തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണപാളി വിഷയത്തില്‍ നിയമസഭയില്‍ നടത്തിയ മറുപടി പ്രസംഗത്തിലെ ‘എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ’ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ എം.എല്‍.എയായ നജീബ് കാന്തപുരം.
ആരോഗ്യ ദൃഢഗാത്രരായ ആളുകള്‍ക്ക് മാത്രമുള്ളതാണോ നിയമസഭയെന്നും ഇ.എം.എസും, വി.എസും ഇരുന്ന മുഖ്യമന്ത്രി കസേരയില്‍ ഇപ്പോള്‍ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നതെന്നും നജീബ് കാന്തപുരം ചോദിച്ചു.
ഇടത് പുരോഗമന പ്രസ്ഥാനത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ ആരുടെ അമ്മിക്കടിയിലാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ മുസ്‌ലിം ലീഗ് എം.എല്‍.എ ചോദ്യം ചെയ്തു. നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവ് കൂടെ ഇനി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. മുഖ്യമന്ത്രിക്ക് പ്രസംഗം എഴുതി കൊടുക്കുന്നത് ഏത് പിന്തിരിപ്പനാണെന്ന് ഇപ്പോഴും കമ്മ്യൂണിസ്റ്റുകളായി തുടരുന്ന സഖാക്കള്‍ ഒന്ന് പരിശോധിക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു.
വിഷയത്തില്‍ എ.ഐ.സി.സി അംഗം വി.ടി ബല്‍റാമും പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞുണ്ണി മാഷിന്റെ ‘പൊക്കമില്ലായ്മയാണെന്റെ പൊക്കം’ എന്ന വരികള്‍ പങ്കിട്ടാണ് വി.ടി ബല്‍റാം പ്രതികരിച്ചത്.
അതേസമയം, ശബരിമലയിലെ സ്വര്‍ണപാളി വിവാദത്തില്‍ നിയമസഭയില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിനെ വിമര്‍ശിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രതിപക്ഷ എം.എല്‍.എയ്‌ക്കെതിരെ ബോഡി ഷെയിമിങ് കമന്റ് പറഞ്ഞത്.
‘എന്റെ നാട്ടിലൊരു വര്‍ത്തമാനമുണ്ട്. എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ എന്ന്. അത്ര ഉയരം മാത്രമുള്ള ഒരാളാണ് ഇവിടെ വലിയതോതില്‍ ആക്രമിക്കാന്‍ പുറപ്പെടുന്നത്. സ്വന്തം ശരീരശേഷി കൊണ്ടല്ലത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റില്ലെന്നത് കാണുമ്പോള്‍ എല്ലാവര്‍ക്കും അറിയാം. പക്ഷെ നിയമസഭയുടെ പരിരക്ഷവെച്ചുകൊണ്ട് വനിതാ വാച്ച് ആന്റ് വാര്‍ഡിനെയടക്കം ആക്രമിക്കാന്‍ പോവുകയാണ്’, മുഖ്യമന്ത്രി പറഞ്ഞു.



