നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ -ഇന്ത്യയില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭാവി പറയുന്നു
Opinion
നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ -ഇന്ത്യയില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭാവി പറയുന്നു
ന്യൂസ് ഡെസ്‌ക്
Sunday, 28th July 2019, 11:45 am

മുരളീധരന്‍.എം

വെടക്കാക്കി തനിക്കാക്കുക എന്ന പ്രാചീന ഇന്ത്യന്‍ തന്ത്രം വളരെ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നത് ഇത്രമാത്രം സുതാര്യമായി ഇന്ത്യന്‍ ചക്രവാളത്തില്‍ അടുത്തകാലത്തൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. അഴിമതിയുടെ കൂത്തരങ്ങായി മാറിപ്പോയ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ എന്ന വലിയ വായിലെ നിലവിളി പുതിയ നരകാസുരനെ കൃത്യമായി അവരോധിച്ചുകഴിഞ്ഞു. കേതന്‍ ദേശായിയെപ്പോലെ അഴിമതി ആഘോഷമാക്കി മാറ്റിയ ഒരാളുടെ അപഥസഞ്ചാരത്തിന്റെ ദുര്‍സന്തതിയാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ എന്നത് അംഗീകരിച്ച് കൊണ്ടുതന്നെ അതിന് പിന്നിലെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര താല്‍പ്പര്യങ്ങള്‍ നാം കാണാതിരുന്നുകൂടാ.

2017 ഡിസംബര്‍ 15 ന് അന്നത്തെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ പത്രസമ്മേളനമായിരുന്നു ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി. ഒരുപക്ഷെ സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ജുഡീഷ്യറിയും പാര്‍ലമെന്റും ഒരു സ്ഥാപനവ്യവസ്ഥയ്ക്കെതിരെ നിലപാടെടുക്കുവാന്‍ മാത്രം അത് അഴിമതിയുടെ കൂത്തരങ്ങാക്കിയത് മൗനം മരണമാണെന്ന് തലങ്ങും വിലങ്ങും ആക്രോശിക്കുന്ന നമ്മള്‍ കണ്ടുനില്‍ക്കുകയുണ്ടായി.

അഴിമതിയേയും സ്വജനപക്ഷപാതിത്വത്തേയും അനീതിയേയും തൂത്തെറിഞ്ഞ് ഒരു ധീരനൂതനലോകത്തിന്റെ പിറവിക്കായിട്ടാണ് വൈദ്യശാസ്ത്രംരംഗം പിന്നീട് കാത്തിരുന്നത്. സര്‍ക്കാരിന്റെ ഇടപെടലുകള്‍ അത്ര കേമമായിരുന്നുവെന്ന് മാത്രമല്ല കിട്ടിയ ഉറപ്പുകള്‍ പ്രതീക്ഷകള്‍ക്ക് മകുടം വെപ്പിക്കുന്നതായിരുന്നുതാനും.

ഇന്ത്യയില്‍ പക്ഷെ രാഷ്ട്രീയമായ സ്വപ്നങ്ങള്‍ക്കും സാമൂഹികസ്വപ്നങ്ങള്‍ക്കും മിക്കവാറും അകാലത്തില്‍ ചരമമടയാനുള്ള വിധി ഈ മഹത്തായ സമൂഹസ്വപ്നത്തേയും വര്‍ണ്ണരഹിതമാക്കുമെന്ന് നിഷ്ഫലമാക്കുമെന്ന് ഓര്‍ക്കുവാന്‍ പോലും നാം ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷെ എന്‍.എം.സി (നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍) വരുമ്പോള്‍ എം.സി.ഐയിലെ കെടുകാര്യസ്ഥതയെ, അഴിമതിയെ തികച്ചും അപ്രസക്തമാക്കുന്ന ജനവിരുദ്ധവും രോഗീവിരുദ്ധവും വൈദ്യശാസ്ത്രവിരുദ്ധവുമായ അതേസമയം അണപൊട്ടിയൊഴുകുന്ന അഴിമതിയുടേയും കടുത്ത അനീതിയുടേയും നിര്‍ലജ്ജമായ പക്ഷപാതിത്വത്തിന്റേയും മറയില്ലാത്ത നിയമവിരുദ്ധതയുടേയും വലിയ കുത്തൊഴുക്കുകള്‍ക്ക് മിക്കവാറും നാം ദൃക്സാക്ഷികളാകേണ്ടി വന്നേക്കുമെന്ന ഭയം അസ്ഥാനത്തല്ല എന്ന് സാമൂഹിക നിരീക്ഷകര്‍ വിലയിരുത്തികഴിഞ്ഞിട്ടുണ്ട്.

അഴിമതിയുടെ പേര് പറഞ്ഞ് ഒരു വ്യവസ്ഥയെ തകര്‍ക്കുമ്പോള്‍ അതിനെ മികവ് കൊണ്ട് മറികടക്കുന്ന മഹത്തായ ഒരു വ്യവസ്ഥ സൃഷ്ടിക്കുവാനുള്ള സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ കേന്ദ്രഗവണ്‍മെന്റ് നിരുപാധികം പരാജയപ്പെടുന്ന കാഴ്ചയ്ക്കാണ് നാം സാക്ഷ്യം വഹിക്കേണ്ടിവരുന്നത്.

2015 ജൂലൈ മാസത്തിലാണ് മെഡിക്കല്‍ കൗണ്‍സിലിലെ അഴിമതിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ രഞ്ജീത് റോയ് ചൗധരി നിയമിക്കപ്പെടുന്നത്. 2016 മാര്‍ച്ചില്‍ എം.സി.ഐ പ്രശ്നങ്ങള്‍ വിലയിരുത്തിയ പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി പൂര്‍ണ്ണമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നീതി ആയോഗിന്റെ വൈസ് ചാന്‍സലര്‍ അരവിന്ദ് പനഗാരിയയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ടീമിനെ ചുമതലപ്പെടുത്തുന്നു. രണ്ട് മാസത്തിന് ശേഷം ഈ പ്രശ്നത്തില്‍ സുപ്രീംകോടതി ഇടപെടുകയും ജസ്റ്റിസ് ആര്‍.എം ലോധയുടെ അധ്യക്ഷതയിലുള്ള ഒരു ഓവര്‍സൈറ്റ് കമ്മിറ്റിയെ മെഡിക്കല്‍ കൗണ്‍സിലിലെ അഴിമതിയെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ നിയോഗിക്കുകയും ചെയ്യുന്നു.

ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നീതി ആയോഗിനെ ദേശീയ വൈദ്യശാസ്ത്രരംഗത്തിന്റെ നിരീക്ഷണ-നിര്‍വഹണ ചുമതലയുള്ള ഒരു സംവിധാനം നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ നിയോഗിക്കുന്നത്. അങ്ങനെ ആയിരുന്നു എന്‍.എം.സിയുടെ പിറവി, കരിംപൂരാടനാളില്‍.

ഭാരതത്തിലെ ആധുനികവൈദ്യശാസ്ത്രത്തിന്റെ നട്ടെല്ലൊടിക്കുകയും ആ സംവിധാനത്തെ മുച്ചൂടും മുടിക്കുകയും ചെയ്യുക എന്നതായിരുന്നു എന്‍.എം.സിയുടെ ദൗത്യം എന്ന് വരുംതലമുറകള്‍ നിശ്ചയമായും വിലയിരുത്തുക തന്നെ ചെയ്യും എന്ന് ഉറപ്പ് പറയുവാന്‍ കഴിയുന്ന രീതിയിലാണ് പ്രസിദ്ധീകരിക്കപ്പെട്ട ഔദ്യോഗിക നിയമാവലി നല്‍കുന്ന മുന്നറിയിപ്പുകള്‍, അത്രമാത്രം ജനാധിപത്യവിരുദ്ധവും വൈദ്യശാസ്ത്രവിരുദ്ധവും ഫെഡറല്‍ സംവിധാനത്തിന്റെ കടക്കല്‍ കത്തിവെക്കുന്നതും വിഷലിപ്തവുമാണ് എന്‍.എം.സി മുന്നോട്ടുവെക്കുന്ന നിലപാടുകള്‍ എന്നും പറയാതെ വയ്യ. രോഗത്തേക്കാള്‍ ഗര്‍ഹണീയമായ രോഗചികിത്സയുടെ കൃത്യമായ ഉദാഹരണം.

എം.സി.ഐ ആക്ടിലെ 15.11 b എന്ന ആധുനികവൈദ്യശാസ്ത്രത്തിന്റെ മാഗ്‌നാകാര്‍ട്ട തകര്‍ത്തെറിഞ്ഞുകൊണ്ടാണ് എന്‍.എം.സി ഗോദയിലേക്ക് കയറുന്നത് തന്നെ. അതുവഴി എം.ബി.ബി.എസ് എന്ന അടിസ്ഥാനയോഗ്യതയില്ലാതെ ഇന്ത്യയില്‍ ആര്‍ക്കും ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാന്‍ പാടില്ല എന്ന ശാസ്ത്രീയവും യുക്തിയധിഷ്ഠിതവുമായാ നിലപാട് എന്‍.എം.സി മനസാക്ഷിക്കുത്തേതുമില്ലാതെ കൈയൊഴിയുന്നു.

അത്തരമൊരു ശക്തമായ കാഴ്ചപാടില്ലെങ്കില്‍ ലോകമെമ്പാടും രോഗചികിത്സയുടെ അവസാനവാക്കായി പരിഗണിക്കപ്പെടുന്ന ആധുനികവൈദ്യശാസ്ത്രം ഇന്ത്യയില്‍ ആര്‍ക്കും കേറിനിരങ്ങാവുന്ന ഒരിടമായി മാറിപ്പോകും എന്ന എം.സി.ഐയുടെ കൃത്യമായ നിലപാട് എന്‍.എം.സി കാറ്റില്‍ പറത്തുകയാണ്. രോഗനിദാനത്തിലോ രോഗനിര്‍ണയത്തിലോ ചികിത്സാരീതികളിലോ ഒരു ബന്ധവുമില്ലാത്ത മറ്റ് വൈദ്യശാസ്ത്രസമാന്തരധാരകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക് ആയുഷ് മേഖലയുടെ താക്കോല്‍ ഏല്‍പ്പിക്കുകയാണ് സത്യത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നത്.

രോഗീചികിത്സയുടെ രാഷ്ട്രീയവും ധാര്‍മ്മികതയും തമസ്‌കരിക്കുന്നതിനോടൊപ്പം കടുത്ത ശാസ്ത്രവിരുദ്ധതയും പിന്‍വാതില്‍ പ്രവണതയും ഈ പ്രവര്‍ത്തിയില്‍ നിശ്ചയമായും അന്തര്‍ലീനമായിരിപ്പുണ്ട്.

സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരാള്‍ക്കും ഫിസിഷ്യനോ സര്‍ജനോ ആയി പ്രവര്‍ത്തിക്കാനാവില്ല, മോഡേണ്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ല, കോടതിയില്‍ വിദഗ്ദ സാക്ഷിയായി മൊഴിനല്‍കാനാവില്ല തുടങ്ങി എം.സി.ഐ സ്വീകരിച്ചിരുന്ന നീതിയുക്തമായ നിലപാടുകള്‍ എന്‍.എം.സിയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല.

ജനാധിപത്യവ്യവസ്ഥയ്ക്കുള്ളില്‍ ഒരു സംവിധാനത്തെ നിയന്ത്രിക്കുന്നവര്‍ക്ക് നിശ്ചയമായും ഒരുപരിധിവരെ സ്വയംഭരണാവകാശവും സ്വന്തമായ അധികാരങ്ങളും നല്‍കേണ്ടതുണ്ട്. മേധാവികളുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാതിരിക്കാനുള്ള ധൈര്യം അവര്‍ക്ക് അതുവഴി മാത്രമെ നല്‍കാനാവൂ എന്ന് സ്വതന്ത്ര ഇന്ത്യയിലെ പല സംവിധാനങ്ങളുടേയും ഭരണകൂടോന്‍മുഖവും നിര്‍ലജ്ജവുമായ പ്രവര്‍ത്തനരീതികള്‍ കണ്ടുപരിചയിച്ച ആര്‍ക്കും ഉറപ്പിച്ച് പറയാനാവും. എന്‍.എം.സി ആവട്ടെ ഭരണാധികാരികളുടെ നേരിട്ടുള്ള മേല്‍നോട്ടത്തിനായി വാതിലുകള്‍ മലര്‍ക്കെ തുറന്നിടുകയാണ്.

ഒരു തരത്തിലുള്ള സ്വയംഭരണവും ഇതില്‍ വ്യവസ്ഥാപരമാക്കുന്നില്ല. സംസ്ഥാനങ്ങളുടെ ഉത്തമതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകളുടെ അംഗീകാരങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ട് ഫെഡറല്‍ നിയമങ്ങളുടെ അന്തസത്തയും കാറ്റില്‍ പറത്തുകയാണ് സര്‍ക്കാര്‍. ന്യായാന്യായ വിചാരണകളും വിലയിരുത്തലുകളും നടത്തി പൊതുസമൂഹത്തിന് മുന്നില്‍ ഇത്തരം അധികാരസ്ഥാപനങ്ങളെ ന്യായയുക്തമായി നിരന്തരം ചോദ്യം ചെയ്യുന്നത് ജനാധിപത്യരാജ്യങ്ങളിലെ സിവില്‍-സര്‍ക്കാരിതര സംഘടനകളുടെ വലിയ ഉത്തരവാദിത്വങ്ങളിലൊന്നാണ് സുവിദിതമാണ്.

വൈദ്യശാസ്ത്രരംഗത്ത് ഐ.എം.എ പോലുള്ള സംഘടനകള്‍ക്ക് സര്‍ക്കാര്‍ കെട്ടുപാടുകളില്ലാതെ സത്യം വിളിച്ചുപറയാന്‍ എപ്പോഴും കഴിഞ്ഞിരുന്നുതാനും. എന്‍.എം.സിയുടെ നിയമാവലികള്‍ ഒടുവില്‍ ആ വിലയേറിയ സ്വാതന്ത്ര്യത്തിന് വിലങ്ങിടുകയാണ്. എല്ലാ പൊഫഷണല്‍ സംഘടനകളും എന്‍.എം.സിയുടെ ചവിട്ടടികളില്‍ പ്രവര്‍ത്തിച്ചുകൊള്ളണം. എതിര്‍ ശബ്ദമുയരാത്ത നിശബ്ദരാജ്യം!

എം.സി.ഐ തികച്ചും ജനാധിപത്യപരമായ ചട്ടക്കൂടുള്ള ഒരു സംവിധാനമായിരുന്നു. കൗണ്‍സിലില്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത ഏത് മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍ക്കും അതിലെ അംഗമാവാന്‍ മത്സരിക്കാം. ഇഷ്ടാനുസരണം വോട്ട് ചെയ്യാം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും മെഡിസിന്‍ പഠിപ്പിക്കുന്ന എല്ലാ യൂണിവേഴ്സിറ്റികള്‍ക്കും അതില്‍ പ്രാതിനിധ്യവുമുണ്ടായിരുന്നു. ജനാധിപത്യവ്യവസ്ഥകളിലെ പരാധീനതകള്‍ മാത്രമെ ഏതൊരു സിനിസിസ്റ്റിന് പോലും അതില്‍ കണ്ടെത്താനാവുമായിരുന്നൊള്ളൂ. എന്നാല്‍ എന്‍.എം.സി ആവട്ടെ ജനാധിപത്യമൂല്യങ്ങളേയും വ്യവസ്ഥകളേയും നിഷ്‌കരുണം തള്ളിക്കളയുകയാണ്.

നോമിനേഷന്‍ രാജ് നടപ്പാക്കി ഭരണകൂടത്തിന്റെ കൃത്യമായ അജണ്ടകള്‍ അച്ചടക്കത്തോടെ നടപ്പാക്കുന്ന അധികാരസ്ഥാപനങ്ങളായി സ്വയം രൂപാന്തരം കൊള്ളുകയാണ്. എന്‍.എം.സി. അംഗങ്ങളെ തെരഞ്ഞെടുക്കുവാന്‍ ഈ സംവിധാനം ആശ്രയിക്കുന്നത് ഒരു സെര്‍ച്ച് ആന്റ് സെലക്ഷന്‍ കമ്മിറ്റിയെയാണ്. കാബിനറ്റ് സെക്രട്ടറി, നീതി ആയോഗിന്റെ ഉന്നതോഗ്യസ്ഥര്‍, യൂണിയന്‍ ഹെല്‍ത്ത് സെക്രട്ടറി, ഒരു നിയമ/സാമ്പത്തിക/ സാങ്കേതികവിദഗ്ധന്‍ ഒരു (ഒറ്റ) വൈദ്യശാസ്ത്രവിദഗ്ധന്‍ എന്നിവരാണ് അതിലെ അംഗങ്ങള്‍. ഇന്ത്യയിലെ ഇത:പര്യന്തമുള്ള രാഷ്ട്രീയസാഹചര്യങ്ങള്‍ വെച്ച് ഇതേവരെ നമുക്ക് ലഭ്യമായ അനുഭവസമുച്ചയങ്ങളുടെ വെളിച്ചത്തില്‍ ഒരു കാര്യം കൃത്യമായി പറയാന്‍ കഴിയും.

ഭരണകൂടത്തിന്റെ ഏറാന്‍മൂളികള്‍ക്കുള്ള വിലയേറിയ സമ്മാനമാവും എന്‍.എം.സിയിലെ അംഗത്വം. ചിന്തയിലും പ്രവര്‍ത്തിയിലും സ്വതന്ത്രതയുടെ കണിക പോലും വെച്ച് പുലര്‍ത്തുന്നവര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്തതാവണം എന്‍.എം.സിയിലെ അംഗത്വമെന്നത് ഭരണകൂടം നൂറുശതമാനം ഉറപ്പുവരുത്തുന്നതിങ്ങനെയാണ്.

എന്‍.എം.സിയിലെ 25 അംഗങ്ങളില്‍ എട്ട് പേര്‍ക്ക് മാത്രമാകും വൈദ്യശാസ്ത്രവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടാവുക. മാത്രമല്ല എന്‍.എം.സി വിഭാവനം ചെയ്യുന്ന നാല് മെഡിക്കല്‍ ബോര്‍ഡുകളിലെ അണ്ടര്‍ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ്,- അക്രഡിറ്റേഷന്‍ ആന്റ് റേറ്റിംഗ്, മെഡിക്കല്‍ എത്തിക്സ്- പ്രസിഡന്റുമാര്‍ ഡോക്ടര്‍മാര്‍ ആവണമെന്ന് നിര്‍ബന്ധമില്ല എന്ന് ധ്വനിപ്പിക്കുന്ന രീതിയില്‍ വളരെ സൂക്ഷ്മവും രഹസ്യാത്മകവുമായാണ് ആ നിയമപദാവലികള്‍ സംവിധാനം ചെയ്തിരിക്കുന്നത്.

നിയന്ത്രിക്കുന്നവര്‍ തന്നെ നിയന്ത്രിക്കുന്നവരെ തെരഞ്ഞെടുത്തത് അപഹാസ്യം എന്നാണ് നീതി ആയോഗ് എം.സി.ഐയെ ആക്ഷേപിച്ചത്. നോക്കൂ സെര്‍ച്ച് ആന്റ് സെലക്ഷന്‍ കമ്മിറ്റിയാണ് അതിന് പരിഹാരമായി അവര്‍ കൊണ്ടുവരുന്നത്. സര്‍ക്കാരിന്റെ നയങ്ങളെ നൂറുശതമാനം പിന്തുടരുവാന്‍ ബാധ്യതപ്പെട്ട ഒരു കൂട്ടം ഉന്നതോദ്യോഗസ്ഥര്‍ അവരുടെ ഇംഗിതത്തിനൊത്ത് തുള്ളുന്ന കുറെ പാവമനുഷ്യരെ നോമിനേറ്റ് ചെയ്യുന്ന സംവിധാനം അതിനേക്കാളെത്രയോ അപഹാസ്യമാണെന്ന് കണ്ണാടിയില്‍ വികൃതമായ സ്വന്തം മുഖം കണ്ടിട്ടുപോലും അവര്‍ക്ക് തിരിച്ചറിയാനാകുന്നേയില്ല.

ഫിലോസഫി ഓഫ് ഡി-റെഗുലേഷന്‍ ആണ് എന്‍.എം.സി സ്വീകരിച്ചിരിക്കുന്ന അടിസ്ഥാനനിലപാടുകളുടെ സാരാംശം. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ അധോതലപ്രവര്‍ത്തനങ്ങള്‍ ശക്തിയാര്‍ജ്ജിക്കുമത്രേ. ഫീസ് നിയന്ത്രിക്കുമ്പോള്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് അധികൃതര്‍ മറ്റ് പലതരത്തില്‍ പണം ഈടാക്കുവാന്‍ ശ്രമിക്കും. അതുകൊണ്ട് ശക്തമായ നിയന്ത്രണസംവിധാനങ്ങള്‍ അഭികാമ്യമല്ല. കര്‍ശനമായ മാനദണ്ഡങ്ങള്‍ വെക്കുമ്പോള്‍ മെഡിക്കല്‍ കോളേജ് ‘ബിസിനസ്’ രംഗത്തേക്കിറങ്ങുവാന്‍ പലരും മടിക്കും.

അതുകൊണ്ട് അത്തരം നിലപാടുകള്‍ എന്‍.എം.സി സ്വീകരിക്കില്ല. അടിസ്ഥാനപഠനസൗകര്യങ്ങള്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ അത്രവലിയ പ്രാധാന്യം നല്‍കേണ്ടതില്ല. അവ ആവശ്യമായ രീതിയില്‍ ഇല്ലാത്ത കോളേജുകള്‍ക്കും പ്രവര്‍ത്താനാനുമതി ലഭിക്കും. പിഴശിക്ഷ മാത്രമെ ഉണ്ടാവൂ. കോളേജുകളില്‍ നിഷ്‌കൃഷ്ടമായ വിലയിരുത്തലുകള്‍ക്കായി പരിശോധനാ ടീം വരില്ല. അഥവാ വന്നാല്‍ അവര്‍ താല്‍ക്കാലികമായി വിലക്കെടക്കപ്പെട്ട പരിശോധകരായിരിക്കും. ശാന്തം പാവം! തലയില്‍ കൈവെച്ച് പോവാതിരിക്കാന്‍ നാം നിശ്ചയമായും പാട് പെടേണ്ടിവരിക തന്നെ ചെയ്യും.

സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വര്‍ധിപ്പിക്കുവാനോ പുതിയ പി.ജി കോഴ്സുകള്‍ ആരംഭിക്കുവാനോ എം.സി.ഐയുടേത് പോലെ കര്‍ശനമായ ചിട്ടവട്ടങ്ങളോ മാനദണ്ഡങ്ങളോ ഇല്ല. ആര്‍ക്കും പാലിക്കാവുന്ന ലളിതമായ വ്യവസ്ഥകള്‍ മാത്രം. ട്രോളുകളില്‍ കാണുന്നതുപോലെ ഓലമേഞ്ഞ മേല്‍ക്കൂരയും കാലൊടിഞ്ഞ ബെഞ്ചുകളുമുള്ള അഞ്ചുസെന്റിലെ മെഡിക്കല്‍ കോളജുകള്‍ പിന്നീട് ഒട്ടും അപൂര്‍വ്വമാവില്ല തന്നെ.

മെഡിക്കല്‍ രംഗം അടിമുടി ഉടച്ചുവാര്‍ക്കുവാന്‍ എന്‍.എം.സി നിര്‍ദേശിക്കുന്ന മറ്റൊരു പുതിയ മാര്‍ഗം നെക്‌സ് (നാഷണല്‍ എക്‌സിറ്റ് എക്‌സാം) പരീക്ഷകളാണ്. അവസാന വര്‍ഷ എം.ബി.ബി.എസ് പരീക്ഷയായും പോസ്റ്റ് ഗ്രാജ്വേറ്റ് പഠനത്തിനുള്ള മാനദണ്ഡമായും രണ്ടു റോളുകാര്‍ ഈ പരീക്ഷ കൈയാളും. ഇന്ത്യ മുഴുവന്‍ ഒരേ അടിസ്ഥാന യോഗ്യതയായും ഫൈനലിയര്‍ പരീക്ഷ നടത്തുന്നത് അഭികാമ്യമാണെങ്കിലും അതിന്റെ മറവില്‍ പി.ജി പഠനത്തിന് അടിസ്ഥാനയോഗ്യമായും ആ മാര്‍ക്കുകാര്‍ പരിഗണിക്കുന്നിടത്താണ് എതിര്‍ ശബ്ദങ്ങള്‍ ഉയരുന്നത്.

ഒരു പ്രാവശ്യം ഒരു വിദ്യാര്‍ത്ഥി നെക്സ്റ്റ് എഴുതിക്കഴിഞ്ഞാല്‍ ജീവിതകാലമത്രയും അവന്റെ പി.ജി പഠനത്തിന്റെ ടിക്കറ്റഅ എന്നെന്നേക്കുമായി തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. ആ പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാവും അവ പി.ജി സീറ്റിനുള്ള യോഗ്യത പരിഗണിക്കപ്പെടുന്നത്. ജീവിതത്തിലൊരിക്കലും കുറച്ചുകൂടി നന്നായി പഠിച്ചെഴുതി കൂടുതല്‍ ഉയര്‍ന്ന മാര്‍ക്കിലേക്കും അതുവഴി പി.ജി പഠനത്തിലേക്കുമുള്ള വഴി അവന് വെട്ടിത്തുറക്കാനാവില്ല.

ഏതൊരു മികച്ച വിദ്യാര്‍ത്ഥിക്കും മെഡിസിന്‍ പരീക്ഷകളിലെ ‘സര്‍പ്രൈസ് ഷോക്ക്’ ആയ ക്ലിനിക്കല്‍ കേസുകള്‍ ചിലപ്പോഴെങ്കിലും മികച്ച രീതിയില്‍ അവതരിപ്പിക്കാനോ വിലയിരുത്തുവാനോ കഴിഞ്ഞെന്നുവരില്ല. ആ ഒരൊറ്റ ശ്രമഭംഗത്തിന് ജീവിതകാലം മുഴുവന്‍ അവന് ഉപരിപഠനം നിഷേധിക്കപ്പെടുകയാണ്.

ശരിയായ പൂച്ച ഇനിയും പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. എന്‍.എം.സി ആക്ടിലെ സെക്ഷന്‍ 32 പ്രകാരം സാമൂഹിക ആരോഗ്യ ദാതാക്കള്‍ (community health provider) എന്നൊരു സംവര്‍ഗ്ഗത്തെ ആരോഗ്യരംഗത്തേക്ക് കൊണ്ടുവരുന്നുണ്ട്. ലാബ് ടെക്‌നീഷ്യന്മാര്‍, ഫാര്‍മസി അസിസ്റ്റന്റുമാര്‍ രക്തവും മറ്റും പരിശോധനയ്ക്കായി ശേഖരിക്കുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം തന്നെ ഈ ആരോഗ്യപട്ടം ലഭിക്കും. ഇവര്‍ക്കൊക്കെ നിയന്ത്രിതമായി ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാന്‍ പിന്നീട് ഒരു തടസവുമുണ്ടാവില്ല.

ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആധുനിക വൈദ്യശാസ്ത്ര ചികിത്സകരുടെ മൂന്നിലൊന്നിന് ഇത്തരം ലൈസന്‍സ് നല്‍കാനാണ് എന്‍.എം.സി വ്യവസ്ഥ ചെയ്യുന്നത്. അതായത് മൂന്നരലക്ഷത്തോളം സാമൂഹിക ആരോഗ്യദാതാക്കള്‍ ഗ്രാമങ്ങളില്‍ ആധുനിക വൈദ്യശാസ്ത്രം നിയമപരിരക്ഷയോടെ ഇനി പ്രാക്ടീസ് ചെയ്യും. ഗാന്ധിജി പറഞ്ഞ ഇന്ത്യയുടെ ഹൃദയം കിടക്കുന്ന ഗ്രാമങ്ങളിലാവും ഇവരുടെ സേവനമെന്നു കൃത്യമായി നിഷ്‌കര്‍ഷിക്കുന്നുണ്ട് എന്‍.എം.സി. ഗ്രാമീണരുടെ ജീവന് നഗരവാസികളുടെ ജീവന്റെ അത്ര വിലയില്ലയെന്ന് നിയമത്തില്‍ വ്യവസ്ഥപ്പെടുത്തുകയാണ് സര്‍ക്കാര്‍. ഗ്രാമങ്ങളിലെ രണ്ടാം തരം പൗരന്മാര്‍ പോയി തുലയട്ടെ!

നിയമാനുസൃത വ്യാജ ചികിത്സകരെ സൃഷ്ടിക്കുന്നത് രാജ്യത്തിന്റെ ആരോഗ്യത്തിനു നേരെ തിരിക്കുന്ന തോക്കുകളാണെന്ന് നമ്മുടെ ഭരണാധികാരികള്‍ മനസിലാക്കാതെ പോവുന്നു എന്നതാണ് അത്ഭുതം. ഇന്ത്യയുടെ ആരോഗ്യം കടുത്ത വെല്ലുവിളികളെ നേരിടും എന്ന് ഉറപ്പ്.
ശരീരമാദ്യം ഖലു ധര്‍മ്മ സാധനം എന്ന വചനം പ്രാചീന ഇന്ത്യന്‍ സംസ്‌കാരത്തില്‍ അഭിമാനം കൊള്ളുന്നവര്‍ സൗകര്യത്തില്‍ മറന്നുകളയുന്നു.

അഴിമതിയ്ക്കായി എങ്ങനെ വാതില്‍ തുറന്നിടണം എന്നു പഠിക്കുന്നവര്‍ക്ക് സമഗ്രമായ ഒരു പാഠപുസ്തകമാണ് എന്‍.എം.സിയുടെ നിയമാവലി. 85 ശതമാനത്തോളം മെഡിക്കല്‍ സീറ്റുകളില്‍ ഇപ്പോള്‍ സര്‍ക്കാരിന് നിയന്ത്രണമുള്ളപ്പോള്‍ ഇനി മുതല്‍ 56 ശതമാനം സീറ്റുകളില്‍ മാത്രം ഫീസ് നിയന്ത്രണമുണ്ടാവൂ. അതുപോലും എത്രമാത്രം കര്‍ശനമാക്കുമ്പോള്‍ കഴിയും എന്ന് വ്യക്തമാക്കപ്പെടുന്നില്ല. ബാക്കി 50 ശതമാനം സീറ്റുകളിലാവട്ടെ ഫീ,സ് എത്രയാണെങ്കിലും നിശ്ചയിക്കുന്നതിന് അവര്‍ക്ക് ഔദ്യോഗിക അംഗീകാരവുമുണ്ട്.

സമ്പന്നനെ വൈദ്യശാസ്ത്രപഠനത്തിന്റെ ദന്തഗോപുരങ്ങളില്‍ അവരോധിക്കുകയും പാവപ്പെട്ടവന് കുമ്പിളില്‍ മാത്രം കഞ്ഞി ഉറപ്പുവരുത്തുകയുമാണ് സര്‍ക്കാര്‍ ഇതുവഴി ലക്ഷ്യമിടുന്നതെന്ന് വ്യക്തം. താങ്ങാനാവാത്ത ഫീസിന് മുന്നില്‍ സാധാരണക്കാരന്‍ പകച്ചുനില്‍ക്കുമ്പോള്‍ നാണയകിലുക്കത്തിന്റെ ഓപ്പണ്‍ മന്ത്രം കൊണ്ടുമാത്രം തുറക്കുന്ന ആധുനിക മാന്ത്രികകവാടങ്ങള്‍ വൈദ്യശാസ്ത്രപഠനശാലകള്‍ക്ക് മുന്നില്‍ പണിതുയര്‍ത്തിക്കഴിഞ്ഞു. പാവപ്പെട്ടവന്റെ ചെവിയില്‍ ഉരുക്കി ഒഴിക്കാനുള്ള ഈയം മാത്രമാവും ഒരു പക്ഷെ തയ്യാറാകാനുള്ളത്.

കോളേജുകളില്‍ ആവശ്യമായ പഠനസൗകര്യങ്ങളില്ലെങ്കില്‍ പിഴശിക്ഷയാണല്ലോ എന്‍.എം.സി വിധിക്കുക. അത് ഒരു ബാച്ചിന്റെ മൊത്തം ഫീസിന്റെ പകുതിയോ മൊത്തം ഫീസിന്റെ പത്തിരട്ടിയോ ആവാം. ആ നിര്‍ണായക തീരുമാനമെടുക്കുന്നതിന്റെ അവകാശം മെഡിക്കല്‍ അസസ്‌മെന്റ് ആന്റ് റഗുലേറ്ററി ബോര്‍ഡിനായിരിക്കും (MARB). അത്തരമൊരു തീരുമാനത്തിന്റെ വില എത്ര കോടികളായിരിക്കണം എന്നുറപ്പുവരുത്തുന്ന ചര്‍ച്ചകളാവും എന്‍.എം.സി അംഗങ്ങളുടെ പ്രധാന ഒഴിവുസമയ ധൈഷണിക വ്യായാമം. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ കൂണുകള്‍ പോലെ പൊട്ടിമുളക്കുന്നതും അഴിമതി ദിനചര്യയും ആഘോഷമാവുന്നതും എത്രത്തോളം പോവും എന്നുമാത്രമാണ് സത്യത്തില്‍ അറിയാനിരിക്കുന്നത്.

ഇന്ത്യയിലെ 506 മെഡിക്കല്‍ കോളേജുകളില്‍ 292 എണ്ണം സ്വകാര്യ മെഡിക്കല്‍ കോളേജുകളാണ്. ആകെയുള്ള 68000 ത്തോളം സീറ്റുകളില്‍ 36000 ത്തോളം പാവപ്പെട്ടവന് സര്‍ക്കാര്‍ ഫീസില്‍ പഠിക്കാവുന്ന 18000 സീറ്റുകളാണ് പ്രതിവര്‍ഷം നഷ്ടപ്പെടുന്നത്.

ഇന്ത്യയില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റേയും ആധുനിക വൈദ്യശാസ്ത്രപ്രാക്ടീസിന്റേയും മരണമണി മുഴങ്ങിക്കഴിഞ്ഞു. ലോകമെമ്പാടും പുകള്‍പ്പെറ്റ ഇന്ത്യന്‍ ആധുനിക വൈദ്യശാസ്ത്ര ചികിത്സകള്‍ അനതിവിദൂരഭാവിയില്‍ ഒരു കനല്‍ പോലെ പൊലിഞ്ഞുപോയേക്കാം.
ക്രൈ മൈ ബിലവഡ് കണ്‍ട്രി…