തൊണ്ണൂറുകളുടെ അവസാനത്തില്‍ തന്റെ സിനിമ ജീവിതം ആരംഭിച്ച നടനാണ് നിഷാന്ത് സാഗര്‍.
1999 ല്‍ ബിജു വര്‍ക്കി സംവിധാനം ചെയ്ത ദേവദാസി എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ലോഹിതാദാസ് ഒരുക്കിയ ജോക്കര്‍ എന്ന ചിത്രത്തിലൂടെയാണ് നിഷാന്ത് മലയാളികള്‍ക്ക് സുപരിചിതനാവുന്നത്. പിന്നീട് ഫാന്റം, പുലിവാല്‍ കല്യാണം തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം വലിയ ശ്രദ്ധ നേടി. 2023 ല്‍ പുറത്തിറങ്ങി ഹിറ്റ് ചിത്രങ്ങലുടെ പട്ടികയില്‍ ഇടം നേടിയയ ആര്‍.ഡി.എക്‌സ് എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ നിഷാന്ത് സാഗര്‍ അഭിനയിച്ചിരുന്നു.
അദ്ദേഹത്തിന്റെ മകള്‍ നന്ദ നിഷാന്ദ് നായികയായ ആദ്യ സിനിമയാണ് തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ആലപ്പുഴ ജിംഖാന. ഖാലിദ് റഹ്‌മാന്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ നസ്‌ലെന്‍, ഗണപതി, ലുക്ക് മാന്‍, അനഘ രവി, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷത്തില്‍ എത്തിയത്.
ഇപ്പോള്‍ നിഷാന്ത് സാഗറിന്റെ പാട്ടുകളും സിനിമകളുമൊക്കെ കാണാറുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നന്ദ നിഷാന്ത്.
അച്ഛന്റെ സിനിമയാണ് എന്നത് കൊണ്ട് സിനിമ കാണാന്‍ പോകാറില്ലെന്നും എല്ലാവരും പോയി കാണുകയാണെങ്കില്‍ താനും പോയി കാണുമെന്നും നന്ദ നിഷാന്ദ് പറയുന്നു. തന്റെ സിനിമകള്‍ പോയി കാണണമെന്ന് നിര്‍ബന്ധം അച്ഛനുമില്ലെന്നും നന്ദ പറയുന്നു. ഒരു സിനിമ ഇന്‍ഡസ്ട്രിയിലുള്ള ആളാണ് അദ്ദേഹം എന്ന ചിന്തയൊന്നും തനിക്കില്ലെന്നും പാട്ടുകള്‍ ഇഷ്ടമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫിലിമി ബീറ്റ് മലയാളത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘വീട്ടില്‍ പാട്ട് വെച്ചതായിട്ട് ഞാന്‍ ഓര്‍ക്കുന്നില്ല. ഞാന്‍ അച്ഛന്റെ സിനിമകള്‍ ‘അച്ഛന്റെ മൂവിയാണ് എന്തായാലും പോയി കാണണം’ എന്ന് വിചാരിച്ച് കാണാറില്ല. എല്ലാവരും പോയി കാണുകയാണെങ്കില്‍ പോയി കാണും. ഞാനും അമ്മയുമൊക്കെ അങ്ങനെയാണ്. അങ്ങനെ ഫോളോ ചെയ്യാറൊന്നും ഇല്ല. അച്ഛനാണെങ്കിലും എന്റെ സിനിമ ഇറങ്ങിയാല്‍ പോയി കാണണം എന്നൊന്നും ഇല്ല. അച്ഛന്‍ അച്ഛന്റെ വര്‍ക്ക് ചെയ്യുന്നു വരുന്നു. അഭിപ്രായം കേള്‍ക്കുമ്പോള്‍ പോയി കാണും, അങ്ങനെയൊക്കെയേ ഉള്ളൂ. അല്ലാതെ അദ്ദേഹം ഫിലിം ഇന്‍ഡസ്ട്രിയില്‍ ആണ് എന്നുള്ള ചിന്തയൊന്നും അങ്ങനെ ഉണ്ടാകാറില്ല. പാട്ട് എനിക്കും ഇഷ്ടമാണ്. ‘വിരല്‍ തൊട്ടാല്‍ വിരിയുന്ന’ എന്ന പാട്ട് എനിക്കും ഇഷ്ടമാണ്,’ നന്ദ നിഷാന്ത് പറയുന്നു.
Content Highlight: Nanda Nishath about her father Nishanth Sagar