'ഈ പെണ്ണാണ് എന്റെ കഥാപാത്രത്തിന് ആപ്റ്റ്' എന്ന് സംവിധായകൻ; തമിഴിലെ തുടക്കം അങ്ങനെ: ഭാവന
Indian Cinema
'ഈ പെണ്ണാണ് എന്റെ കഥാപാത്രത്തിന് ആപ്റ്റ്' എന്ന് സംവിധായകൻ; തമിഴിലെ തുടക്കം അങ്ങനെ: ഭാവന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd October 2025, 9:45 am

മലയാളികളുടെ ഇഷ്ട നടിയാണ് ഭാവന. 2002ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. ബിഗ് സ്‌ക്രീനിൽ എത്തിയ ഭാവന പിന്നീട് വളരെ പെട്ടെന്നായിരുന്നു തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറിയത്.

ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഭാവന അഭിനയിച്ചിരുന്നു. തമിഴിൽ നിന്നും ഒരു ബ്രേക്ക് എടുത്ത നടി ഇപ്പോൾ വീണ്ടും കോളിവുഡിൽ സജീവമാകാൻ പോകുകയാണ്. ഇപ്പോൾ തമിഴ് സിനിമയിൽ ആദ്യമായി അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി.

‘ഇന്നത്തെപ്പോലെ അന്ന് സോഷ്യൽ മീഡിയാസ് ഒന്നും ഇല്ലായിരുന്നു. ഒരു ചായക്കടയിൽ വെച്ച് എന്റെ മുഖചിത്രമുള്ള മലയാള വാരിക കണ്ടിട്ട് ‘ഈ പെണ്ണാണ് എന്റെ കഥാപാത്രത്തിന് ആപ്റ്റ്’ എന്ന് തീരുമാനിച്ച് മിസ്കിൻ (സംവിധായകൻ) എന്നെ ബന്ധപ്പെടുകയായിരുന്നു.

ചിത്തിരം പേശുതടി‘യുടെ കഥ കേട്ടപ്പോൾ തന്നെ എന്റെ കഥാപാത്രം എനിക്ക് ഇഷ്ടപ്പെട്ടു. എന്നാൽ അച്ഛനാകട്ടെ നമുക്ക് പരിചയമില്ലാത്ത തമിഴ് മേഖലയിലേക്ക് പോകേണ്ട എന്ന് പറഞ്ഞ് തടഞ്ഞു. എങ്കിലും എനിക്ക് ആ കഥാപാത്രം ചെയ്യണമെന്ന് വാശിപിടിച്ച് അഭിനയിച്ചു,’ ഭാവന പറയുന്നു.

ചിത്തിരം പേശുതടി മുതൽ അസൽ വരെ തുടർച്ചയായി തമിഴിൽ അഭിനയിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ബ്രേക്ക് എടുത്തു എന്നേയുള്ളൂ. തമിഴ് സിനിമയെ വിട്ടുപോയിട്ടൊന്നുമില്ലെന്നും നടി പറയുന്നു.

തമിഴ് സിനിമകളിലെ ഇഷ്ടഗാനങ്ങളെക്കുറിച്ചും നടി സംസാരിച്ചു.

ദീപാവലി എന്ന സിനിമയിലെ എല്ലാ പാട്ടുകളും തന്റെ ഫേവറൈറ്റ് ആണെന്നും വെയിൽ, ചിത്തിരം പേശുതടി, വാഴ്ത്തുക്കൾ, ജയം കൊണ്ടെയ്ൻ തുടങ്ങി എല്ലാ സിനിമയിലെ പാട്ടുകളും ഇഷ്ടമാണെന്നും ഭാവന പറഞ്ഞു. തനിക്കിനി കമൽ ഹാസനൊപ്പം അഭിനയക്കണമെന്നാണ് ആഗ്രഹമെന്നും തന്റെ അമ്മ അദ്ദേഹത്തിന്റെ വലിയ ആരാധികയാണെന്നും അവർ കൂട്ടിച്ചേർത്തു.

Content Highlight: Mysskin contacted me after seeing a Malayalam weekly with my picture says Bhavana