ഞാന്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ചിത്രങ്ങള്‍ അവയാണ്; താത്പര്യമുള്ള സിനിമകള്‍ ആദ്യ ഷോ കണ്ടാണ് ശീലം: നസ്‌ലെന്‍
Entertainment
ഞാന്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ചിത്രങ്ങള്‍ അവയാണ്; താത്പര്യമുള്ള സിനിമകള്‍ ആദ്യ ഷോ കണ്ടാണ് ശീലം: നസ്‌ലെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st April 2024, 9:33 pm

വിഷു റിലീസായി എത്തി വന്‍വിജയ കുതിപ്പ് നടത്തുന്ന ചിത്രമാണ് ആവേശം. രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയില്‍ ഫഹദ് ഫാസിലാണ് നായകനായി എത്തിയത്.

ഫഹദ് ഫാസില്‍ രംഗന്‍ എന്ന കഥാപാത്രമായി എത്തിയ ചിത്രത്തില്‍ പ്രണവ് രാജ്, മിഥുന്‍ ജയശങ്കര്‍, റോഷന്‍ ഷാനവാസ് എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു. മൂവരും ഈയിടെ ഒരു അഭിമുഖത്തില്‍ നടന്‍ നസ്‌ലെന്‍ തങ്ങള്‍ക്ക് മെസേജ് അയച്ച് അഭിനന്ദിച്ച കാര്യം തുറന്നു പറഞ്ഞിരുന്നു.

ഒപ്പം തിയേറ്ററില്‍ വെച്ച് നസ്‌ലെന്‍ താരങ്ങളോട് സംസാരിക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു. ഇപ്പോള്‍ താന്‍ ഏറെ കാത്തിരുന്ന സിനിമയാണ് ആവേശമെന്ന് പറയുകയാണ് നസ്‌ലെന്‍. ആടുജീവിതവും ആവേശവും താന്‍ ആദ്യദിനം ആദ്യ ഷോ കണ്ടിരുന്നെന്നും താരം പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നസ്‌ലെന്‍.

‘ആവേശം ഞാന്‍ ഒരുപാട് കാത്തിരുന്ന ഒരു സിനിമയാണ്. ആവേശം മാത്രമല്ല, ആടുജീവിതവും. ഈ സിനിമകള്‍ ഞാന്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ പോയി കണ്ടിട്ടുണ്ട്. മിക്ക പടങ്ങളും ഞാന്‍ അങ്ങനെ പോയി കാണുന്നതാണ്. അത് സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ ഉള്ള ശീലമാണ്. താത്പര്യം തോന്നുന്ന സിനിമകള്‍ ആദ്യ ഷോ പോയി കാണുന്നതാണ്,’ നസ്‌ലെന്‍ പറയുന്നു.

താരത്തിന്റേതായി അവസാനം തിയേറ്ററില്‍ എത്തിയ ചിത്രമാണ് പ്രേമലു. ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു.

നസ്‌ലെന്‍ സച്ചിന്‍ എന്ന കഥാപാത്രമായി എത്തിയ ചിത്രത്തില്‍ മമിത ബൈജു, ശ്യാം മോഹന്‍ എന്നിവരാണ് ഒന്നിച്ചത്. ഒരുപാട് നാളിന് ശേഷം മലയാളത്തില്‍ എത്തിയ മികച്ച റോമാന്റിക് -കോമഡി എന്റര്‍ടൈനറായാണ് ചിത്രത്തെ കണക്കാക്കുന്നത്.


Content Highlight: Naslen Talks About Aavesham And Aadujeevitham Movie