എഡിറ്റര്‍
എഡിറ്റര്‍
‘അത് ഫത്‌വയല്ല, വെറുമൊരു നോട്ടീസായിരുന്നു’: നഹിദ് അഫ്രിനെതിരായ ഉത്തരവില്‍ വിശദീകരണവുമായി മുസ്‌ലിം പുരോഹിതന്മാര്‍
എഡിറ്റര്‍
Friday 17th March 2017 11:26am

ഗുവാഹത്തി: യുവ ഗായിക നഹിത് അഫ്രിന്‍ പൊതുവേദിയില്‍ പാടരുതെന്നാവശ്യപ്പെട്ടുള്ള കുറിപ്പ് ഫത്‌വയല്ലെന്ന അവകാശവാദവുമായി ആസാം സ്റ്റേറ്റ് ജമാ-അത്ത് ഉലമ. അത് വെറുമൊരു നോട്ടീസായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്.

ഫത്‌വയാവണമെങ്കില്‍ അതു പുറപ്പെടുവിക്കുന്ന അതോറിറ്റിയുടെ ഔദ്യോഗിക സീല്‍ ആവശ്യമുണ്ടെന്ന് ആസാമിലെ ജമാ-അത്ത് സെക്രട്ടറി മൗലാനാ ഫസലുല്‍ കരിം ഖ്വാസിമി പറയുന്നു. അതേസമയം ഈ നോട്ടീസില്‍ ഒപ്പുവെച്ച പലര്‍ക്കും ഫത്‌വ പുറപ്പെടുവിക്കാനുള്ള അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 46 പുരോഹിതന്മാരുടെ പേരിലാണ് ഗായിക പാടരുതെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് പുറത്തിറക്കിയത്.

ഗായികയ്‌ക്കെതിരായ നോട്ടീസ് രാജ്യത്തിനകത്തും പുറത്തും വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടും ഈ അപ്പീലിനെ ന്യായീകരിക്കുന്ന നിലപാടാണ് ഖ്വാസിമി സ്വീകരിച്ചത്.


Also Read: നടിയെ അക്രമിച്ച സംഭവം; സുനിയെ പിടികൂടാന്‍ വൈകിയത് പി.ടി തോമസ് കാരണം: പിണറായി വിജയന്‍ 


‘ഇന്നത്തെ കാലത്ത് ഈ നോട്ടീസിനു വലിയ പ്രാധാന്യമുണ്ട്. പക്ഷെ ഇതിനെ ഫത്‌വ എന്നു വിളിക്കാനാവില്ല. ശരിഅത്ത് ലംഘനത്തിനെതിരെയാണ് ഫത്വ പുറപ്പെടുവിക്കുന്നത്. അതില്‍ അത് പുറപ്പെടുവിക്കാന്‍ അധികാരമുള്ള വ്യക്തിയുടെ പേരും സീലും ഉണ്ടാവും. എന്നാല്‍ ഇപ്പോഴുള്ളത് വെറുമൊരു നോട്ടീസാണ്. കാരണം അതില്‍ അത് പുറപ്പെടുവിച്ചയാളുടെ സീല്‍ ഇല്ല.’ അദ്ദേഹം പറയുന്നു.

‘അഫ്രിന്റെ സംഗീത നിശപോലുള്ള പരിപാടിയില്‍ മുസ്‌ലിം സഹോദരന്മാര്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെടുന്നതാണ് നോട്ടീസ്. അല്ലാതെ ഇത് ഗായികയ്‌ക്കെതിരെയുള്ളതല്ല. ഈ നോട്ടീസില്‍ പറയുന്നത് കേള്‍ക്കണോ വേണ്ടയോ എന്നത് അവരുടെ കാര്യമാണ്. പരിപാടിയുമായി മുന്നോട്ടുപോകുന്നതില്‍ നിന്നും ഞങ്ങള്‍ അവരെ തടയാനൊന്നും പോകുന്നില്ല.’ ഖ്വാസിമി വ്യക്തമാക്കി.

‘മദ്രസയ്ക്കും മസ്ജിദിനും ശ്മശാനത്തിനും മധ്യത്തിലായുള്ള വേദിയില്‍ സാംസ്‌കാരിക നിശ സംഘടിപ്പിക്കുന്ന സാംസ്‌കാരിക-സാമൂഹ്യ തിന്മയ്‌ക്കെതിരെ ആസാം സമൂഹത്തെ ബോധവത്കരിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യം. നഹിദും ഈ സമൂഹത്തിന്റെ ഭാഗമാണ്.’ ഖ്വാസിമി വ്യക്തമാക്കി.

ഈ മാസം 25 ന് നടക്കാനിരിക്കുന്ന അഫ്രീനിന്റെ സംഗീത പരിപാടി മുന്നില്‍ കണ്ടാണ് നോട്ടീസ് പുറത്തിറക്കിയത്. പരിപാടി നടക്കുന്ന സ്ഥലം പള്ളിയുടേയും ഖബറിസ്ഥാന്റേയും സമീപത്തായതിനാല്‍ പരിപാടി ബഹിഷ്‌കരിക്കാന്‍ പുരോഹിതര്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. അഫ്രീനോട് ഈ പരിപാടിയില്‍ പങ്കെടുക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തനിക്കൊരു ഫത്‌വയെയും ഭയമില്ലെന്നും പരിപാടിയുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു അഫ്രിന്റെ നിലപാട്.

Advertisement