ടെല്‍ അവീവ്: യു.എസില്‍ ഇസ്രഈലിനുള്ള പ്രശസ്തി തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് ഇസ്രഈല്‍ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഗസയിലെ അവസ്ഥകളല്ല അതിനുകാരണമെന്നും ഇസ്രഈലിന്റെ പബ്ലിക് റിലേഷനിലെ പിഴവുകളാണെന്നും നഫ്താലി പറഞ്ഞു.
നെതന്യാഹു സര്‍ക്കാര്‍ ഇസ്രഈലിനെ ഒരു കുഷ്ഠരോഗ രാഷ്ട്രമാക്കി മാറ്റിയെന്നും നഫ്താലി കുറ്റപ്പെടുത്തി. ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മോശമായ നിലയിലാണ് യു.എസില്‍ ഇപ്പോള്‍ ജൂതവിരുദ്ധത നിലനില്‍ക്കുന്നതെന്നും നഫ്താലി പറഞ്ഞു.
ഇത്തരത്തില്‍ യു.എസില്‍ ജൂതവിരുദ്ധത ആളിക്കത്തിച്ചത് നെതന്യാഹു സര്‍ക്കാരാണെന്നും നഫ്താലി ബെന്നറ്റ് വിമര്‍ശിച്ചു. പബ്ലിക് റിലേഷന്‍ ശരിയായി കൈകാര്യം ചെയ്യാത്തതുകൊണ്ടാണ് ഇത്രമാത്രം ജൂതവിരുദ്ധത ഉണ്ടായതെന്നും മുന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി പറഞ്ഞു.
നെതന്യാഹു സര്‍ക്കാരിന് ഇപ്പോഴും ഗസയിലെ ദുരന്തത്തിന്റെ വ്യാപ്തി മനസിലായിട്ടില്ലെന്നും താന്‍ ഭരണത്തിലിരിക്കുമ്പോള്‍ ഇസ്രഈല്‍ ഇത്രമാത്രം ഇരുട്ടിലായിരുന്നില്ലെന്നും ബെന്നറ്റ് കൂട്ടിച്ചേര്‍ത്തു. നെതന്യാഹുവിന്റെ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ഖത്തറുമായി ബന്ധമുണ്ടെന്നും ബെന്നറ്റ് ആരോപിച്ചു.
ജൂതവിരുദ്ധര്‍ ഹോളോകോസ്റ്റിനെ മനഃപൂര്‍വം അവഹേളിക്കുകയാണെന്നും നഫ്താലി ബെന്നറ്റ് അഭിപ്രായപ്പെട്ടു. ഇസ്രഈലിന്റെ ശക്തിയെയും ക്രിയാത്മകതയെയും മുന്‍നിര്‍ത്തിക്കൊണ്ടുള്ള പുതിയ കഥയാണ് ഇനി പറയേണ്ടതെന്നും ബെന്നറ്റ് പറഞ്ഞു.
അതേസമയം ഗസയിലെ ഇസ്രഈല്‍ അതിക്രമങ്ങളെ ഒരു രീതിയിലും മുഖവിലക്കെടുക്കാതെയാണ് ബെന്നറ്റ് നെതന്യാഹു സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈല്‍ ആക്രമണങ്ങളെ വിമര്‍ശിക്കാതെയുമാണ് ഇസ്രഈലിന്റെ ശക്തിയെ കുറിച്ച് പുതിയ കഥ പ്രചരിപ്പിക്കാന്‍ ബെന്നറ്റ് ആഹ്വാനം ചെയ്യുന്നത്.
നിലവില്‍ ഇസ്രഈലിന് ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ എന്നീ പാര്‍ട്ടികളുടെ പിന്തുണ നഷ്ടപ്പെട്ടുവെന്നും ബെന്നറ്റ് പറഞ്ഞു. അടുത്തിടെ നടന്ന ഗാലപ്പ് പോളിങ്ങില്‍, യു.എസിലെ 32 ശതമാനം ആളുകള്‍ മാത്രമേ ഗസയിലെ ഇസ്രഈല്‍ യുദ്ധത്തെ പിന്തുണക്കുന്നുള്ളു. എന്നാല്‍ ജൂലൈയില്‍ നടന്ന പോളിങ്ങില്‍ 60 ശതമാനം അമേരിക്കക്കാരും ഗസക്കെതിരായ സൈനിക നടപടിയെ പ്രതികൂലിക്കുന്നുണ്ട്.
52 ശതമാനം ആളുകളും ബെഞ്ചമിന്‍ നെതന്യാഹുവിനെ വളരെ മോശക്കാരനായ രാഷ്ട്രീയ നേതാവായിട്ടാണ് കാണുന്നത്. 1990 വരെയുള്ള കാലഘട്ടത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള നേതാക്കളില്‍ ഒരാളായിരുന്നു നെതന്യാഹുവെന്നാണ് ഗാലപ്പ് പോളിങ് പറയുന്നത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് നഫ്താലി ബെന്നറ്റിന്റെ പ്രതികരണം. ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ ഡി.സി ഉള്‍പ്പെടെ യുഎസിലെ പത്ത് സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ബെന്നറ്റ് നെതന്യാഹു സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തിയത്.
Content Highlight: Gaza is not the problem; Netanyahu government has turned Israel into a leper nation: Naftali bennett