ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായി വന്ന സിനിമയാണ് മാർക്കോ. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലൻസ് ചിത്രമാണ് മാർക്കോ എന്നാണ് സിനിമയെ അണിയറപ്രവർത്തകർ തന്നെ വിശേഷിപ്പിച്ചത്.
മാർക്കോയുടെ അത്രയും വയലൻസ് ഹിറ്റ് 3ൽ ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നടൻ നാനി. മാർക്കോയുടെ അത്രയൊന്നും വയലൻസ് ഹിറ്റ് 3യിൽ ഇല്ലെന്നും അങ്ങനെയാണ് താൻ കരുതുന്നതെന്നും നാനി പറയുന്നു. മാർക്കോ താൻ കണ്ടിട്ടില്ലെന്നും എന്നാൽ ആ ചിത്രത്തെ കുറിച്ചും അതിന്റെ എക്സ്ട്രീം ആയ കാര്യങ്ങളെ കുറിച്ചും താൻ കേട്ടിട്ടുണ്ടെന്നും നാനി പറഞ്ഞു.
മാർക്കോയുമായി ഹിറ്റ് 3 ഒരിക്കലും കമ്പയർ ചെയ്യരുതെന്നും ഹിറ്റ് 3യിൽ വയലൻസ് ചെയ്യുന്നതിന് കൃത്യമായ കാരണങ്ങളും പർപസും ഉണ്ടെന്നും രണ്ട് സിനിമകളും രണ്ട് ഴോണറിലുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിറ്റ് 3യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു നാനി.
‘മാർക്കോയുടെ അത്രയൊന്നും വയലൻസ് ഹിറ്റ് 3ൽ ഇല്ല. അങ്ങനെയാണ് ഞാൻ കരുതുന്നത്. ഞാൻ മാർക്കോ കണ്ടിട്ടില്ല. പക്ഷെ ഈ സിനിമയെ കുറിച്ച് നല്ല കാര്യങ്ങളും എക്സ്ട്രീം ആയ കാര്യങ്ങളും ഞാൻ കേട്ടിട്ടുണ്ട്. ഒരിക്കൽ ഞാൻ ആ സിനിമ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്രയും വലിയൊരു റിസ്ക് എടുത്തതിന് മാർക്കോയുടെ അണിയറപ്രവർത്തകർക്ക് വലിയൊരു കൺഗ്രാജുലേഷൻസ്.
പക്ഷെ മാർക്കോയുമായി ഹിറ്റ് 3 ഒരിക്കലും കമ്പയർ ചെയ്യരുത്. രണ്ടും രണ്ട് ഴോണറിലുള്ള സിനിമകളാണ്. ഹിറ്റ് 3ൽ വയലൻസ് ചെയ്യുന്നതിന് കൃത്യമായ കാരണങ്ങളും പർപസും ഉണ്ട്. ഇത് കാണുമ്പോൾ വയലൻ്റ് സിനിമ ആണെന്നൊന്നും തോന്നില്ല. ഒരു ക്രൈം ത്രില്ലർ ആയിരിക്കും. അതിൻ്റെ ഭാഗമായി വരുന്ന വയലൻസ് മാത്രമാണ് സിനിമയിൽ ഉള്ളത്,’ നാനി പറയുന്നു.
നാനി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹിറ്റ് ദി തേർഡ് കേസ്’. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. ഹിറ്റ് ഫിലിം ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമായ ഹിറ്റ് ദി തേർഡ് കേസിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സൈലേഷ് കൊളാനുവാണ്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. മെയ് ഒന്നിനാണ് ഹിറ്റ് തിയേറ്ററുകളിലെത്തുന്നത്.