ജാതിയുടെയും സമുദായത്തിന്റെയും അതിര്‍വരമ്പുകള്‍ തകര്‍ത്ത നേതാവ്, മഹാത്മാഗാന്ധിക്ക് ശേഷം ജനങ്ങളുടെ വികാരം മനസിലാക്കാന്‍ കഴിഞ്ഞത് മോദിക്ക് മാത്രം: രാജ്‌നാഥ് സിങ്
national news
ജാതിയുടെയും സമുദായത്തിന്റെയും അതിര്‍വരമ്പുകള്‍ തകര്‍ത്ത നേതാവ്, മഹാത്മാഗാന്ധിക്ക് ശേഷം ജനങ്ങളുടെ വികാരം മനസിലാക്കാന്‍ കഴിഞ്ഞത് മോദിക്ക് മാത്രം: രാജ്‌നാഥ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th August 2022, 1:48 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. മഹാത്മാ ഗാന്ധിക്ക് ശേഷം രാജ്യത്തെ ജനങ്ങളുടെ പ്രയാസം മനസിലാക്കാന്‍ സാധിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നാണ് അദ്ദേഹത്തിന്റെ വാദം. തന്നെ വിശ്വസിക്കുന്ന ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന നേതാവാണ് മോദിയെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

തന്റെ പ്രത്യയശാസ്ത്രങ്ങളില്‍ വിട്ടുവീഴ്ച വരുത്താതെയാണ് മോദിജിയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും രാഷ്ട്രീയ സംഭവങ്ങളും കഴിഞ്ഞ എട്ട് വര്‍ഷത്തെ അജയ്യമായ യാത്രക്ക് വഴിയൊരുക്കിയിട്ടുണ്ടാകാം. എന്നാല്‍ ഈ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണ്,’ രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസും ബി.ജെ.പിയും തന്നെ ഏല്‍പ്പിച്ച ജോലികള്‍ എന്തുതന്നെയായാലും മോദി അത് നിറവേറ്റുകയും പ്രതീക്ഷിച്ചതിലും കൂടുതല്‍ ഭംഗിയായി തന്നെ അവ നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ അദ്ദേഹത്തെപ്പോലെ മറ്റൊരു നേതാവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ നൂതനമായ സമീപനത്തെയും പരമ്പരാഗത പ്രവര്‍ത്തനരീതിയില്‍ അദ്ദേഹം വരുത്തിയ മാറ്റങ്ങളെയും പ്രശംസിച്ച സിങ് മോദിയുടെ ജനപ്രീതി ഇന്ത്യക്കാരെ മാത്രമല്ല ആഗോള നേതാക്കളെയും അത്ഭുതപ്പെടുത്തുന്നതാണെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ദീര്‍ഘകാലമായി അധികാരത്തിലിരിക്കുന്നവര്‍ക്കെതിരായ ഒരു ഘടകമായി ഭരണ വിരുദ്ധത പലപ്പോഴും കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയെ മടുത്തിട്ടില്ല. അദ്ദേഹത്തിന്റെ അപൂര്‍വമായ വ്യക്തിത്വവും സംഘടനാ കഴിവുകളും പ്രശംസനീയമാണ്. ദൈവികമായ അനുഗ്രഹമില്ലാതെ അത് സാധ്യമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ജാതിയുടെയും സമുദായത്തിന്റെയും അതിര്‍വരമ്പുകള്‍ തകര്‍ത്ത ഒരു മാതൃകയാണ് അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നത്. മഹാത്മാഗാന്ധിക്ക് ശേഷം രാജ്യത്തെ ജനങ്ങളുടെ വികാരം മനസിലാക്കാന്‍ കഴിയുന്ന ഒരു നേതാവുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പേര് നരേന്ദ്ര മോദി എന്നാണ്. അങ്ങനെ പറയാന്‍ എനിക്ക് ഒരു മടിയുമില്ല, രാജ്‌നാഥ് പറഞ്ഞു.

വേഗത്തിലും പ്രയാസമുള്ളതുമായ തീരുമാനങ്ങള്‍ എടുക്കുന്നതിലുള്ള മോദിയുടെ ധൈര്യം ജനങ്ങള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയാകാറുണ്ട്. കാരണം അദ്ദേഹം എല്ലായ്‌പ്പോഴും അടിസ്ഥാന രാഷ്ട്രീയമാണ് പ്രയോഗിക്കുന്നത്.

ഒപ്പം ജനങ്ങളുടെ വികാരങ്ങളും അവരുടെ വെല്ലുവിളികളും മനസിലാക്കുകയും ചെയ്യുന്നു, രാജ്‌നാഥ് സിങ് പറഞ്ഞു.

Content Highlight: Narendra modi the only leader who understands the hardships of people after mahatma gandhi says rajnath singh