അദ്ദേഹത്തിന്റെ ശബ്‌ദം കേട്ട് ഞാൻ ഞെട്ടിപ്പോയി, കുറേക്കാലത്തിനുശേഷം ആ പാട്ടിലൂടെ അവാർഡും നേടി: കമൽ
Entertainment
അദ്ദേഹത്തിന്റെ ശബ്‌ദം കേട്ട് ഞാൻ ഞെട്ടിപ്പോയി, കുറേക്കാലത്തിനുശേഷം ആ പാട്ടിലൂടെ അവാർഡും നേടി: കമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd February 2024, 4:52 pm

മലയാളത്തിൽ വലിയ വിജയമായ ചിത്രമായിരുന്നു നിറം.

കുഞ്ചാക്കോ ബോബൻ ശാലിനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി കമൽ സംവിധാനം ചെയ്ത ചിത്രം ക്യാമ്പസ് പ്രണയ ചിത്രമായിരുന്നു. യുവജനങ്ങൾക്കിടയിൽ തരംഗമായ സിനിമ കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു.

ചിത്രം പല ഭാഷകളിലേക്ക് പിന്നീട് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു. സിനിമ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ ഹിറ്റായിരുന്നു. മലയാളികൾ ഇന്നും ഏറ്റുപാടുന്ന ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയത് വിദ്യാസാഗറായിരുന്നു.

ചിത്രത്തിലെ,’പ്രായം തമ്മിൽ മോഹം നൽകി’ എന്ന ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ. ആ പാട്ട് ജയചന്ദ്രൻ പാടുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടെന്നാണ് കമൽ പറയുന്നത്.


ജയചന്ദ്രൻ വളരെ കൂളായിട്ടാണ് അത് പാടിയതെന്നും കുറെ വർഷത്തിന് ശേഷം ജയചന്ദ്രന് മികച്ച ഗായകനുള്ള അവാർഡ് നേടി കൊടുത്ത പാട്ടാണ് അതെന്നും കമൽ സൈന സൗത്ത് പ്ലസിനോട് പറഞ്ഞു.

 

‘ആ പാട്ടും ജയേട്ടന്റെ സൗണ്ട് കേട്ടപ്പോൾ ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി. ജയേട്ടൻ വളരെ കൂളായിട്ട് പാടുകയും ചെയ്തു. ആ പാട്ട് വലിയ ഹിറ്റായി. മറ്റ് ഗാനങ്ങളെക്കാൾ വലിയ ഹിറ്റായത് ആ പാട്ടായിരുന്നു. ജയേട്ടന് ബെസ്റ്റ് ഗായകനുള്ള അവാർഡ് കിട്ടി ആ വർഷം.

കുറേ വർഷത്തിന് ശേഷമായിരുന്നു ജയേട്ടന് അവാർഡ് കിട്ടുന്നത്. ഇതേ പടം തന്നെ പിന്നെ തെലുങ്കിലും റീമേക്ക്‌ ചെയ്തു,’കമൽ പറയുന്നു.

Content Highlight: Kamal Talk About jayachandran