അച്ഛേ ദിന്‍ ഒന്നും വരില്ല, മോദിയുടെ അപരന്‍ ബസ്തറില്‍ കോണ്‍ഗ്രസിനു വേണ്ടി വോട്ടുപിടിക്കുന്നു
national news
അച്ഛേ ദിന്‍ ഒന്നും വരില്ല, മോദിയുടെ അപരന്‍ ബസ്തറില്‍ കോണ്‍ഗ്രസിനു വേണ്ടി വോട്ടുപിടിക്കുന്നു
ന്യൂസ് ഡെസ്‌ക്
Thursday, 8th November 2018, 5:20 pm

ഉത്തര്‍പ്രദേശ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സാദൃശ്യത്തിന്റെ പേരില്‍ ജനശ്രദ്ധ നേടിയ അഭിനന്ദ് പതക്ക് കോണ്‍ഗ്രസിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലാണ്. എന്‍.ഡി.എയുമായി സഖ്യത്തിലുള്ള റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(A) യുടെ ഉത്തര്‍പ്രദേശിലെ സംസ്ഥാന പ്രസിഡന്റായിരുന്ന അഭിനന്ദ് ഇപ്പോള്‍ ചത്തീസ്ഗഢിലെ നക്‌സല്‍ ബാധിത മേഖലയായ ബസ്തറില്‍ കോണ്‍ഗ്രസിനു വേണ്ടി പ്രചരണം നടത്തുകയാണെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.

“കാണാന്‍ മോദിജിയെ പോലെ ഉള്ളത് കൊണ്ട അച്ഛാ ദിന്‍ എപ്പോള്‍ വരുമെന്ന് ചോദിച്ച എന്റെയടുത്ത് വരാറുണ്ട്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കണ്ട് മനം മടുത്താണ് ഞാന്‍ കഴിഞ്ഞമാസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്”- പതക്ക് പി.ടി.ഐയോടു പറഞ്ഞു.


Also Read വിവാദ പ്രസംഗം; പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു


മോദിയുടെ സത്വസിദ്ധമായ ശൈലിയില്‍ പ്രചരണത്തില്‍ പങ്കെടുക്കുന്ന അഭിനന്ദിന് പക്ഷേ അച്ഛെ ദിനിനെക്കുറിച്ച് മോദിയുടേതിന് വിരുദ്ധമായ അഭിപ്രായമാണ്. “മിത്രോന്‍, ഞാന്‍ ഇവിടെ നിങ്ങളോട് പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്നാല്‍ അച്ഛെ ദിന്‍ വരാന്‍ പോകുന്നില്ല. അതൊരു തെറ്റായ വാഗ്ദാനമായിരുന്നു. ജഗ്ദല്‍പൂരിലെ തെരുവില്‍ ജനങ്ങളെ അഭിസംബോധനം ചെയ്ത് അഭിനന്ദ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഓരോ പൗരനും 15 ലക്ഷം രൂപ നല്‍കുമെന്ന വാഗ്ദാനവും, കള്ളപ്പണം തിരിച്ചു കൊണ്ടു വരുമെന്ന ബി.ജെ.പിയുടെ വാഗ്ദാനവും അഭിനന്ദിന്റെ തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ആക്ഷേപത്തിന് ഇരയാവുകയാണ്. മുമ്പ് ബി.ജെ.പിയ്ക്ക് വേണ്ടി അഭിനന്ദ് പ്രചരണത്തിനിറങ്ങിയിരുന്നു.


Also Read “മുസ്‌ലീങ്ങളെ തൃപ്തിപ്പെടുത്താനല്ലേ നിങ്ങള്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നത്; കര്‍ണാടകയിലെ ടിപ്പു ജയന്തി ആഘോഷത്തിനെതിരെ യെദ്യൂരപ്പ


അതേസമയം മോദിയുമായി സാമ്യമുള്ളയാളെ പ്രചരണത്തിനിറക്കുന്നത് മോദിയുടെ ജനപ്രീതി സമ്മതിച്ചു തരലാണെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഭീമ മണ്ഡവി പറഞ്ഞു. എന്നാല്‍ അഭിനന്ദ് തനിക്കുവേണ്ടി പ്രചരണം നടത്തുന്ന കാര്യം അറിയില്ലെന്ന് കോണ്‍ഗ്രസ് സിറ്റിങ്ങ് എം.എല്‍.എ ദേവ്തി കര്‍മ്മ പറഞ്ഞു.

ബസ്തറിലെ 12 അസംബ്ലി സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 12 ന് നടക്കും.