തെലുങ്കിലെ മികച്ച സംവിധായകരിലൊരാളായ ശേഖര്‍ കമ്മുലയോടൊപ്പം ധനുഷ് കൈകോര്‍ക്കുന്ന ചിത്രമാണ് കുബേര. ഇതുവരെ ചെയ്തതില്‍ വ്യത്യസ്തമായ കഥാപാത്രത്തെയാണ് ധനുഷ് കുബേരയില്‍ അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. നാഗാര്‍ജുനയും കുബേരയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഇപ്പോള്‍ രശ്മിക മന്ദാനയെ കുറിച്ച് സംസാരിക്കുകയാണ് നാഗാര്‍ജുന. കഴിവിന്റെ ഒരു പവര്‍ ഹൗസാണ് രശ്മികയെന്ന് നാഗാര്‍ജുന പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളിലെ രശ്മികളുടെ ഫിലിമോഗ്രഫി അവിശ്വസനീയമാണെന്നും തങ്ങള്‍ക്കാര്‍ക്കും 1000, 2000 കോടി ക്ലബ്ബില്‍ കയറിയ ചിത്രങ്ങളിലെന്നും അക്കാര്യത്തില്‍ രശ്മിക തങ്ങളെ കടത്തിവെട്ടിയെന്നും അദ്ദേഹം പറഞ്ഞു. കുബേരയുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നാഗാര്‍ജുന.
‘കഴിവിന്റെ ഒരു പവര്‍ ഹൗസാണ് ഈ പെണ്‍കുട്ടി. അവളുടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സിനിമകള്‍ നോക്കിയാല്‍ മനസിലാകും അതെല്ലാം എത്ര കിടിലം ആണെന്ന്. ഞങ്ങള്‍ക്കാര്‍ക്കും 1000 കോടി 2000 കോടി ചിത്രങ്ങളില്ല. എന്നാല്‍ അവള്‍ കോടി ക്ലബ്ബിന്റെ കാര്യത്തില്‍ ഞങ്ങളെയെല്ലാം മലത്തിയടിച്ചു.
ഞാന്‍ രശ്മികളുടെ കൂടെ കുബേരക്ക് മുമ്പും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്രാവശ്യം അവള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. ഡബ്ബിങ് ചെയ്യുന്ന സമയത്ത് രശ്മിക അഭിനയിച്ച ഭാഗങ്ങള്‍ കണ്ടിട്ട് ഞാന്‍ അവളെ വിളിച്ചിരുന്നു. അത്ര മനോഹരമായാണ് രശ്മിക അതെല്ലാം ചെയ്തത്. ഈ സിനിമയില്‍ അവള്‍ എല്ലാവരെയും ചിരിപ്പിക്കും എന്ന കാര്യം ഉറപ്പാണ്,’ നാഗാര്‍ജുന പറയുന്നു.
രശ്മിക നായികയായെത്തിയ പുഷ്പ, പുഷ്പ 2 , അനിമല്‍ തുടങ്ങിയ ചിത്രങ്ങള്‍ 1000, 2000 കോടി ക്ലബ്ബില്‍ കയറിയിരുന്നു.