ഗിരീഷ് എ.ഡി മലയാളികള്‍ക്ക് സമ്മാനിച്ച നടനാണ് നസ്ലെന്‍. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥ പറഞ്ഞ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ നസ്ലെന്റെ കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചുരുക്കം സിനിമകളിലൂടെ മലയാളത്തിന്റെ മുന്‍നിരയിലേക്ക് കടക്കാന്‍ നസ്ലെന് സാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ പ്രേമലുവിലൂടെ കേരളത്തിന് പുറത്തും നസ്ലെന്‍ ശ്രദ്ധേയനായി. പ്രേമലു തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും വലിയ സ്വീകാര്യതയാണ് നസ്ലെന് നേടിക്കൊടുത്തത്.
നസ്ലെന്‍ നായകനായി ഇന്ന് (വ്യാഴം) തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് ആലപ്പുഴ ജിംഖാന. ആലപ്പുഴ ജിംഖാനയുടെ പ്രമോഷന്‍ പരിപാടിക്കായി അണിയറക്കാര്‍ ചെന്നൈ എസ്.ആര്‍.എം യൂണിവേഴ്സിറ്റിയില്‍ എത്തിയപ്പോള്‍ തെലുങ്ക് ഓഡിയന്‍സിനായി നസ്ലെന്‍ ബാലയ്യക്ക് ജയ് പറഞ്ഞത് തമിഴ്നാട്ടില്‍ മാത്രമല്ല സാമൂഹിക മാധ്യമങ്ങളിലൊട്ടാകെ വൈറലായിരിക്കുകയാണ്. ഇപ്പോള്‍ ഇതേ കുറിച്ച് സംസാരിക്കുകയാണ് നസ്ലെന്‍.
കോളേജില്‍ പോയപ്പോള്‍ തെലുങ്ക് ഓഡിയന്‍സ് പറഞ്ഞതനുസരിച്ച് ‘ജയ് ബാലയ്യ’ എന്ന് വിളിച്ചതാണെന്ന് നസ്ലെന്‍ പറയുന്നു. അല്ലാതെ വെറുതെ സ്റ്റേജില്‍ കയറി ബാലയ്യ എന്ന് വിളിക്കാന്‍ തനിക്ക് വട്ടില്ലെന്നും നസ്ലെന്‍ പറഞ്ഞു. ആലപ്പുഴ ജിംഖാനയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നസ്ലെന്‍.
‘ഞാന്‍ അവിടെ പോയപ്പോള്‍ തെലുങ്ക് ഓഡിയന്‍സ് പറഞ്ഞതാണ് ‘ജയ് ബാലയ്യ’ എന്ന്. ഞാനായിട്ട് പറഞ്ഞതല്ല. എനിക്ക് വെറുതെ സ്റ്റേജില്‍ പോയിട്ട് ബാലയ്യ എന്ന് വിളിക്കാന്‍ വട്ടൊന്നും ഇല്ലല്ലോ. അവിടെ സ്റ്റുഡന്‍സ് എല്ലാവരും ബാലയ്യയുടെ പേര് വിളിച്ചപ്പോള്‍, അത് പറയേണ്ട സന്ദര്‍ഭം വന്നപ്പോള്‍ ഞാനും വിളിച്ചതാണ്,’ നസ്ലെന്‍ പറയുന്നു.