'ഞാൻ ഒരു ഹിന്ദു സ്ത്രീയെയാണ് വിവാഹം കഴിച്ചത്'; ലൗ ജിഹാദ് കൊണ്ടുവന്നവരുടെ ലക്ഷ്യം ഹിന്ദു മുസ്‌ലിം വിവാഹം ഇല്ലാതാക്കൽ മാത്രമല്ല; വിമർശനവുമായി നസറുദ്ദീൻ ഷാ
national news
'ഞാൻ ഒരു ഹിന്ദു സ്ത്രീയെയാണ് വിവാഹം കഴിച്ചത്'; ലൗ ജിഹാദ് കൊണ്ടുവന്നവരുടെ ലക്ഷ്യം ഹിന്ദു മുസ്‌ലിം വിവാഹം ഇല്ലാതാക്കൽ മാത്രമല്ല; വിമർശനവുമായി നസറുദ്ദീൻ ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th January 2021, 8:49 pm

മുംബൈ: രാജ്യത്ത് ലൗ ജിഹാദിന്റെ പേരിൽ രൂപപ്പെട്ടുവരുന്ന വിഭാ​ഗീയതയിൽ ആശങ്കയറിയിച്ച് മുതിർന്ന നടൻ നസറുദ്ദീൻ ഷാ. ഒരു അഭിമുഖത്തിലായിരുന്നു ഉത്തർപ്രദേശിൽ ലൗ ജിഹാദിന്റെ പേരിൽ നടക്കുന്ന സംഭവങ്ങളെ നസറുദ്ദീൻ ഷാ ശക്തമായ ഭാഷയിൽ വിമർശിച്ചത്.

”ഇപ്പോൾ രാജ്യത്ത് തീരുമാനങ്ങളെടുക്കുന്ന രീതിയിൽ എനിക്ക് വലിയ രോഷമുണ്ട്. യു.പിയിൽ നടക്കുന്ന ലൗ ജിഹാദ് പോലുള്ള കാര്യങ്ങൾ നോക്കൂ. ഒന്നാമതായി ഈ പ്രയോ​ഗത്തിന്റെ അർത്ഥം അതുണ്ടാക്കിയവർക്ക് പോലും അറിയില്ല. മുസ്‌ലിങ്ങൾ ഹിന്ദു ജനസംഖ്യയെ മറികടക്കുമെന്ന് ചിന്തിക്കുന്നത് തന്നെ വിഡ്ഢിത്തമാണെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു.

ലൗ ജിഹാദ് നിയമം ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിലുള്ള സമ്പർക്കം ഇല്ലാതാക്കാൻ കൊണ്ടുവന്നതാണെന്നും നസറുദ്ദീൻ ഷാ പറഞ്ഞു.
”അവരുടെ ലക്ഷ്യം മറ്റു മത വിശ്വാസികളുമായുള്ള വിവാഹം ഇല്ലാതാക്കുക മാത്രമല്ല. അവർ തമ്മിലുള്ള ആശയ വിനിമയം കൂടി റദ്ദ് ചെയ്യുക എന്നതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

തിയേറ്റർ ആർട്ടിസ്റ്റും നടിയുമായ രത്ന പതക് ഷായെയാണ് നസറുദ്ദീൻ ഷാ വിവാഹം ചെയ്തത്.

”ഞങ്ങൾ കുട്ടികളെ എല്ലാ മതങ്ങളെക്കുറിച്ചും പഠിപ്പിച്ചിട്ടുണ്ട്. അവരേതെങ്കിലും പ്രത്യേക മതവിശ്വസത്തിൽ പെടുന്നവരാണെന്ന് ഞങ്ങളവരോട് ഒരിക്കലും പറഞ്ഞിട്ടില്ല. മതത്തിന്റെ പേരിലുള്ള ഈ വിഭാ​ഗീയതകളൊക്കെ ഒരു ദിവസം ഇല്ലാതാകുമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ഒരു ഹിന്ദു വിശ്വാസിയായ സ്ത്രീയെയാണ് ഞാൻ വിവാഹം ചെയ്തത്.
അതൊരു തെറ്റായി എനിക്കൊരിക്കലും തോന്നിയിട്ടില്ല. എന്റെ അമ്മ തികച്ചും പരമ്പരാ​ഗത കെട്ടുപാടുകളിൽ വളർന്ന വ്യക്തിയാണ്. അവർക്ക് വിദ്യാഭ്യാസവുമില്ല. എന്നിട്ടും ഒരാളുടെ മതം മാറ്റുന്നതിനോട് അവർക്ക് വിയോജിപ്പുണ്ടായിരുന്നു. അവർ ചോദിച്ചത് ചെറുപ്പം മുതൽ ശീലിച്ചുവരുന്ന കാര്യങ്ങൾ ഒരാൾക്ക് എങ്ങിനെ മാറ്റാൻ സാധിക്കും എന്നാണ്,” നസറുദ്ദീൻ ഷാ പറഞ്ഞു.

കഴിഞ്ഞ നവംബറിലാണ് ഉത്തർപ്രദേശ് സർക്കാർ ലൗ ജിഹാദ് നിയമം പാസാക്കുന്നത്.
നിയമം പാസാക്കിയതിന് പിന്നാലെ നടന്ന നിരവധി അറസ്റ്റുകൾ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Naseeruddin Shah ‘furious at Love Jihad tamasha in UP’