'ലോകഃ'യുടെ എല്ലാ രഹസ്യങ്ങളും അങ്ങനെ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്: നസ്‌ലെന്‍
Malayalam Cinema
'ലോകഃ'യുടെ എല്ലാ രഹസ്യങ്ങളും അങ്ങനെ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്: നസ്‌ലെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th August 2025, 6:53 am

മലയാള സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസിന്റെ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യചിത്രമാണ് ഇത്.

മൂന്ന് സിനിമകളുള്ള സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായാണ് ലോകഃ ഒരുങ്ങുന്നത്. കല്യാണി പ്രിയദര്‍ശന്‍, നസ്‌ലെന്‍ എന്നിവരാണ് സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും സര്‍പ്രൈസിങ്ങായിരുന്നു.

സിനിമയുടെ ടീം പുറത്ത് വിടാന്‍ ആഗ്രഹിച്ച കാര്യങ്ങളല്ലാതെ ഒരു സ്റ്റില്‍ പോലും ഈ ചിത്രത്തിന്റേതായി പുറത്തു വന്നിട്ടില്ല. ‘എങ്ങനെയാണ് ലോകഃ സിനിമയുടെ കാര്യങ്ങള്‍ ഇത്ര രഹസ്യമായി കൊണ്ടുനടന്നത്’ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നസ്‌ലെന്‍.

പ്രൊഡക്ഷന്റെ സൈഡില്‍ നിന്നുള്ള തീരുമാനമായിരുന്നു അതെന്നാണ് നടന്‍ പറയുന്നത്. അവര്‍ക്കാണ് എല്ലാ ക്രെഡിറ്റും പോകുന്നതെന്നും സിനിമയുമായി ബന്ധപ്പെട്ട എല്ലാ സീക്രസികളും കീപ്പ് ചെയ്തത് പ്രൊഡക്ഷന്റെ ടീം തന്നെയാണെന്നും നസ്‌ലെന്‍ പറയുന്നു. ലോകഃയുടെ പ്രൊമോഷന്റെ ഭാഗമായി റിപ്പോര്‍ട്ടറിനോട് സംസാരിക്കുകയായിരുന്നു നടന്‍.

‘ഞങ്ങളോട് കാര്യങ്ങളൊന്നും പുറത്ത് പറയരുതെന്ന് പറഞ്ഞിരുന്നു. കാരണം അത്തരമൊരു സിനിമയാണ് ലോകഃ. പ്രേക്ഷകര്‍ ആ എക്‌സൈറ്റ്‌മെന്റ് തിയേറ്ററില്‍ നിന്നുതന്നെ എക്‌സ്പീരിയന്‍സ് ചെയ്യണം. അല്ലെങ്കില്‍ അതിന്റെ രസം പോകും. ഈ പടത്തിന് സീക്രട്ടുകള്‍ അങ്ങനെ തന്നെ കീപ്പ് ചെയ്യുന്നതാണ് നല്ലത്,’ നസ്‌ലെന്‍ പറഞ്ഞു.

ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര:

നവാഗതനായ ഡൊമിനിക് അരുണാണ് ലോകഃ ചാപ്റ്റര്‍ വണ്ണിന്റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ചന്ദ്ര എന്ന അത്ഭുതസിദ്ധിയുള്ള പെണ്‍കുട്ടിയുടെ കഥയാണ് ഈ സിനിമ പറയുന്നത്. ചന്ദ്രയായി എത്തുന്നത് കല്യാണി പ്രിയദര്‍ശനാണ്.

തന്റെ ഗോത്രത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ചന്ദ്രയും അതിനിടയില്‍ അവള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളുമാണ് ചിത്രം പറയുന്നത്. കല്യാണിക്കും നസ്‌ലെനും പുറമെ അരുണ്‍ കുര്യന്‍, ചന്തു സലിംകുമാര്‍, തമിഴ് നടനും കൊറിയോഗ്രാഫറുമായ സാന്‍ഡി, വിജയരാഘവന്‍, നിഷാന്ത് സാഗര്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


Content Highlight: Naslen Talks About Lokah Movie’s Secret