തെലുങ്കിലെ പഴയകാല സൂപ്പര്‍സ്റ്റായിരുന്ന അക്കിനേനി നാഗേശ്വര്‍ റാവുവിന്റെ മകനാണ് നാഗാര്‍ജുന. ബാലതാരമായി സിനിമയിലേക്കെത്തിയ നാഗാര്‍ജുന വിക്രം എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറിയത്. വളരെ വേഗത്തില്‍ തെലുങ്കില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കാന്‍ നാഗാര്‍ജുനക്ക് സാധിച്ചു. ആരാധകര്‍ ‘കിങ്’ എന്ന് വിളിക്കുന്ന നാഗാര്‍ജുനയുടെ കരിയര്‍ പുതിയൊരു ഫേസിലെത്തി നില്‍ക്കുകയാണ്.
ഈ വര്‍ഷം പുറത്തിറങ്ങിയ കുബേരയില്‍ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നാഗാര്‍ജുന അവതരിപ്പിച്ചത്. എന്നാല്‍ കുബേര വെറും സാമ്പിളാണെന്ന് സിനിമാലോകത്തിന് ഇപ്പോള്‍ മനസിലായിരിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയില്‍ സൈമണ്‍ എന്ന വില്ലനായാണ് നാഗാര്‍ജുന പ്രത്യക്ഷപ്പെടുന്നത്.
ഇതുവരെ കാണാത്ത തരത്തില്‍ റോ ആയിട്ടുള്ള വില്ലനാണ് സൈമണെന്ന് പുറത്തുവന്ന അപ്‌ഡേറ്റുകള്‍ തെളിയിക്കുന്നു. ഇപ്പോഴിതാ സംവിധായകന്‍ ലോകേഷ് കനകരാജിനെക്കുറിച്ച് സംസാരിക്കുകയാണ് നാഗാര്‍ജുന. സ്‌ക്രിപ്റ്റ് വായിച്ച് കഴിഞ്ഞതും താന്‍ ആദ്യം ചോദിച്ചത് ഈ വേഷം ചെയ്യാന്‍ രജിനികാന്ത് സമ്മതിച്ചോ എന്നായിരുന്നെന്ന് നാഗാര്‍ജുന പറഞ്ഞു.
‘ലോകേഷിനെ എനിക്ക് എത്ര ഇഷ്ടമാണെന്ന് ചോദിച്ചാല്‍, കൈതി എന്ന സിനിമ കണ്ടതുമുതലാണെന്ന് ഞാന്‍ പറയും. എന്ത് രസമായിട്ടാണ് അയാള്‍ ആ സിനിമ ചെയ്തുവെച്ചിരിക്കുന്നത്. അതിന് ശേഷം ചെയ്ത വിക്രവും എനിക്ക് ഒരുപാട് ഇഷ്ടമായി. ആ രണ്ട് സിനിമകള്‍ക്ക് ശേഷം ലോകേഷുമായി വര്‍ക്ക് ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായി.
ഏതെങ്കിലും കഥയുണ്ടെങ്കില്‍ തന്നെ വിളിക്കുമെന്ന് ഉറപ്പായിരുന്നു. എന്നോട് കഥ പറഞ്ഞപ്പോള്‍ എന്റെ കഥാപാത്രം എന്തുമാത്രം കൂളാണെന്ന് മനസിലായി. ആദ്യമായിട്ടാണ് ലോകേഷിന്റെ ഒരു സിനിമയില്‍ ഇത്രയും പവര്‍ഫുള്ളായിട്ടുള്ള വില്ലന്‍ എത്തുന്നതെന്ന് തോന്നുന്നു. നായകനൊപ്പം നില്‍ക്കുന്ന കഥാപാത്രത്തെയാണ് ലോകേഷ് എനിക്ക് തന്നത്.
ഈ സിനിമ ലോകേഷ് ഷൂട്ട് ചെയ്ത രീതിയും പ്രശംസിക്കപ്പെടേണ്ടതാണ്. ഷൂട്ടിന്റെ അവസാനമായപ്പോഴേക്ക് ലോകേഷ് എന്നോട് ‘സാര്‍, സണ്‍ പിക്‌ചേഴ്‌സ് തന്ന പൈസയില്‍ അഞ്ച് കോടി ഇനിയും ബാക്കിയുണ്ട്’ എന്ന് പറഞ്ഞു. വേറെ ഏത് സംവിധായകനായാലും പറഞ്ഞതിലും കൂടുതല്‍ ബജറ്റ് കൊണ്ടുവന്ന് ബുദ്ധിമുട്ടായേനെ,’ നാഗാര്‍ജുന പറഞ്ഞു.
Content Highlight: Nagarjuna about Lokesh Kanagaraj and Coolie movie