തഹ്‌ലിയയെ പുറത്താക്കിയത് തികഞ്ഞ സ്ത്രീവിരുദ്ധത: നജ്മ തബ്ഷീറ
Kerala News
തഹ്‌ലിയയെ പുറത്താക്കിയത് തികഞ്ഞ സ്ത്രീവിരുദ്ധത: നജ്മ തബ്ഷീറ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th September 2021, 7:39 pm

കോഴിക്കോട്: ഫാത്തിമ തഹ്‌ലിയയെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയത് പ്രതികാര നടപടിയാണെന്ന് ഹരിത മുന്‍ ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ.  ഫാത്തിമ തഹ്‌ലിയയുടെ അച്ചടക്ക ലംഘനം എന്താണെന്ന് വ്യക്തമാക്കണമെന്നും നജ്മ തബ്ഷീറ പറഞ്ഞു.

‘തികഞ്ഞ സ്ത്രീവിരുദ്ധതയാണ് ഇപ്പോള്‍ നേതൃത്വം സ്വീകരിച്ച നടപടി. ലീഗിലെ പല നേതാക്കളും ഇപ്പോഴും ഹരിതയ്ക്കൊപ്പമാണ്. നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു,’ നജ്മ തബ്ഷീറ പറഞ്ഞു.

ഹരിത നേതാക്കളെ പിന്തുണച്ചതിനാണ് ഫാത്തിമ തഹ്‌ലിയയെ എം.എസ്. എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. ഹരിത വിവാദത്തില്‍ ഫാത്തിമ തഹ്‌ലിയ നടത്തിയത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് ലീഗ് പറഞ്ഞു.

പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മറ്റിക്ക് പകരമായി പുതിയ കമ്മറ്റി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫാത്തിമ തഹ്‌ലിയയെ സ്ഥാനത്ത് നിന്ന് മാറ്റിയത്. 2016 മുതല്‍ ഹരിതയുടെയും എം.എസ്.എഫിന്റെയും മുഖമായി പാര്‍ട്ടിയില്‍ ഉള്ള വ്യക്തിയാണ് ഫാത്തിമ തഹ്‌ലിയ.


നേരത്തെ ഹരിത വിവാദത്തില്‍ തഹ്‌ലിയ പത്രസമ്മേളനം നടത്തിയിരുന്നു. എം.എസ്.എഫ് നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചതുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ക്രൂരമായ വ്യക്തിഹത്യയ്ക്ക് ഹരിത നേതാക്കള്‍ ഇരയാകുന്നുവെന്നും തങ്ങളുന്നയിച്ച വിഷയങ്ങളില്‍ മാതൃകാപരമായ നടപടി ലീഗ് നേതൃത്വം സ്വീകരിക്കുമെന്നുറപ്പുണ്ടെന്നും തഹ്ലിയ പറഞ്ഞിരുന്നു.

ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ചതിന് പിന്നാലെയായിരുന്നു തഹ്‌ലിയയുടെ വാര്‍ത്താസമ്മേളനം. ഇത് ഗുരുതര അച്ചടക്ക ലംഘനമായിട്ടാണ് ലീഗ് വിലയിരുത്തുന്നത്.

പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മറ്റിക്ക് പകരം ഞായറാഴ്ചയാണ് പുതിയ സംസ്ഥാന കമ്മറ്റി ലീഗ് പ്രഖ്യാപിച്ചത്. ലീഗ് സെക്രട്ടറി പി.എം.എ. സലാമാണ് ഹരിതയുടെ പുതിയ കമ്മറ്റി പ്രഖ്യാപിച്ചത്.

പിരിച്ചുവിട്ട സംസ്ഥാന കമ്മറ്റിയില്‍ ട്രഷററായിരുന്ന പി.എച്ച്. ആയിഷ ബാനുവാണ് ഹരിതയുടെ പുതിയ അധ്യക്ഷ. ജനറല്‍ സെക്രട്ടറിയായി റുമൈസ റഫീഖിനെയും ട്രഷററായി നയന സുരേഷിനെയുമാണ് തെരഞ്ഞെടുത്തത്.

വൈസ് പ്രസിഡന്റുമാരായി നജ്വ ഹനീന (മലപ്പുറം), ഷാഹിദ റാഷിദ് (കാസര്‍ഗോഡ്), അയ്ഷ മറിയം (പാലക്കാട്) എന്നിവരെയും സെക്രട്ടറിമാരായി അഫ്ഷില (കോഴിക്കോട്), ഫായിസ എസ്. (തിരുവനന്തപുരം), അഖീല ഫര്‍സാന (എറണാകുളം) എന്നിവരെയും നിയമിച്ചു

ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത റുമൈസ റഫീഖ് നേരത്തെ ജില്ല ഭാരവാഹിയായിരുന്നു. എം.എസ്.എഫ് അധ്യക്ഷനടക്കമുള്ളവര്‍ക്കെതിരെ ഹരിത നേതാക്കള്‍ നല്‍കിയ പരാതിയില്‍ ട്രഷററായിരുന്ന പി.എച്ച് ആയിഷ ബാനു ഒപ്പ് വെച്ചിരുന്നില്ല.

അധ്യക്ഷന്‍ പി.കെ. നവാസിനും നേതൃത്വത്തിനും അനുകൂല നിലപാട് ആയിരുന്നു ആയിഷ സ്വീകരിച്ചിരുന്നത്.

ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഹരിത നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് വിഷയം വലിയ മാധ്യമശ്രദ്ധ നേടിയത്.

വിവാദം ശക്തമായതോടെ ഹരിത നേതാക്കളുമായി ലീഗ് നേതൃത്വം യോഗം ചേരുകയും ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപിതനായ പി.കെ. നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

ഇതിനെ തുടര്‍ന്ന് പി.കെ. നവാസ് അടക്കമുള്ള നേതാക്കള്‍ ഫേസ്ബുക്കിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ലീഗില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

എം.എസ്.എഫ്. നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ കൊടുത്ത പരാതി പിന്‍വലിക്കില്ലെന്ന് ഹരിത നേതാക്കള്‍ നിലപാട് എടുക്കുകയും ചെയ്തിരുന്നു. പി.കെ. നവാസിന്റെത് ഖേദപ്രകടനമല്ലെന്നും നടപടി ഖേദപ്രകടനത്തില്‍ ഒതുക്കിയാല്‍ പോരെന്നുമാണ് ഹരിതയെടുക്കുന്ന നിലപാട്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് ഹരിത നേതാക്കള്‍ പറഞ്ഞത്.

ഹരിത പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹരിത അംഗങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ വിഷയത്തില്‍ പരാതി നല്‍കിയതിന്റെ പേരില്‍ കൂട്ടായ്മ പിരിച്ചു വിടുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു പരാതി നല്‍കിയ ഹരിതയുടെ ഭാരവാഹികളായിരുന്നവര്‍ പറഞ്ഞത്.

വനിത കമ്മിഷനില്‍ നല്‍കിയ പരാതി ഒരുകാരണവശാലും പിന്‍വലിക്കില്ലെന്നാണ് ഹരിത മുന്‍ നേതാക്കളുടെ നിലപാട്.

Content Highlight: Najma Thabsheera Fathima Thahliya MSF Haritha Muslim League