മലയാളികള്‍ ഇപ്പോള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍.
മുരളി ഗോപി തിരക്കഥയെഴുതി ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായും എത്തിയത്.
‘അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജു ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന് കേട്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. കാരണം സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ ഒരു സംവിധായകനാകണം എന്നതായിരുന്നു അവന്റെ ആഗ്രഹം. പക്ഷെ അതിനുപകരം വലിയ നടനാകുകയായിരുന്നു.
അവസാനം അവന്‍ സംവിധായകനാകുമ്പോള്‍ അതില്‍ ഒരു വേഷം ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായി. അതുകൊണ്ട് തന്നെ എനിക്ക് അതില്‍ ഒരു റോള്‍ തരണമെന്ന് ഞാന്‍ രാജുവിനോട് പറഞ്ഞു. ‘ചേട്ടന് പറ്റിയ വേഷമൊന്നുമില്ല’ എന്നായിരുന്നു അന്ന് രാജു മറുപടിയായി പറഞ്ഞത്.
എനിക്ക് വലിയ വേഷമൊന്നുമല്ല ഞാന്‍ ചോദിക്കുന്നത്. എനിക്ക് നടന്നു പോകുന്ന സീന്‍ ആയാലും സന്തോഷമാണെന്ന് ഞാന്‍ പറഞ്ഞു. കാരണം രാജുവിന്റെ ആദ്യ സംവിധാന സിനിമയില്‍ ഞാന്‍ ഭാഗമായെന്ന് എനിക്ക് പറയാമല്ലോ. ആ സന്തോഷം മതിയായിരുന്നു എനിക്ക്.
അന്ന് രാജു ‘നോക്കട്ടെ ചേട്ടാ’ എന്നുമാത്രമായിരുന്നു പറഞ്ഞത്. പിന്നീട് കുറച്ചുനാളുകള്‍ക്ക് ശേഷം രാജു എന്നെ വിളിച്ചിട്ട് ‘ഒരു വേഷമുണ്ട്. നാലോ അഞ്ചോ ദിവസമേ ചേട്ടന് ഷൂട്ട് ഉണ്ടാകുകയുള്ളൂ’ എന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ലൂസിഫറിലേക്ക് വരുന്നത്. മിനിസ്റ്റര്‍ പീതാംബരനായിട്ടാണ് അതില്‍ അഭിനയിച്ചത്,’ നന്ദു പറഞ്ഞു.
Content Highlight: Nandhu Talks About Prithviraj Sukumaran And Lucifer Movie