'നാസ് ഡെയിലി' നിർത്തുന്നു; വിതുമ്പികൊണ്ട് നാസിന്റെ അവസാന വീഡിയോ
Entertainment
'നാസ് ഡെയിലി' നിർത്തുന്നു; വിതുമ്പികൊണ്ട് നാസിന്റെ അവസാന വീഡിയോ
ന്യൂസ് ഡെസ്‌ക്
Saturday, 5th January 2019, 7:00 pm

സാൻ ഫ്രാൻസിസ്‌കോ: ഫേസ്ബുക്കിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഏറെ പ്രശസ്തമായ നാസ് ഡെയിലി വിഡീയോകൾ നിർമ്മിക്കുന്നത് അവസാനിപ്പിക്കുന്നു. നുസൈർ യസീൻ എന്ന നാസ് ആണ് ഈ വീഡിയോകൾ നിർമ്മിക്കുന്നത്. ലോകത്താകമാനം സഞ്ചരിച്ച് ദിവസവും വീഡിയോകൾ നിർമ്മിച്ച് യൂടൂബിനു പകരം ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത് പ്രേക്ഷകരെ കാണിക്കുന്ന നാസിന് ആരാധകർ ഏറെയാണ്. ഫേസ്ബുക്കിൽ കൂടുതൽ വരുമാനം ലഭിക്കുന്നതിനാലാണ് നാസ് ഫേസ്ബുക്കിൽ മാത്രം വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത്.

ഡി.എസ്.എൽ.ആർ ക്യാമറയും മൈക്കും ഉപയോഗിച്ച് ചെയ്യുന്ന വീഡിയോകൾ രാത്രി എഡിറ്റ് ചെയ്ത് രാവിലെ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുകയാണ് പതിവ്. ഇസ്രായേലി സ്വദേശിയായ നാസ് ലോകത്ത് പലയിടത്തുമുള്ള സംസ്ക്കാരവും, ജീവിതരീതികളും മറ്റുമാണ് തന്റെ വീഡിയോകളിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നത്. ഇതോടെ നാസ് വീഡിയോകൾ നിർമ്മിക്കാൻ തുടങ്ങിയിട്ട് 1000 ദിവസങ്ങൾ പിന്നിടുകയാണ്. “ഒരു മിനിറ്റ് കഴിഞ്ഞു, ഇനി നാളെ കാണാം” എന്ന തന്റെ ടാഗ്‌ലൈൻ പറഞ്ഞുകൊണ്ടാണ് നാസ് തന്റെ വീഡിയോകൾ അവസാനിപ്പിക്കുന്നത്.

Also Read സത്യം തുറന്ന് പറഞ്ഞു, അംപയറുടെ കയ്യടി വാങ്ങി: കെ.എല്‍ രാഹുല്‍

ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോകളിലൂടെ ചുരുങ്ങിയ നാളുകൾ കൊണ്ട് ഒട്ടേറെ പ്രേക്ഷകരെ നേടിയെടുക്കാൻ നാസിന് കഴിഞ്ഞു. അറബ് വംശജനായ നാസ് ഹാർവാർഡ് സർവകലാശാലയിൽ നിന്നും എക്കണോമിക്സ് ബിരുദം കരസ്ഥമാക്കിയതിന് ശേഷം “വെൺമോ” എന്ന സോഫ്റ്റ്‌വെയർ കമ്പനിയുമായി ബന്ധപെട്ടു പ്രവർത്തിക്കുകയായിരുന്നു. ആ സമയത്താണ് നല്ല വരുമാനമുള്ള തന്റെ ജോലി ഉപേക്ഷിച്ച ശേഷം ലോകം ചുറ്റി സഞ്ചരിക്കാനും വീഡിയോകൾ നിർമ്മിക്കാനുമുള്ള തീരുമാനത്തിലേക്ക് നാസ് എത്തുന്നത്. 2016ലാണ് നാസ് തന്റെ ലോകം ചുറ്റലും, വീഡിയോ നിർമ്മാണവും ആരംഭിക്കുന്നത്.

“ഇത് പാടാണ്, ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പത്ത് മിനിട്ടു മുൻപ് ഞാൻ കരയുകയായിരുന്നു. കാരണം, ഇന്നെനിക് വളരെ വിഷമമുള്ള ഒരു ദിവസമാണ്. ലോകം മുഴുവൻ സഞ്ചരിച്ചുകൊണ്ടുള്ള എന്റെ യാത്രയ്ക്ക് ഇന്ന് സമാപനമാവുകയാണ്. 1000 ദിവസങ്ങൾ പിന്നിട്ടു. ഈ 1000 ദിവസത്തിൽ ഓരോ ദിവസവും ഞാൻ ഓരോ വീഡിയോകൾ നിർമ്മിക്കുകയായിരുന്നു. ഒരു ദിവസം പോലും ഞാൻ നഷ്ടപെടുത്തിയില്ല. ഞാൻ എങ്ങനെയാണ് ഇത് ചെയ്തതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. കാരണം ഞാൻ കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന ഒരാളല്ല. എനിക്ക് അതിനുള്ള കഴിവോ ബുദ്ധിയോ ഇല്ല.”

Also Read ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രകാശ് രാജ് മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പിന്തുണ അറിയിച്ച് ആം ആദ്മി പാർട്ടി

“ലോകം മുഴുവൻ സഞ്ചരിക്കാനും വീഡിയോകൾ നിർമ്മിക്കാനും ഇഷ്ടപെടുന്ന ഒരു കുട്ടി മാത്രമാണ് ഞാൻ. എന്നെ ആശ്ചര്യപ്പെടുത്തുന്നത്, നിങ്ങൾ ആ കുട്ടിയോട് താല്പര്യം കാണിച്ചു, അവനെ സഹായിച്ചു, അവനെ ഫോളോ ചെയ്തു, അവന്റെ ഭ്രാന്തുകൾക്ക് നിങ്ങൾ കൂട്ട് നിന്നു. 1000 ദിവസങ്ങൾക്ക് ശേഷം ആ കുട്ടിയെ ഒരു വ്യക്തിയായി വളരാൻ നിങ്ങൾ സഹായിച്ചു. അതിനു ഞാൻ നിങ്ങളെ എന്റെ അളവില്ലാത്ത നന്ദി അറിയിക്കുന്നു. എനിക്ക് യാത്ര പറയാൻ സമയമായി. കാരണം എന്റെ യാത്ര അവസാനിച്ചിരിക്കുന്നു. പക്ഷെ ഞാൻ തിരിച്ച് വരും. പക്ഷെ അതുവരെ…അതുവരെ…ഒരു മിനിറ്റായിരുക്കുന്നു… നമ്മുക്ക്..  വീണ്ടും കാണാം” വികാരാധീനനായി നാസ് തന്റെ പ്രേക്ഷകരോട് യാത്ര പറഞ്ഞു. “ഞാൻ തിരികെ വരും, കൂടുതൽ വിശേഷങ്ങളുമായി, എനിക്ക് നിങ്ങളെ മിസ് ചെയ്യും, നല്ല തീരുമാനങ്ങൾ എടുക്കുക” എന്നീ വാചകങ്ങൾ എഴുതി കാണിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

ഇന്ന് തന്റെ വീഡിയോകൾക്ക് അന്ത്യം കുറിക്കുന്ന നാസ് സാൻ ഫ്രാൻസിസ്കോയിലേക്ക് താമസം മാറ്റി ഒരു വീഡിയോ പ്രൊഡക്ഷൻ കമ്പനി സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്.