സംവിധായകന്‍ ഫാസിലിനെ കുറിച്ച് സംസാരിക്കുകയാണ് നദിയ മൊയ്തു. ഫഹദ് ഫാസിലിന്റെ പിറന്നാളിന്റെ അന്ന് ഫാസിലിനെ വീണ്ടും കാണാന്‍ കഴിഞ്ഞെന്ന് നദിയ മൊയ്തു പറയുന്നു. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമ ചെയ്യുമ്പോള്‍ ഫാസില്‍ ഒരു സംവിധായകന്‍ ആണെന്ന് തോന്നിയതേ ഇല്ലെന്ന് നദിയ മൊയ്തു പറയുന്നു.
അധ്യാപകനെപ്പോലെയാണ് അദ്ദേഹം ഓരോ കാര്യങ്ങള്‍ പറഞ്ഞുതന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു. നോക്കെത്താദൂരത്ത് കണ്ണും നട്ടില്‍ ഫാസിലിന്റെ അസിസ്റ്റന്റുമാരായിരുന്നു സിദ്ദിഖും ലാലും എന്നും ഇടവേളകളില്‍ അവര്‍ മിമിക്രി കാണിക്കുമായിരുന്നു എന്നും നദിയ പറഞ്ഞു. സിദ്ദിഖാണ് തന്നെ മലയാളം പഠിപ്പിച്ചതെന്നും ഇത്രപെട്ടെന്ന് വിട്ടുപോകുമെന്ന് കരുതിയില്ലെന്നും നദിയ മൊയ്തു പറയുന്നു.
‘കുറെ നാളുകള്‍ക്ക് ശേഷമായിരുന്നു ഫാസിലെങ്കിലുമായുള്ള കണ്ടുമുട്ടല്‍. ഫഹദിന്റെ പിറന്നാളിന് എല്ലാവരെയും ഒന്നിച്ച് കാണാന്‍പറ്റി. ഫാസിലങ്കിളില്ലാതെ നദിയാ മൊയ്തു ഇല്ല. ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ സിനിമ ചെയ്യുമ്പോള്‍, ഫാസിലങ്കിള്‍ ഒരു സംവിധായകനാണെന്ന് എനിക്ക് തോന്നിയതേയില്ല. അധ്യാപകനെപ്പോലെ അദ്ദേഹമെനിക്ക് കാര്യങ്ങള്‍ വിശദീകരിച്ചു തന്നു. സിനിമ ചെയ്യൂകയാണെന്ന ചിന്തയൊന്നുമില്ലായിരുന്നു.
നോക്കെത്താദൂരത്ത് കണ്ണും നട്ടില്‍ ഫാസിലിന്റെ അസിസ്റ്റന്റുമാരായിരുന്നു സിദ്ദിഖും ലാലും. ഇടവേളകളില്‍ അവര്‍ മിമിക്രി അവതരിപ്പിക്കും. എനിക്ക് സിദ്ദിക്കയെക്കുറിച്ച് പറയാതിരിക്കാനാവില്ല. എന്നെ ഡയലോഗ് പഠിപ്പിക്കലായിരുന്നു അദ്ദേഹത്തിന് നല്‍കിയ ചുമതല. വളരെ ക്ഷമയോടെ പറഞ്ഞുതരും.
എന്നെ മലയാളം പഠിപ്പിക്കാന്‍ അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. സിദ്ദിക്ക ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ സിനിമ കൂടിയായിരുന്നു അത്. അന്നുതൊട്ടുള്ള അടുപ്പമാണ്. ഒരിക്കല്‍ ന്യൂയോര്‍ക്കില്‍ എന്റെ വീട്ടിലേക്ക് അദ്ദേഹം വന്നിരുന്നു. കുറേനേരം സംസാരിച്ചു. ഇത്ര പെട്ടെന്ന് വിട്ടുപോവുമെന്ന് കരുതിയില്ല,’ നദിയ മൊയ്തു പറയുന്നു.