാല്‍ സഖ്യകക്ഷികള്‍ തമ്മിലുള്ള വിശ്വാസ്യത നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നാറ്റോയുടെ ആര്‍ട്ടിക്കിള്‍ 5 പ്രകാരമുള്ള കൂട്ടായ പ്രതിരോധം എന്നത് പരസ്പര സംരക്ഷണത്തിനുള്ളതാണെന്നും മറിച്ച് ഒരു രാജ്യത്തിന്റെ മാത്രം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ആക്രമണങ്ങള്‍ നടത്താനുള്ളതല്ലെന്നും റൂഫോ കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വന്തം പ്രതിരോധത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന 20 വര്‍ഷമായുള്ള രാജ്യത്തിന്റെ നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു.

മ്യൂണിക് സമ്മേളനത്തിന് ശേഷമുള്ള സംഭവവികാസങ്ങള്‍ സഖ്യത്തിനുള്ളില്‍ കൂടുതല്‍ പിരിമുറുക്കമുണ്ടാക്കുന്നതായും, വിഭജനങ്ങളെ ഒഴിവാക്കി നാറ്റോ അതിന്റെ പ്രധാന ദൗത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഫ്രാന്‍സ് ആഹ്വാനം ചെയ്തു.

മ്യൂണിക് സെക്യൂരിറ്റി കോണ്‍ഫറന്‍സ് എന്നത് ലോകത്തെ സുരക്ഷാ നയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വേദിയാണ്.

അവിടെ റഷ്യ-ഉക്രെയ്ന്‍ യുദ്ധം, ഇറാന്‍ വിഷയം എന്നിവയില്‍ നാറ്റോ രാജ്യങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ആ സമ്മേളനത്തിന് ശേഷം, ഇറാനെതിരെ സൈനിക നടപടി വേണമെന്ന് അമേരിക്കയും, നയതന്ത്ര ചര്‍ച്ചകള്‍ മതിയെന്ന് ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ നിലപാടെടുക്കുകയും ചെയ്തിരുന്നു. ഇതും ട്രംപിനെ ചൊടിപ്പിച്ചു.

ഇറാനെതിരായ സൈനിക നീക്കങ്ങളില്‍ നാറ്റോ സഖ്യകക്ഷികള്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശനമാണ് ട്രംപ് ഉന്നയിക്കുന്നത്. ബ്രിട്ടന്റെ ‘ഡെയ്‌ലി ടെലിഗ്രാഫിന്’ നല്‍കിയ അഭിമുഖത്തില്‍ നാറ്റോയില്‍ നിന്ന് പുറത്തുപോകുന്ന കാര്യം താന്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു.

ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴും അദ്ദേഹം ഈ നിലപാട് ആവര്‍ത്തിച്ചു. ഇറാനെതിരായ യുദ്ധത്തില്‍ തങ്ങളുടെ വ്യോമാതിര്‍ത്തി വഴി ആയുധങ്ങള്‍ കൊണ്ടുപോകേണ്ടെന്ന ഫ്രാന്‍സിന്റെ നിലപാടും ട്രംപിന് തിരിച്ചടിയായിരുന്നു.

Content Highlight: NATO not meant for Hormuz operations: French minister