മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട യുവനടനാണ് നസ്‌ലെന്‍. കുറഞ്ഞ സിനിമകളിലൂടെ തന്നെ വിജയനടന്മാരില്‍ ഒരാളായി മാറിയ നസ്‌ലെന്റെ ഏറ്റവും അവസാനമായി ഇറങ്ങിയ ചിത്രമായിരുന്നു ആലപ്പുഴ ജിംഖാന. സ്‌പോര്‍ട്‌സ് – കോമഡി ഴോണറില്‍ എത്തിയ ഈ സിനിമ ബോക്‌സിങ് പശ്ചാത്തലമാക്കിയാണ് ഒരുങ്ങിയത്.
ചിത്രത്തില്‍ ജോജോ എന്ന കഥാപാത്രമായിട്ടായിരുന്നു നസ്‌ലെന്‍ എത്തിയത്. ആ കഥാപാത്രത്തിനായി നടന്‍ ബോഡി ട്രാന്‍സ്‌ഫോര്‍മേഷനും നടത്തിയിരുന്നു. തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ ഒരുക്കിയ ചിത്രമായിരുന്നു ഇത്.
ഇപ്പോള്‍ ആലപ്പുഴ ജിംഖാനയുടെ സമയത്ത് സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ തന്നോട് തന്റെ ‘മുഖം കണ്ടാല്‍ നോക്കാന്‍ പോലും തോന്നരുത്’ എന്ന് പറഞ്ഞിരുന്നുവെന്ന് പറയുകയാണ് നസ്‌ലെന്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘എന്നോട് റഹ്‌മാനിക്ക പറഞ്ഞത് ‘നിന്റെ മുഖം കാണാന്‍ വലിഞ്ഞിരിക്കണം’ എന്നായിരുന്നു. ‘മുഖം കണ്ടാല്‍ നോക്കാന്‍ പോലും തോന്നരുത്’ എന്നും പറഞ്ഞു. ജോ ലൈന്‍ കാണണമെന്നൊക്കെയാണ് പറഞ്ഞിരുന്നത്.
ലുക്ക് ടെസ്റ്റിന്റെ ദിവസം റഹ്‌മാനിക്ക എന്റെ അടുത്തേക്ക് വന്നിട്ട് മുഖമൊക്കെ നോക്കിയിരുന്നു. ‘എവിടെ, കവിള് പോയിട്ടൊന്നുമില്ല. കവിള് ആകെ ചാടികിടക്കുകയാണ്’ എന്നൊക്കെയാണ് എന്നോട് പറഞ്ഞത്,’ നസ്‌ലെന്‍ പറയുന്നു.
അഭിമുഖത്തില്‍ തനിക്ക് ക്രിക്കറ്റാണ് ഇഷ്ടമെന്നും എന്നാല്‍ ആലപ്പുഴ ജിംഖാന ചെയ്തപ്പോള്‍ ബോക്‌സിങ് ഒരുപാട് ഇഷ്ടമായെന്നും നടന്‍ പറയുന്നു. സ്‌ട്രെസൊക്കെ കുറക്കുന്ന ഒരു പരിപാടിയാണ് ബോക്‌സിങ്ങെന്നും നസ്‌ലെന്‍ പറഞ്ഞു.
‘ബോക്‌സിങ് എനിക്ക് വേണ്ട. പക്ഷെ എനിക്ക് ആലപ്പുഴ ജിംഖാന ചെയ്തപ്പോള്‍ ബോക്‌സിങ് ഒരുപാട് ഇഷ്ടമായി. സ്‌ട്രെസൊക്കെ കുറക്കുന്ന ഒരു പരിപാടിയാണ് ബോക്‌സിങ്.
ഇടി കൊടുക്കുമ്പോള്‍ നല്ല സാറ്റിസ്ഫാക്ഷനാണ്, പക്ഷെ അതുപോലെ തന്നെയാണ് ഇടി കിട്ടുമ്പോഴും (ചിരി). അതും ശരിക്കുമുള്ള ഒരു ബോക്‌സറിന്റെ അടുത്ത് നിന്ന് കിട്ടണം. പക്ഷെ എനിക്ക് എപ്പോഴും ഇഷ്ടം ക്രിക്കറ്റാണ്,’ നസ്‌ലെന്‍ പറയുന്നു.
Content Highlight: Naslen Talks About Khalid Rahman And Alappuzha Gymkhana Movie