ബീഹാര്‍ ജനത പ്രതിപക്ഷത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ല; വോട്ടുവിഹിതം നിരാശപ്പെടുത്തുന്നില്ല: എന്‍.ഇ. സുധീര്‍
India
ബീഹാര്‍ ജനത പ്രതിപക്ഷത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ല; വോട്ടുവിഹിതം നിരാശപ്പെടുത്തുന്നില്ല: എന്‍.ഇ. സുധീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th November 2025, 2:51 pm

കൊച്ചി: ബീഹാറിലെ ജനങ്ങള്‍ പ്രതിപക്ഷ സഖ്യത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ലെന്ന് സാമൂഹിക നിരീക്ഷകന്‍ എന്‍.ഇ. സുധീര്‍. ഹിന്ദുത്വവാദികളെ ബീഹാര്‍ ജനത അപ്പാടെ മനസിലേറ്റിയിട്ടില്ലെന്നും എന്‍.ഇ. സുധീര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എന്‍.ഇ. സുധീര്‍ തന്റെ നിരീക്ഷണം പങ്കുവെച്ചത്.

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം വേദനിപ്പിക്കുന്നത് തന്നെയാണെന്നും എന്‍.ഇ. സുധീര്‍ പറയുന്നു. എന്നാല്‍ പ്രതിപക്ഷം നിരാശപ്പെടേണ്ടതില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. 202 സീറ്റുകളോടെ എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തും. കേവലം 35 സീറ്റുമായി ഇന്ത്യാ സഖ്യം പ്രതിപക്ഷത്തിരിക്കും. എന്നാല്‍ വോട്ട് ശതമാനത്തിന്റെ കണക്കുകള്‍ അത്ര നിരാശപ്പെടുത്തുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

202 സീറ്റുകള്‍ നേടിയ എന്‍.ഡി.എയ്ക്ക് നേടാന്‍ കഴിഞ്ഞത് 46.7 ശതമാനം വോട്ടുകളാണ്. വെറും 35 സീറ്റിലൊതുങ്ങിയ ഇന്ത്യാ സഖ്യത്തിന് 37.5 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു. ഇവ തമ്മില്‍ പത്ത് ശതമാനത്തിന്റെ വ്യത്യാസമേയുള്ളൂവെന്നും എന്‍.ഇ. സുധീര്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ വോട്ടുവിഹിതം നേടിയ ഒറ്റകക്ഷി ആര്‍.ജെ.ഡിയാണ്. 22 ശതമാനം വോട്ടുവിഹിതം നേടിയ ആര്‍.ജെ.ഡി 25 സീറ്റിലാണ് വിജയിച്ചത്. അതേസമയം 89 സീറ്റുകള്‍ നേടിയ ബി.ജെ.പിയ്ക്ക് 20.6 ശതമാനം വോട്ടുവിഹിതമാണ് ലഭിച്ചതെന്നും എന്‍.ഇ. സുധീര്‍ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പുകള്‍ വിജയിക്കുക എന്നത് ഏറെ കൗശലവും തന്ത്രങ്ങളും ആവശ്യപ്പെടുന്ന ഒന്നായിരിക്കുന്നു. അക്കാര്യത്തില്‍ ബി.ജെ.പി ഏറെ മുന്നിലാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അതുകൊണ്ടാണ് ബീഹാര്‍ വീണ്ടും എന്‍.ഡി.എയുടെ കൈകളിലായത്. ബി.ജെ.പി വിരുദ്ധ വികാരം സൃഷ്ടിക്കുന്നതില്‍ വിജയിച്ചാല്‍ മാത്രമേ ഇന്ത്യ രക്ഷപ്പെടുകയുള്ളൂവെന്നും എന്‍.ഇ. സുധീര്‍ പറഞ്ഞു.

നിലവില്‍ ബി.ജെ.പിയും ജെ.ഡി.യും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കളത്തിലിറക്കിയാണ് ബീഹാറിലെ മഹാസഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്.

എന്നാല്‍ എന്‍.ഡി.എ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും ഉയര്‍ത്തി കാണിച്ചിരുന്നില്ല. ഇക്കാരണത്താല്‍ 20 വര്‍ഷം മുഖ്യമന്ത്രി പദവിയിലിരുന്ന ജെ.ഡി.യു മേധാവി നിതീഷ് കുമാര്‍ വീണ്ടും ബീഹാര്‍ മുഖ്യമന്ത്രിയാകുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍.

Content Highlight: N.E. Sudheer says People of Bihar have not completely rejected the opposition