എന്‍. കണ്ണനെതിരായ വര്‍ഗീയപ്രചരണം; മീഡിയവണ്ണിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം.വി. ഗോവിന്ദന്‍
Kerala
എന്‍. കണ്ണനെതിരായ വര്‍ഗീയപ്രചരണം; മീഡിയവണ്ണിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം.വി. ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th July 2025, 4:36 pm

തിരുവനന്തപുരം: വണ്ടൂര്‍ മുന്‍ എം.എല്‍.എ എന്‍. കണ്ണനെതിരായ വര്‍ഗീയ പ്രചാരണത്തില്‍ മീഡിയ വണ്ണിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്യമത വിഭാഗങ്ങളോട് ശത്രുതാപരമായ നിലപാട് പുലര്‍ത്തുന്ന ആശയങ്ങളാണ് ജമാത്തെ ഇസ്‌ലാമിയുടെ പ്രത്യയശാസ്ത്രത്തില്‍ ഉള്ളതെന്നും ഈ സംഘടന നടത്തുന്ന ചാനലാണ് മീഡിയവണ്ണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീഡിയവണ്‍ ഇടതുപക്ഷത്തെ തുടര്‍ച്ചയായി ആക്രമിക്കുകയാണെന്നും അതിനുവേണ്ടി കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. എന്‍. കണ്ണനെയും വണ്ടൂര്‍ മണ്ഡലത്തെയും അപമാനിക്കുന്ന രീതിയിലാണ് മീഡിയവണ്‍ പ്രചരണം നടത്തുന്നതെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

നിയമസഭയില്‍ മലപ്പുറം ജില്ലയുടെ മതനിരപേക്ഷത ഉയര്‍ത്തിക്കാട്ടിയ പ്രവര്‍ത്തകനാണ് എന്‍. കണ്ണന്‍. എന്നാല്‍ മലപ്പുറത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാന്‍ എന്‍.ഡി.എഫ് പോലുള്ള സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്നാണ് എന്‍. കണ്ണന്‍ നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

മതപരമായ വിഭജനം നടത്തിക്കൊണ്ട് മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കുന്നതിന് എതിരെയാണ് എന്‍. കണ്ണന്‍ സംസാരിച്ചതെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. എന്‍. കണ്ണന്‍ ഉയര്‍ത്തിയ വിഷയത്തിന്റെ ഉള്ളടക്കം വളച്ചൊടിക്കാന്‍ ശ്രമിക്കുന്ന മീഡിയവണ്ണിന്റെ നീക്കം അപലപനീയമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

പൊലീസിനെതിരെയും മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഇടപെടല്‍ ചാനലിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ കോടതിക്ക് മുന്നിലെത്തിക്കാനാണ് തീരുമാനം. മീഡിയവണ്ണിനും ചാനലിന്റെ മാനേജിങ് എഡിറ്ററായ ദാവൂദിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ നിലപാട് രാജ്യത്തെ മതനിരപേക്ഷതയെ തന്നെ തകര്‍ക്കുന്നതാണ്. രാഷ്ട്രീയ നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുന്നതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയത്തെ തുറന്നുകാട്ടി മതനേതാക്കള്‍ തന്നെ രംഗത്തുവന്നിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. എന്നാല്‍ ജമാഅത്തെയെ പിന്തുണക്കുന്ന യു.ഡി.എഫിന്റെ നിലപാട് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തോടുള്ള വെല്ലുവിളിയാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

1999ല്‍ നിയമസഭയില്‍ എന്‍. കണ്ണന്‍ തീവ്രവാദ സംഘടനയായ എന്‍.ഡി.എഫിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ മലപ്പുറം ജില്ലയെ കുറിച്ചാണെന്നാണ് മീഡിയ വണ്ണിന്റെ പ്രചരണം. ഇതിനുപിന്നാലെ 1999 മാര്‍ച്ച് 23ന് എന്‍. കണ്ണന്‍ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന്‍ രേഖ പുറത്തുവന്നിരുന്നു.

Content Highlight: M.V. Govindan says he will take legal action against MediaOne