മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് നാദിര്‍ഷ. അഭിനയത്തിന് പുറമെ പാരഡി ഗാനരചയിതാവ്, ഗായകന്‍, ഗാനരചയിതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച നാദിര്‍ഷ 2015ല്‍ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും തന്റെ സാന്നിധ്യമറിയിച്ചു.
മിമിക്രിയിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നാദിര്‍ഷ. ഒരിക്കല്‍ മിമിക്രി അവതരിപ്പിക്കുന്ന രമേശ് കുറുമശ്ശേരിയുടെയും ഏലൂര്‍ ജോര്‍ജിന്റെയും റിഹേഴ്‌സല്‍ കാണാന്‍ പോയെന്നും അവരുടെ അനുകരണം തെറ്റാണെന്ന് വാദിച്ചെന്നും നാദിര്‍ഷ പറയുന്നു. അതിന് ശേഷം താന്‍ ശരിക്കുമുള്ള ശബ്ദം അനുകരിച്ച് കാണിച്ച് കൊടുത്തെന്നും അതോടെ അവര്‍ അവരുടെ കൂടെ പരിപാടിക്ക് താന്‍ ചെല്ലണമെന്ന് പറഞ്ഞെന്നും നാദിര്‍ഷ പറഞ്ഞു.
‘അന്നൊക്കെ ഗാനമേളയ്ക്കിടെ വേദിയില്‍ മിമിക്രിയും അവതരിപ്പിക്കും. രമേശ് കുറുമശ്ശേരിയും ഏലൂര്‍ ജോര്‍ജുമായിരുന്നു ഞങ്ങളുടെ ട്രൂപ്പിലെ മിമിക്രിക്കാര്‍. പാട്ടിന്റെ ഇടവേളകളില്‍ അവര്‍ മിമിക്രി കാണിക്കും. ഒരിക്കല്‍ അവരുടെ റിഹേഴ്‌സല്‍ കാണാന്‍ പോയി. ചില സംഗീതോപകരണങ്ങളുടെ ശബ്ദമാണ് അവര്‍ അന്ന് അനുകരിക്കുന്നത്.
അവരുടെ അനുകരണം തെറ്റാണെന്ന് ഞാന്‍ ആധികാരികമായി വാദിച്ചു. ആ ശബ്ദങ്ങള്‍ ഞാന്‍ അനുകരിച്ചു കാണിക്കുകയും ചെയ്തു. അതോടെ അവരുടെ കൂടെ പരിപാടിക്ക് ചെല്ലണമെന്നായി. പക്ഷേ, അന്ന് മിമിക്രിക്കാരോട് ഇപ്പോഴുള്ള പലരെയുംപോലെ എനിക്കും അല്പം പുച്ഛമായിരുന്നു. പറ്റില്ലെന്ന് പറഞ്ഞു.
മിമിക്രി അവതരിപ്പിച്ചാല്‍ 50 രൂപ തരാമെന്നായി അവര്‍. അന്ന് ഗാനമേളയ്ക്ക് 30 രൂപയേ ലഭിക്കൂ. 20 രൂപ കൂടുതല്‍ കിട്ടുമെന്നായതോടെ ഓക്കെ പറഞ്ഞു. ശരിക്കും അതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. പാട്ടുകാരന്‍ മാത്രമായിരുന്നെങ്കില്‍ എന്നോ ഞാന്‍ ഈ ഫീല്‍ഡില്‍ നിന്ന് പുറത്താകുമായിരുന്നു. മിമിക്രിയാണ് എനിക്ക് എല്ലാ സൗഭാഗ്യങ്ങളും നല്‍കിയത്,’ നാദിര്‍ഷ പറയുന്നു.