കൂലിക്ക് വേണ്ടി എന്റെ ആ പഴയ കഥാപാത്രത്തിന്റെ ലുക്കാണ് വേണ്ടതെന്ന് ലോകേഷ്, രജിനി സാര്‍ പോലും കണ്ടിട്ട് ഞെട്ടിപ്പോയി: നാഗാര്‍ജുന
Indian Cinema
കൂലിക്ക് വേണ്ടി എന്റെ ആ പഴയ കഥാപാത്രത്തിന്റെ ലുക്കാണ് വേണ്ടതെന്ന് ലോകേഷ്, രജിനി സാര്‍ പോലും കണ്ടിട്ട് ഞെട്ടിപ്പോയി: നാഗാര്‍ജുന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th August 2025, 6:37 pm

ഇന്ത്യന്‍ സിനിമ മുഴുവന്‍ കൂലിയുടെ തരംഗം അലയടിക്കുകയാണ്. രജിനികാന്ത്- ലോകേഷ് കനകരാജ് കോമ്പോയിലൊരുങ്ങുന്ന ചിത്രത്തെ വരവേല്ക്കാന്‍ ആരാധകരെല്ലാം ഒരുങ്ങിക്കഴിഞ്ഞു. പ്രീ സെയിലില്‍ വന്‍ മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. തമിഴിലെ പല കളക്ഷന്‍ റെക്കോഡുകളും കൂലി തകര്‍ക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

തെലുങ്ക് താരം നാഗാര്‍ജുനയാണ് കൂലിയിലെ വില്ലനായി വേഷമിടുന്നത്. സൈമണ്‍ എന്ന കഥാപാത്രമായി ഇതുവരെ കാണാത്ത തരത്തിലുള്ള പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകരെല്ലാം പറയുന്നത്. ഇന്ത്യന്‍ സിനിമയിലെ വന്‍ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നാഗാര്‍ജുന.

ഏഴെട്ട് തവണ സംസാരിച്ച ശേഷമാണ് താന്‍ കൂലിയുടെ കഥയുമായും തന്റെ കഥാപാത്രവുമായും കണ്‍വിന്‍സായതെന്ന് നാഗാര്‍ജുന പറഞ്ഞു. കഥ ഇഷ്ടമായാല്‍ മാത്രം ചെയ്താല്‍ മതിയെന്നും അല്ലെങ്കില്‍ താന്‍ ഒരു കപ്പ് കാപ്പി കുടിച്ചിട്ട് പോകുമെന്നുമായിരുന്നു ലോകേഷിന്റെ മറുപടിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘കരിയറില്‍ ആദ്യമായിട്ടാണ് ഒരു വില്ലന്‍ വേഷം ചെയ്യുന്നത്. അതിന്റെ എക്‌സൈറ്റ്‌മെന്റ് എനിക്ക് നല്ലവണ്ണം ഉണ്ടായിരുന്നു. എന്റെ ലുക്ക് എങ്ങനെ വേണമെന്നൊക്കെ കൃത്യമായി നിര്‍ദേശം തന്നിരുന്നു. രക്ഷകന്‍ എന്ന പടത്തിലെ മുടി നീട്ടിവളര്‍ത്തിയ ലുക്ക് ഈ സിനിമക്കും വേണമെന്ന് ലോകേഷ് പറഞ്ഞു. ആ പടത്തിലെ എന്റെ ക്യാരക്ടര്‍ ഒരുപാട് ഇഷ്ടമാണെന്നും അയാള്‍ പറഞ്ഞു.

ഡെവിളിഷ് വില്ലനെന്ന് പറഞ്ഞാല്‍ ഇതുവരെ തമിഴ് സിനിമ കാണാത്ത തരത്തിലുള്ള വില്ലന്‍ ക്യാരക്ടറാണ് എന്റേതെന്ന് പറയാനാകും. വയലന്‍സിന്റെ ഏറ്റവും പീക്കാണ് ഈ പടത്തില്‍ കാണിച്ചിരിക്കുന്നത്. സിനിമയില്‍ ഒരു ഷോട്ടുണ്ട്. അതില്‍ കാണിച്ചിരിക്കുന്നത് എക്‌സ്ട്രീം ഈവിള്‍നെസ്സാണ്. അത് കണ്ടിട്ട് രജിനി സാര്‍ പോലും അന്തംവിട്ടു,’ നാഗാര്‍ജുന പറയുന്നു.

രജിനിയുടെ സിനിമാജീവിതത്തിന്റെ 50ാം വാര്‍ഷികത്തിലാണ് കൂലി തിയേറ്ററുകളിലെത്തുന്നത്. പ്രീ സെയിലിലൂടെ മാത്രം ഇതിനോടകം 100 കോടി കൂലി സ്വന്തമാക്കിക്കഴിഞ്ഞു. പോസിറ്റീവ് റിവ്യൂ വന്നാല്‍ തമിഴിലെ ആദ്യത്തെ 1000 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി കൂലി മാറുമെന്നാണ് പ്രതീക്ഷ. ചെന്നൈയില്‍ ആദ്യ ഷോയ്ക്ക് 4000 രൂപ വരെയാണ് ടിക്കറ്റിന്റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Nagarjuna Akkineni about his character in Coolie