ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍
kERALA NEWS
ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍
ന്യൂസ് ഡെസ്‌ക്
Thursday, 8th November 2018, 8:15 pm

തിരുവനന്തപുരം: കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടേയെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

എ.കെ.ജി സെന്ററില്‍ അരമണിക്കൂറോളമാണ് കോടിയേരിയും കെ.ടി ജലീലും ഇന്ന് കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. അതേസമയം, മുഖ്യമന്ത്രിയോ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ ബന്ധുനിയമന വിവാദത്തില്‍ വിശദീകരണം തേടിയിട്ടില്ലെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞിരുന്നു.


കോടിയേരിയെ കണ്ടതിനു പിറകെയായിരുന്നു മന്ത്രിയുടെ വിശദീകരണം. കോടിയേരിയെ കണ്ടത് സ്വഭാവിക കൂടിക്കാഴ്ചയാണെന്നാണ് മന്ത്രി പറഞ്ഞത്. കുറ്റിപ്പുറത്ത് ജയിച്ചതു മുതല്‍ ലീഗ് തന്നെ വേട്ടയാടുകയാണെന്നും ജലീല്‍ പറഞ്ഞിരുന്നു. നാളെ ചേരുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രശ്‌നം ഉയരാനിടയുള്ള സാഹചര്യത്തിലാണ് കോടിയേരി ജലീലുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചന.

അതേസമയം, വിവാദം തുടങ്ങിയപ്പോള്‍ വിദേശത്തായിരുന്ന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എപി അബ്ദുള്‍ വഹാബ് അദീബിന് യോഗ്യതയുണ്ടായിരുന്നെന്ന വാദവുമായി രംഗത്തെത്തിയിട്ടുണ്ട്. ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്ന എസ്.ബി.ഐ ഉദ്യോഗസ്ഥന്‍ പി മോഹനനും അദിബിന് അനുകൂലമായ നിലപാടെടുത്തിട്ടുണ്ട്.


കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തില്‍ പ്രതിഷേധം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് യൂത്ത് ലീഗ്. യോഗ്യതയുണ്ടായിട്ടും കെ.എസ്.എം. ഡി.എഫ്. സി.യില്‍ നിയമനം കിട്ടാത്തവരെ മുന്‍നിര്‍ത്തി കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞിരുന്നു.