ഉടലിന്റെ ഹിന്ദി റീമേക്ക് വരുന്നു; ഇന്ദ്രന്‍സിന്റെ റോളിലെത്തുന്നത് ഈ ബോളിവുഡ് ഇതിഹാസം
Entertainment news
ഉടലിന്റെ ഹിന്ദി റീമേക്ക് വരുന്നു; ഇന്ദ്രന്‍സിന്റെ റോളിലെത്തുന്നത് ഈ ബോളിവുഡ് ഇതിഹാസം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th September 2022, 12:07 pm

മലയാളത്തില്‍ ഏറെ പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രമായിരുന്നു ഉടല്‍. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ദ്രന്‍സ്, ദുര്‍ഗ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന്‍, ജൂഡ് ആന്തണി ജോസഫ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നത്.

ഇപ്പോള്‍ ഉടലിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുകയാണ്. ഇന്ദ്രന്‍സ് അവതരിപ്പിച്ച കഥാപാത്രമായെത്തുന്ന നസീറുദ്ദീന്‍ ഷാ ആണെന്നാണ് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ താരത്തെ സമീപിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

”ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികളിലാണ് അണിയറപ്രവര്‍ത്തകര്‍. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.

നസീറുദ്ദീന്‍ ഷായുടെ കഥാപാത്രം മികച്ച രീതിയില്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് അദ്ദേഹത്തിന്റെ പുതിയ ഷേഡ് ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയിലാണ് ടീം,” സിനിമാ സോഴ്‌സുകളെ ഉദ്ധരിച്ച് പിങ്ക്‌വില്ല പറയുന്നു.

ഗോകുലം ഗോപാലന്റെ നിര്‍മാണത്തില്‍ രതീഷ് രഘുനന്ദന്‍ തന്നെയായിരിക്കും ഉടലിന്റെ ഹിന്ദി റീമേക്കും സംവിധാനം ചെയ്യുക.

കാഴ്ചക്ക് പ്രശ്‌നമുള്ള കുട്ടിച്ചായന്‍ എന്ന വൃദ്ധന്റെ റോളിലായിരുന്നു ഇന്ദ്രന്‍സ് ഉടലില്‍ എത്തിയിരുന്നത്. താരത്തിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.

റിവഞ്ച് ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങിയ ഉടലിലെ അഭിനയത്തിന് നടി ദുര്‍ഗാ കൃഷ്ണക്ക് ജെ.സി ഡാനിയല്‍ പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകളും ലഭിച്ചിരുന്നു.

മേയ് 20നായിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും രതീഷ് രഘുനന്ദന്‍ തന്നെയായിരുന്നു.

Content Highlight: Naseeruddin Shah to play the lead role in the Hindi remake of Malayalam movie Udal