മലയാളത്തിന് മലപ്പുറത്ത് നിന്നൊരു താരം; 'ഫ്ളഷി'ലൂടെ നാദി ബക്കര്‍ ശ്രദ്ധേയനാകുന്നു
Entertainment
മലയാളത്തിന് മലപ്പുറത്ത് നിന്നൊരു താരം; 'ഫ്ളഷി'ലൂടെ നാദി ബക്കര്‍ ശ്രദ്ധേയനാകുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th June 2023, 3:09 pm

കൊച്ചി: ലക്ഷദ്വീപിന്‍റെ കഥ പറയുന്ന പുതിയ ചിത്രം ‘ഫ്ളഷി’ലൂടെ മലയാളത്തിന് പുതിയൊരു താരമെത്തി. ചിത്രത്തില്‍ സഹതാരമായി മികച്ച അഭിനയം കാഴ്ച വെച്ച യുവനടന്‍ നാദി ബക്കറാണ് പ്രേക്ഷകരുടെ മനം കവര്‍ന്ന് മുന്നേറുന്നത്.

ലക്ഷദ്വീപിലെ സാധാരണക്കാരനായ ഒരു യുവാവിന്‍റെ കഥാപാത്രമായാണ് നാദി ഈ ചിത്രത്തില്‍ അഭിനയിച്ചത്. സാമൂഹ്യ പ്രതിബദ്ധതയുള്ള മനുഷ്യസ്നേഹിയായ യുവാവ്. വളരെ മികച്ച രീതിയില്‍ തന്നെയാണ് നാദി തന്‍റെ കഥാപാത്രത്തെ പ്രേക്ഷകരുടെ മനസ്സിലേക്ക് കോറിയിട്ടത്. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച വനിതാ ഫിലിം ഫെസ്റ്റിവെലില്‍ ‘ഫ്ളഷ്’ പ്രദര്‍ശിപ്പിച്ചപ്പോള്‍ നാദിയുടെ മികച്ച പ്രകടനത്തെ പ്രേക്ഷകര്‍ ഒന്നടങ്കം അഭിനന്ദിച്ചിരുന്നു.

 

സ്വാഭാവികമായ അഭിനയശൈലിയാണ് നാദിയെ വേറിട്ട് നിര്‍ത്തിയത്. തുടര്‍ന്ന് ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാകാനും നാദിക്ക് കഴിഞ്ഞു. ഫ്ളഷ് തിയേറ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുമ്പോള്‍ വിവിധ ചിത്രങ്ങളുടെ ഭാഗമായി നാദി അഭിനയിച്ചുവരികയാണ്. യുവനടൻ ഷഹിന്‍ സിദ്ധിക്കിനൊപ്പം ‘മഹലി’ലും, സംവിധായകന്‍ അനുറാം ഒരുക്കുന്ന പേരിടാത്ത പുതിയ ചിത്രത്തിലും നാദി അഭിനയിച്ചു കഴിഞ്ഞു. പ്രശാന്ത് അലക്സാണ്ടര്‍ കേന്ദ്രകഥാപാത്രമാകുന്ന അനുറാം ചിത്രത്തില്‍ ‘ഇമ്രാന്‍’ എന്ന ഐ.പി.എസ് ക്യാരക്ടറാണ് നാദി ചെയ്തത്. യു.കെ യിലും ആക്റ്റ് ലാബില്‍ നിന്നും അഭിനയ പരിശീലനം നേടിയ നാദി ഏറെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് സിനിമയില്‍ സജീവമാകുന്നത്. ഇതിനിടെ ഒരു തമിഴ് ചിത്രത്തിലും നാദി അഭിനയിച്ചു. നല്ല ചിത്രങ്ങളുടെ ഭാഗമാകുന്നതിലും നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നതിലും ഏറെ സന്തോഷമുണ്ടെന്ന് നാദി ബക്കര്‍ പറഞ്ഞു.

‘ഫ്ളഷ് ‘ഒരു രാജ്യത്തിന്‍റെ ദുരവസ്ഥ ചിത്രീകരിക്കുന്ന സിനിമയാണ്. സോഷ്യല്‍ പൊളിറ്റിക്സ് ചര്‍ച്ച ചെയ്യുന്ന ആ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് നാദി ബക്കര്‍ പറഞ്ഞു.

Content Highlights: Naadi Backer in Flush movie