പാന്‍ ഇന്ത്യന്‍ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പുഷ്പ. പുഷ്പയായി അല്ലു അര്‍ജുനെത്തിയ ചിത്രത്തില്‍ ഭന്‍വര്‍ സിങ് ഷെക്കാവത്ത് എന്ന വില്ലന്‍ വേഷത്തിലെത്തിയത് ഫഹദായിരുന്നു. നായകനോളം തന്നെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു ഫഹദിന് ചിത്രത്തിലേത്. എന്നാല്‍ പുഷ്പയിലേക്ക് ഫഹദ് എത്തുന്നതിന് മുമ്പ് സംവിധായകന്‍ സമീപിച്ചിരുന്നത് നര രോഹിതിനെ ആയിരുന്നുവെന്ന് രോഹിത് പറഞ്ഞിരുന്നു.
ഇത് ശരിയായിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നര രോഹിത്. ഭന്‍വര്‍ സിങ് ഷെക്കാവത്തിന്റെ വേഷത്തിലേക്ക് അണിയറപ്രവര്‍ത്തകര്‍ ആദ്യം തന്നെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ കഥ പുരോഗമിക്കുന്നതിന് അനുസരിച്ച് അവര്‍ക്ക് ഫഹദിനെ പോലൊരു നടനെയായിരുന്നു ആവശ്യമെന്നും നര രോഹിത് പറയുന്നു.
എന്നാല്‍ ഫഹദ് ചെയ്തതുപോലെ തനിക്ക് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുമോ എന്നറിയില്ലെന്നും എന്നാല്‍ ആദ്യം മുതല്‍ സെറ്റില്‍ ഉണ്ടായിരുന്നെങ്കില്‍ തനിക്ക് ആ കഥാപാത്രത്തെ അറിഞ്ഞ് ചെയ്യാന്‍ കഴിഞ്ഞേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കൊവിഡ് 19 പാന്‍ഡെമിക് സമയത്ത് ഞാന്‍ മീശയുള്ള ചില ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. അത് കണ്ടിട്ട് രവി (ശങ്കര്‍) ഗാരുവും സുകുമാര്‍ ഗാരുവും ആദ്യം എന്നോട് സംസാരിച്ചു. പിന്നീട് സിനിമയുടെ ദൈര്‍ഘ്യം മാറി. ശൈലിയുമെല്ലാം മാറി. അങ്ങനെ ആയപ്പോള്‍ അവര്‍ക്ക് ഫഹദിനെ വേണം. അങ്ങനെയാണ് ഫഹദ് പുഷ്പയിലേക്ക് എത്തുന്നത്. പക്ഷേ തുടക്കത്തില്‍ അവര്‍ എന്നോടായിരുന്നു ആ കഥാപാത്രത്തിന്റെ കാര്യം സംസാരിച്ചിരുന്നത്.
അദ്ദേഹം ചെയ്തതുപോലെ എനിക്ക് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുമായിരുന്നോ എന്ന് എനിക്കറിയില്ല. ഒരുപക്ഷേ, ഞാന്‍ ആ സെറ്റില്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്ക് ആ കഥാപാത്രത്തെ അറിഞ്ഞ് ചെയ്യാന്‍ കഴിഞ്ഞേനെ. പക്ഷെ ഫഹദിന്റെ പ്രകടനം കണ്ടതിന് ശേഷം അവന്‍ ശരിക്കും ഷെക്കാവത്തിന്റെ ഭാഗം നന്നായി ചെയ്തെന്ന് മനസിലായി,’ നര രോഹിത് പറയുന്നു.