മമ്മൂക്കയുടെ വീടിന് മുന്‍പില്‍ പോയി നിന്ന കാലമുണ്ട്; ഞാന്‍ നോക്കുമ്പോള്‍ എന്നെപ്പോലുള്ള ഒരുകൂട്ടം ആളുകള്‍ അവിടെയുണ്ട്: നസ്‌ലെന്‍
Movie Day
മമ്മൂക്കയുടെ വീടിന് മുന്‍പില്‍ പോയി നിന്ന കാലമുണ്ട്; ഞാന്‍ നോക്കുമ്പോള്‍ എന്നെപ്പോലുള്ള ഒരുകൂട്ടം ആളുകള്‍ അവിടെയുണ്ട്: നസ്‌ലെന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd February 2024, 4:59 pm

മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങളെ കാണാന്‍ വേണ്ടി അവരുടെ വീടിന് മുന്‍പില്‍ പോയി നിന്ന ഒരു സമയം തനിക്കും ഉണ്ടായിരുന്നെന്ന് നടന്‍ നസ്‌ലെന്‍.

അദ്ദേഹത്തിന്റെ വീടിന് അടുത്തുകൂടി പോകുമ്പോള്‍ മമ്മൂക്കയെ ഒരു നോക്ക് കാണാന്‍ ആഗ്രഹിച്ചിട്ടുണ്ടെന്നും തന്നെപ്പോലെ ഒരുപാട് പേര്‍ അദ്ദേഹത്തെ കാണാനായി അവിടെ കാത്തുനില്‍ക്കുന്നത് കണ്ടിട്ടുണ്ടെന്നും നസ്‌ലെന്‍ പറഞ്ഞു. സിനിമയില്‍ എത്തുന്നതിന് മുന്‍പ് കാണാന്‍ ആഗ്രഹിച്ച നടന്മാര്‍ ആരൊക്കെയാണെന്ന ചോദ്യത്തിനായിരുന്നു നസ്‌ലെന്റെ മറുപടി.

എന്റെ വീട് കൊടുങ്ങല്ലൂരാണ്. ടൊവിനോ ചേട്ടന്‍ ഇരിങ്ങാലക്കുടയാണ്. ആ വഴിയൊക്കെയാണ് ഞങ്ങള്‍ പോകുക. ടൊവിനോ ചേട്ടന്റെ വീടിന് അടുത്തെത്തുമ്പോള്‍ കറങ്ങിനോക്കിയിട്ടുണ്ട്. പുറത്തെങ്ങാനുമുണ്ടോ എന്ന മട്ടില്‍.

അതുപോലെ മമ്മൂക്ക. പനമ്പിള്ളി നഗറിലെ അദ്ദേഹത്തിന്റെ വീടിന് മുന്‍പില്‍ പോയിട്ടുണ്ട്. നമ്മള്‍ നോക്കുമ്പോള്‍ അതുപോലെ നില്‍ക്കുന്ന കുറേപ്പേരെ അവിടെ കണ്ടിട്ടുണ്ട്. ഇന്ന് നമ്മളെ കാണാന്‍ ചിലരൊക്കെ ദൂരെ സ്ഥലങ്ങളില്‍ നിന്നൊക്കെ വരുന്നു. അതൊക്കെ വലിയൊരു ഭാഗ്യമാണ്, നസ്‌ലെന്‍ പറഞ്ഞു.

സിനിമയില്‍ കുറേ പേരുടെ കൂടെ ഫോട്ടോ എടുക്കാനൊക്കെ ആഗ്രഹിച്ചിരുന്നെന്നും അതൊക്കെ ഇപ്പോള്‍ സാധിച്ചുവരുന്നെന്നുമായിരുന്നു നടി മമിതയുടെ മറുപടി.

കൂടെ നിന്ന് ഫോട്ടോ എടുക്കണമെന്ന് ആഗ്രഹിച്ച ഒരാള്‍ മമ്മൂക്ക ആയിരുന്നു. അമ്മ മീറ്റിങ്ങിനിടെ അദ്ദേഹവുമായി ഒരു ഫോട്ടോ എടുക്കാന്‍ പറ്റിയെന്നും അഭിമുഖത്തില്‍ മമിത പറഞ്ഞു.

മമ്മൂക്കയുടെ കൂടെ ഒരു ഫോട്ടോ എടുക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. അമ്മ മീറ്റിങ്ങിനിടെ അത് സാധിച്ചു. കിട്ടില്ലെന്ന് കരുതിയതാണ്. അദ്ദേഹം ഒരുപാട് ഫോട്ടോയൊക്കെ എടുത്ത ശേഷം ഭക്ഷണം കഴിക്കാന്‍ പോകുകയാണ്. ഇനി പറ്റില്ല എന്ന് കൂടെയുള്ളവര്‍ പറയുന്നുണ്ട്.

ഫോട്ടോ എടുക്കാനായി ഞാന്‍ കുറേ നേരമായിട്ട് കാത്തുനില്‍ക്കുകയായിരുന്നു. അത് മനസിലാക്കിയെന്നോണം എന്നെ മമ്മൂക്ക ദൂരെ നിന്ന് കണ്ടപ്പോള്‍ അടുത്തേക്ക് വിളിച്ചു. ഫോട്ടോ എടുത്തു. അത് അന്ന് ഞാന്‍ ഇന്‍സ്റ്റഗ്രാമിലൊക്കെ ഷെയര്‍ ചെയ്തിരുന്നു,’ മമിത പറഞ്ഞു.

പ്രേമലുവിന്റെ ഭാഗമായി വിവിധ കോളേജിലൊക്കെ പോകുമ്പോള്‍ ഭയങ്കര റെസ്‌പോണ്‍സ് ആണ് കിട്ടുന്നതെന്നും അത് കാണുമ്പോള്‍ തന്നെ സന്തോഷമാണെന്നും താരങ്ങള്‍ പറഞ്ഞു.

എന്നേയും മമിതയേയും ഒന്നിച്ച് സ്‌ക്രീനില്‍ കാണാന്‍ ആളുകള്‍ കാത്തിരിക്കുന്നു എന്ന് മനസിലായി. അതില്‍ സന്തോഷമുണ്ട്. സൂപ്പര്‍ശരണ്യയില്‍ ആണെങ്കിലും ഞങ്ങള്‍ തമ്മില്‍ വലിയ സീനൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആ കോമ്പോ കാണാന്‍ ആളുകള്‍ക്ക് താത്പര്യമുണ്ടായിരുന്നു,’ നസ്‌ലെന്‍ പറഞ്ഞു.

Content Highlight: Naslen about fanmoment and mammootty