കര്‍ഷക കരുത്തിന് മുന്നില്‍ വഴങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍ ; അഖിലേന്ത്യ കിസാന്‍ സഭ ലോങ് മാര്‍ച്ചിന് ഉജ്ജ്വല സമാപ്തി
India
കര്‍ഷക കരുത്തിന് മുന്നില്‍ വഴങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍ ; അഖിലേന്ത്യ കിസാന്‍ സഭ ലോങ് മാര്‍ച്ചിന് ഉജ്ജ്വല സമാപ്തി
യെലന കെ.വി
Saturday, 31st January 2026, 1:06 pm

മുംബൈ: വനാവകാശ നിയമം നടപ്പിലാക്കുക, കൃഷിഭൂമിക്ക് പട്ടയം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹാരാഷ്ട്രയില്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ നടത്തിയ ലോങ്ങ് മാര്‍ച്ച് വിജയകരമായി സമാപിച്ചു.

അഖിലേന്ത്യാ കിസാന്‍ സഭയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ‘ദി ഹിന്ദു’ റിപ്പോര്‍ട്ട് പ്രകാരം, വനാവകാശ നിയമപ്രകാരമുള്ള ഭൂമി കൈമാറ്റത്തിന് പുറമെ, ഉള്ളി കര്‍ഷകര്‍ക്ക് ക്വിന്റലിന് 600 രൂപ സബ്സിഡി നല്‍കുക, പന്ത്രണ്ട് മണിക്കൂര്‍ തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും മാര്‍ച്ചില്‍ ഉന്നയിച്ചിരുന്നു.

ജനുവരി 26ന് നാസിക് ജില്ലയിലെ ദിന്‍ഡോരി തഹസില്‍ ഓഫീസിന് പുറത്തു നടന്ന സമരത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഞായറാഴ്ച ലോങ്ങ് മാര്‍ച്ച് ആരംഭിച്ചതെന്ന് മുന്‍ എം.എല്‍.എ. ജെ.പി. ഗാവിത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 50,000-ത്തോളം കര്‍ഷകരാണ് അണിനിരന്നത്. പ്രക്ഷോഭം മുംബൈയുടെ അതിര്‍ത്തിയായ താനെയിലെ വസിന്ദിനടുത്തുള്ള ഭത്സ ജംഗ്ഷനില്‍ എത്തിയപ്പോഴേക്കും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കര്‍ഷക പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഭൂമി കൈമാറ്റം, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍, ജലസേചന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, ഉള്ളി കര്‍ഷകര്‍ക്കുള്ള ധനസഹായം തുടങ്ങിയ ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി.

സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതാണ് കര്‍ഷകരെ വീണ്ടും തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് കര്‍ഷകര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

Content Highlight: Nashik farmers conclude long march after Maharashtra government agrees to demands

യെലന കെ.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.