കര്‍ണ്ണാടകയിലെ മറാത്തി ഭാഷാ സംസാരിക്കുന്ന പ്രദേശങ്ങള്‍ മഹാരാഷ്ട്രയോട് കൂട്ടിച്ചേര്‍ക്കും; ഉദ്ദവ് താക്കറെ
national news
കര്‍ണ്ണാടകയിലെ മറാത്തി ഭാഷാ സംസാരിക്കുന്ന പ്രദേശങ്ങള്‍ മഹാരാഷ്ട്രയോട് കൂട്ടിച്ചേര്‍ക്കും; ഉദ്ദവ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th January 2021, 8:25 pm

മുംബൈ: മറാത്തി വംശജര്‍ കൂടുതലുള്ള കര്‍ണ്ണാടകയിലെ പ്രദേശങ്ങള്‍ മഹാരാഷ്ട്രയോട് കൂട്ടിച്ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നുവരുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മറാത്ത രാഷ്ട്രത്തിനായി ജീവന്‍വെടിഞ്ഞ രക്തസാക്ഷികള്‍ക്കുള്ള യഥാര്‍ത്ഥ സമര്‍പ്പണമായിരിക്കും ഈ തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റില്‍ പറയുന്നു.

‘കര്‍ണ്ണാടകയിലെ മറാത്തിവംശജരുടെ പ്രദേശങ്ങള്‍ മഹാരാഷ്ട്രയോട് കൂട്ടിച്ചേര്‍ക്കുന്നത് ഈ ലക്ഷ്യത്തിനായി ജീവന്‍വെടിഞ്ഞ രക്തസാക്ഷികള്‍ക്കുള്ള യഥാര്‍ത്ഥ സമര്‍പ്പണമാണ്. ഈ തീരുമാനത്തിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. വാഗ്ദാനം നിറവേറ്റി രക്തസാക്ഷികളെ ഞങ്ങള്‍ ബഹുമാനിക്കും’, മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റില്‍ പറയുന്നു.

കര്‍ണ്ണാടകയിലെ ബെല്‍ഗാമും മറ്റ് ചില പ്രദേശങ്ങളുമാണ് മഹാരാഷ്ട്രയോട് കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. ഭാഷാടിസ്ഥാനത്തില്‍ കര്‍ണ്ണാടകയുടെ ഭാഗമായ ഈ പ്രദേശങ്ങള്‍ മുമ്പ് ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു.

മറാത്ത രാഷ്ട്രത്തിനായി നിലകൊള്ളുന്ന പ്രാദേശിക സംഘടനയായ മഹാരാഷ്ട്ര ഏകീകരണ്‍ സമിതി ജനുവരി 17 രക്തസാക്ഷി ദിനമായി ആചരിച്ചിരുന്നു. ബെല്‍ഗാം ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ മഹാരാഷ്ട്രയോട് കൂട്ടിച്ചേര്‍ക്കണമെന്നും സംഘടന നേതാക്കള്‍ ആവശ്യമുയര്‍ത്തിയിരുന്നു.

കര്‍ണ്ണാടകയിലെ ബെല്‍ഗാം, കാര്‍വാര്‍, നിപ്പാനി, എന്നീ പ്രദേശങ്ങളാണ് മഹാരാഷ്ട്രയോട് കൂട്ടിച്ചേര്‍ക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. മറാത്തി ഭാഷ സംസാരിക്കുന്നവരാണ് ഈ പ്രദേശങ്ങളില്‍ ഭൂരിഭാഗമെന്നുമാണ് പ്രധാന കാരണമായി സംഘടനകള്‍ പറയുന്നത്.

ബെല്‍ഗാമും മറ്റ് അതിര്‍ത്തി പ്രദേശങ്ങളും സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം സുപ്രീംകോടതിയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുകയാണ്.

അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് വേഗത്തിലാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ താക്കറെ കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്ര മന്ത്രിമാരായ ഏകനാഥ് ഷിന്‍ഡെ, ചഗന്‍ ഭുജ്ബാല്‍ എന്നിവരെ കോ-കോര്‍ഡിനേറ്റര്‍മാരായി നിയമിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Incoperate Karnataka Occupaid Regions To Maharashtra Says Udhav Thackeray