റിസബാവയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്; പൊതുദര്‍ശനമുണ്ടാകില്ല
Obituary
റിസബാവയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്; പൊതുദര്‍ശനമുണ്ടാകില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th September 2021, 7:12 pm

കൊച്ചി: അന്തരിച്ച നടന്‍ റിസബാവയുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്. ഇതോടെ റിസബാവയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കില്ല.

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ചൊവ്വാഴ്ചയായിരിക്കും സംസ്‌കാരം നടത്തുക.

വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച റിസബാവ മരിച്ചത്. ആരോഗ്യ നില മോശമായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

നാടകത്തിലൂടെയാണ് റിസബാവ അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. 1984ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല.

പിന്നീട് 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കം.

സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ ശ്രദ്ധേയനാവുന്നത്.

ജോണ്‍ ഹോനായിക്ക് ശേഷം മലയാള സിനിമയില്‍ പ്രധാനപ്പെട്ട പല വില്ലന്‍ റോളുകളും റിസബാവ അവതരിപ്പിച്ചിരുന്നു. സിനിമയ്ക്ക് പുറമെ സീരിയലുകളിലും റിസബാവ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

മലയാളത്തില്‍ ഇതുവരെ 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചു.

അഭിനയം കൂടാതെ സിനിമകളില്‍ ഡബ്ബിംഗും ചെയ്തു. കര്‍മ്മയോഗി (2011) എന്ന സിനിമയിലെ ഡബ്ബിംഗിന് മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Rizabawa Covid Positive