ബംഗാളിലെ 26 ലക്ഷം വോട്ടർമാരുടെ പേരുകൾ 2002 ലെ വോട്ടർപ്പട്ടികയുമായി പൊരുത്തപ്പെടുന്നില്ല: തെരഞ്ഞെടുപ്പ് കമ്മീഷൻ
India
ബംഗാളിലെ 26 ലക്ഷം വോട്ടർമാരുടെ പേരുകൾ 2002 ലെ വോട്ടർപ്പട്ടികയുമായി പൊരുത്തപ്പെടുന്നില്ല: തെരഞ്ഞെടുപ്പ് കമ്മീഷൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th November 2025, 4:33 pm

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിലവിലെ വോട്ടർ പട്ടികയിലുള്ള 26 ലക്ഷം വോട്ടർമാരുടെ പേരുകൾ 2002 ലെ പട്ടികയുമായി പൊരുത്തപ്പെടുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.

2002 നും 2006 നും ഇടയിലുള്ള എസ്.ഐ.ആർ പരിശോധനയ്ക്കിടെ വിവിധ സംസ്ഥാനങ്ങളിൽ തയ്യാറാക്കിയ വോട്ടർ പട്ടികയുമായി സംസ്ഥാനത്തെ ഏറ്റവും പുതിയ വോട്ടർ പട്ടിക താരതമ്യം ചെയ്തപ്പോഴാണ് പൊരുത്തക്കേട് കണ്ടെത്തിയതെന്ന് തെരെഞ്ഞെടുപ്പ് ഉദ്യോദസ്ഥൻ പറഞ്ഞു.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന എസ്.ഐ.ആർ പ്രക്രിയയുടെ ഭാഗമായി പശ്ചിമ ബംഗാളിലെ ആറ് കോടിയിലധികം ഫോമുകൾ ബുധനാഴ്ച ഉച്ചയോടെ ഡിജിറ്റലൈസ് ചെയ്തതായി കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.

‘സംസ്ഥാനത്തെ ഏകദേശം 26 ലക്ഷം വോട്ടർമാരുടെ പേരുകൾ കഴിഞ്ഞ എസ്.ഐ.ആർ ഡാറ്റകളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെന്നാണ് പ്രാഥമിക കണ്ടത്തലുകൾ. ആറ് കോടിയിലധികം ഫോമുകൾ ഡിജിറ്റലൈസിന് ശേഷം മാപ്പിങ് നടപടിക്രമത്തിന് കീഴിൽ കൊണ്ടുവരും,’ ഉദ്യോഗസ്ഥൻ പി.ടി.ഐയോട് പറഞ്ഞു.

ഡിജിറ്റലൈസേഷൻ തുടരുന്നതിനാൽ ഈ കണക്ക് ഇനിയും ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ മാപ്പിങ് എന്നാൽ 2002 ൽ അവസാനമായി സമാഹരിച്ച എസ്.ഐ.ആർ റോളുകൾ ഏറ്റവും പുതിയതായി പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക ക്രോസ് വെരിഫിക്കേഷൻ ചെയ്യുന്നതാണ്.

കൂടുതൽ സമഗ്രവും കൃത്യവുമായ സ്ഥിരീകരണ പ്രക്രിയ ഉറപ്പാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശ പ്രകാരം ഈ വർഷം മാപ്പിങ് നടത്താനായി മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വോട്ടർ പട്ടികകളും ഉൾപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

എന്നാൽ ഈ പൊരുത്തക്കേട് അന്തിമ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ സാധിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ പട്ടികകളുമായി പൊരുത്തപ്പെടുന്ന വോട്ടർമാർ അധിക രേഖകളൊന്നും സമർപ്പിക്കേണ്ടതില്ലെന്നും പോളിങ് ബോഡി നൽകുന്ന ഫോമുകൾ പൂരിപ്പിച്ചാൽ മതിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Content Highlight: Names of 26 lakh voters in Bengal do not match 2002 voter list: Election Commission