'ഇത് ഞാനും മഞ്ജുവാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ,' വ്യാജവാര്‍ത്തക്കെതിരെ പ്രതികരിച്ച് നാദിര്‍ഷ
Entertainment
'ഇത് ഞാനും മഞ്ജുവാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ,' വ്യാജവാര്‍ത്തക്കെതിരെ പ്രതികരിച്ച് നാദിര്‍ഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 21st February 2025, 3:03 pm

തനിക്കെതിരെ വന്ന വ്യാജ വാര്‍ത്തക്കെതിരെ പ്രതികരിച്ച് നടനും ഗായകനും സംവിധായകനുമായ നാദിര്‍ഷ. മഞ്ജു വാര്യരെ കുറിച്ച് നാദിര്‍ഷ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞത് എന്ന രീതിയില്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തക്കെതിരെയാണ് ഇപ്പോള്‍ നാദിര്‍ഷ രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് നാദിര്‍ഷയുടെ പ്രതികരണം.

‘മഞ്ജു വാര്യര്‍ ഒരുപാട് മാറി പോയി. പഴയ കാര്യങ്ങളെല്ലാം മറന്നു. ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എന്നോട് പ്രതികരിച്ച രീതി വിഷമിപ്പിച്ചു: നാദിര്‍ഷ’ എന്നായിരുന്നു ന്യൂസ് കാര്‍ഡിലെ വാക്കുകള്‍.

എന്നാല്‍ താനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങളാണ് മഞ്ഞ പത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും റീച്ച് കിട്ടാന്‍ എന്ത് തറവേലയും കാട്ടുന്ന മാധ്യമങ്ങള്‍ക്ക് തന്റെ നടുവിരല്‍ നമസ്‌കാരം എന്നാണ് നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചത്.

നാദിര്‍ഷയെ അനുകൂലിച്ച് നിരവധി കമന്റുകളാണ് നാദിര്‍ഷായുടെ ഫേസ്ബുക് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്. ‘ഇതാണ് പറയുന്നത് സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും നുണ ലോകം ചുറ്റി വന്നിരിക്കുമെന്ന്’ എന്നാണ് ഒരു ഫേസ്ബുക് ഉപഭോക്താവ് പോസ്റ്റിന് താഴെ കമന്റിട്ടത്.

‘ഇതൊക്കെ ആര് വിശ്വസിക്കാന്‍ ഇതൊന്നും തിരിഞ്ഞ് നോക്കാനേ പോകരുത്’എന്നാണ് മറ്റൊരാളുടെ കമന്റ്. ‘ഇത് പോലെ പത്ത് പേര് തുറന്നു കാട്ടിയാല്‍ തീരാവുന്നതേ ഒള്ളൂ കേരളത്തിലെ 90% മീഡിയയും’ എന്നാണ് നാദിര്‍ഷയെ അനുകൂലിച്ചുകൊണ്ടുള്ള മറ്റൊരു കമന്റ്. ‘കേസ് കൊടുക്കണം പിള്ളേച്ചാ’ എന്നും കമന്റുണ്ട്.

Content highlight: Nadirsha reacts in  fake news about him and Manju Warriar