ബെംഗളൂരു: മൈസൂരു ദസറ ഉദ്ഘാടനം ചെയ്യാന്‍ ബുക്കര്‍ അവാര്‍ഡ് ജേതാവായ ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെതിരായ പൊതുതാത്പര്യ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളി.
ദസറ ഉദ്ഘാടനം ചെയ്യാന്‍ ബാനു മുഷ്താഖിനെ ക്ഷണിക്കുന്നതിനെതിരെ ബി.ജെ.പി നേതാവും കുടക് മുന്‍ എം.പിയുമായ പ്രതാപ് സിംഗ, ടി. ഗിരീഷ് കുമാര്‍, ആര്‍. സൗമ്യ, എച്ച്. എസ് . ഗൗരവ് എന്നിവർ സമര്‍പ്പിച്ച പൊതു താത്പര്യ ഹരജികളാണ് തിങ്കളാഴ്ച ഹൈക്കോടതി തള്ളിയത്.
വ്യത്യസ്ത വിശ്വാസത്തിലുള്ള ഒരാളെ ക്ഷണിക്കുന്നത് ഭരണഘടനാപരമോ നിയമപരമോ ആയ അവകാശത്തെ ലംഘിക്കുന്നു എന്ന വാദങ്ങള്‍ അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് വിഭു ബ്വക്രു, ജസ്റ്റിസ് സി. എം. ജോഷി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ രാജ്യത്ത് അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് ഒരു തെറ്റല്ലെന്നും ഹരജികൾ പരിഗണിക്കവേ ചീഫ് ജസ്റ്റിസ് വിഭു ബ്വക്രു ചൂണ്ടിക്കാട്ടി. ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള അവകാശങ്ങളിൽ ഏതാണ് ലംഘിക്കപ്പെട്ടതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
ദസറ ഉദ്ഘാടനം ചെയ്യുന്നത് ബാനു മുഷ്താഖാണെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ ധാരാളം എതിര്‍പ്പുകള്‍ വന്നിരുന്നു.
കന്നടയെ ഭുവനേശ്വരി ദേവിയായി ആരാധിക്കുന്നതില്‍ മുഷ്താഖ് എതിര്‍പ്പ് പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുള്ള ഒരു പഴയ വിഡിയോ വൈറലായിരുന്നു. ഇതിനെ ചൂണ്ടിക്കാട്ടി ഒരു ഹിന്ദു ദേവതയെ ആരാധിക്കുന്നതില്‍ മുഷ്താഖിന് വിശ്വാസമില്ലെന്ന് പ്രതാപ് സിംഗയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
ദസറ ഉദ്ഘാടന വേളയിൽ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹത്തിൽ പുഷ്പാർച്ച നടത്തണമെന്നും വേദമന്ത്രങ്ങൾ ഉരുവിടുന്നതും മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കുന്നതും ആചാരത്തിൽ ഉൾപ്പെടുന്നുണ്ടെന്നും ഹരജിയിൽ പറഞ്ഞു.
‘ഹിന്ദു വിരുദ്ധവും കന്നഡ വിരുദ്ധവുമായ’ പ്രസ്താവനകള്‍ അവര്‍ പിന്‍വലിച്ചാല്‍ അവരെ ക്ഷണിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നെന്നും സിംഗ പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട കമ്മിറ്റിയിലാണ് തീരുമാനമെടുത്തതെന്നും 2017ല്‍ പ്രശസ്ത കവി നിസാര്‍ അഹമ്മദ് ദസറ ഉദ്ഘാടനം ചെയ്തതിനെ പ്രതാപ് സിംഗ എതിര്‍ത്തില്ലെന്നും സര്‍ക്കാറിന് വേണ്ടി ഹാജറായ അഡ്വ. ജനറല്‍ വാദിച്ചു.
കോടതി വിധി നീതി നടപ്പിലാത്തിയെന്നും നീതിന്യായ വ്യവസ്ഥയെ നമിക്കുന്നുവെന്നുമാണ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അറിയിച്ചത്. പ്രതാപ് സിംഗയുടെത് രാഷ്ട്രീയ പ്രശസ്തിക്കുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യുന്നതിനെതിരെ കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്ലാജെയും രംഗത്ത് വന്നിരുന്നു. ബാനു മുഷ്താഖ് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുകയാണെന്നും പറഞ്ഞിരുന്നു.
എന്നാല്‍, എല്ലാ സമുദായങ്ങള്‍ക്കും വേണ്ടിയുള്ള ഒരു മതേതര – സാംസ്‌കാരിക ഉത്സവമാണ് ദസറയെന്നാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതിനെക്കുറിച്ച് മുമ്പ് പ്രതികരിച്ചത്.
ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, മുസ്‌ലിങ്ങള്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍ തുടങ്ങി എല്ലാവര്‍ക്കുമുള്ള ഉത്സവമാണ് ദസറയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുക്കര്‍ സമ്മാന ജേതാവ് ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യണമെന്ന് താന്‍ തീരുമാനിച്ചുവെന്നും ഉന്നതാധികാര സമിതിയാണ് തനിക്ക് അനുമതി നല്‍കിയതെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Content Highlight: Mysore Dussehra: Karnataka High Court dismisses petition against Banu Mushtaq