
കോടതി ഉത്തരവ് നടപ്പാക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിമാര്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കുമുള്ള കത്തില്‍ നിര്‍ദേശിച്ചു.
ന്യൂദല്‍ഹി: സിനിമാ പ്രദര്‍ശനത്തിനു മുന്‍പ് എല്ലാ തിയേറ്ററുകളിലും ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര നിര്‍ദേശം.
കോടതി ഉത്തരവ് നടപ്പാക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിമാര്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കുമുള്ള കത്തില്‍ നിര്‍ദേശിച്ചു. സുപ്രീം കോടതി നവംബര്‍ 30ന് നല്‍കിയ ഉത്തരവിന്റെ പകര്‍പ്പും കത്തിനൊപ്പം ലഭ്യമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ആറിനു ചീഫ് സെക്രട്ടറിമാര്‍ക്കു കത്തെഴുതിയെന്നാണ് ഇന്നലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ഓരോ പ്രദര്‍ശനത്തിനും മുമ്പായി സിനിമാശാലകളില്‍ ദേശീയഗാനം കേള്‍പ്പിക്കണം, സിനിമാഹാളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ഹാളിലുള്ള എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം, ദേശീയ ഗാനത്തിന് തടസ്സമുണ്ടാകാത്ത വിധത്തില്‍ സിനിമാ ഹാളിലേക്ക് കടക്കാനും പുറത്തിറങ്ങാനുമുള്ള വാതിലുകള്‍ ദേശീയഗാനം കേള്‍പ്പിക്കുന്ന സമയത്ത് അടച്ചിടണം തുടങ്ങി എട്ട് നിര്‍ദേശങ്ങളാണ് കോടതി ഉത്തരവിലുള്ളത്.
ഭിന്നശേഷിക്കാര്‍ എങ്ങനെ ദേശീയഗാനത്തോട് ആദരവു കാണിക്കണമെന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ 10 ദിവസത്തിനകം മാര്‍ഗരേഖ പുറത്തിറക്കുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി കഴിഞ്ഞ 9ന് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ നടപടിയുണ്ടായോയെന്നു മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
നവംബര്‍ 30നാണ് സിനിമാ പ്രദര്‍ശനത്തിന് മുന്‍പായി രാജ്യത്തെ എല്ലാ തിയേറ്ററുകളിലും ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത്. ജനങ്ങള്‍ ദേശീയഗാനത്തേയും ദേശീയ പതാകയേയും ബഹുമാനിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നും ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ സ്‌ക്രീനില്‍ ദേശീയ പതാകയായിരിക്കണം പ്രദര്‍ശിപ്പിക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ദേശീയഗാനത്തെ നാടകീയവത്ക്കരിക്കുകയോ വാണിജ്യപരമായി ചൂഷണം ചെയ്യുകയോ പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ദേശീയഗാനത്തെ ചൂഷണം ചെയ്യുന്നതിനും അപമാനിക്കുന്നതിനുമെതിരെ ഭോപ്പാല്‍ സ്വദേശിയായ ശ്യാം നാരായണ്‍ ചൗസ്‌ക്കി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദീപക്ക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിനു പിന്നാലെ തിരുവനന്തപുരത്ത് നടന്ന രാജ്യാന്ത ചലച്ചിത്ര മേളയില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതില്‍ ഇളവ് നല്‍കണമെന്ന ഹര്‍ജിയും സുപ്രീം കോടതി തള്ളിയിരുന്നു.
ഐ.എഫ്.ഐ.കെയില്‍ ദേശീയഗാനം കേള്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണ്. ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ഭിന്നശേഷിയുള്ളവര്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്നും ബാക്കി എല്ലാവരും എഴുന്നേറ്റ് നിന്ന് ദേശീയഗാനത്തെ ബഹുമാനിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഫിലിം ഫെസ്റ്റിവലില്‍ ഒരേ തിയേറ്ററില്‍ ഒരു ദിവസം തന്നെ അഞ്ചിലേറെ തവണ പ്രദര്‍ശനങ്ങളുണ്ടാകുമെന്നും അപ്പോള്‍ വിദേശികളുള്‍പ്പെടെ അഞ്ചിലേറെ തവണ എഴുന്നേറ്റ് നില്‍ക്കേണ്ടി വരുമെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞപ്പോള്‍ അഞ്ച് തവണയെന്നല്ല ആവശ്യമെങ്കില്‍ 20 തവണ വിദേശികള്‍ എഴുന്നേറ്റു നില്‍ക്കേണ്ടി വരുമെന്നായിരുന്നു ജഡ്ജിയുടെ പരാമര്‍ശം.
ചലച്ചിത്ര മേളയില്‍ ദേശീയഗാനത്തിനിടെ എഴുന്നേറ്റില്ലെന്നാരോപിച്ച് പത്തോളം ഡെലിഗേറ്റുകളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവവും ഉണ്ടായിരുന്നു.
