ജനീവയിലെ നവകേരളനിര്‍മ്മാണം
Opinion
ജനീവയിലെ നവകേരളനിര്‍മ്മാണം
ന്യൂസ് ഡെസ്‌ക്
Wednesday, 29th May 2019, 10:04 am

മൈന ഉമൈബാന്‍

‘കേരളം പുനര്‍നിര്‍മ്മിക്കുക എന്ന ബൃഹദ് ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രളയത്തിനു മുമ്പ് ഉണ്ടായിരുന്നത് പുനഃസ്ഥാപിക്കുകയല്ല ഇതിന്റെ ലക്ഷ്യം. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളുടെ ആഘാതം താങ്ങാന്‍ ശേഷിയുള്ള ഒരു പുതിയ കേരളം നിര്‍മ്മിക്കാനാണ് കേരള പുനര്‍നിര്‍മ്മാണത്തിലൂടെ ഉദ്ദേശിക്കുന്നത്.

കേരള പുനര്‍നിര്‍മ്മാണ ദൗത്യം ഒരു കര്‍മ്മപദ്ധതിയായാണ് നടപ്പാക്കുന്നത്. പ്രകൃതിസൗഹൃദ നിര്‍മ്മാണ രീതികള്‍, നദീജലത്തിന് കൂടുതല്‍ ഇടം നല്‍കുന്ന നയങ്ങള്‍, പ്രളയത്തോടൊപ്പം ജീവിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ശൈലി എന്നിവയാണ് ഈ ദൗത്യത്തിന്റെ മുഖ്യഘടകങ്ങള്‍. കേരള സംസ്ഥാനത്തിന് സാമൂഹിക സുരക്ഷാ നടപടികളുടെ ഒരു ദീര്‍ഘമായ ചരിത്രമുണ്ട്. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലെ ഇടപടലുകള്‍ തുടങ്ങി നിരവധി പുരോഗമനപരമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള സംസ്ഥാനത്തിന് ഇപ്പോഴത്തെ ദൗത്യവും ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയുണ്ട്. ശക്തമായ വികേന്ദ്രീകൃത ഭരണസമ്പ്രദായം ഇക്കാര്യത്തില്‍ നമുക്ക് വലിയ താങ്ങായിരിക്കും.’

മെയ് 13ന് ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളാണിവ.

ഇക്കഴിഞ്ഞ മെയ് 13 ,14 തീയതികളില്‍ ജനീവയില്‍ വെച്ചാണ് ലോക പുനര്‍നിര്‍മ്മാണ സമ്മേളനം നടന്നത്. ലോകബാങ്കും ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ കമ്മീഷനും സംയുക്തമായാണ് ഈ സമ്മേളനം നടത്തിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ദുരന്തങ്ങള്‍, ആ പ്രദേശങ്ങള്‍ നേരിട്ട രീതി എന്തെന്ന് അറിയുന്നതിനും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏതു വിധത്തിലാണ് നടക്കുന്നത് എന്നും പരസ്പരം പങ്കുവയ്ക്കുന്നതിനും മനസ്സിലാക്കുന്നതിനും അതിനനുസരിച്ച് നയരൂപീകരണം നടത്തുന്നതിനുമുള്ള ആഗോള പരിസരം സൃഷ്ടിക്കുകയാണ് ലോക പുനര്‍നിര്‍മ്മാണ സമ്മേളനം ലക്ഷ്യം വെയ്ക്കുന്നത്. ദുരന്ത പ്രദേശങ്ങളിലെ സര്‍ക്കാര്‍ സംവിധാനം, പുനര്‍നിര്‍മാണത്തിന് രൂപരേഖ ഉണ്ടാക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ടാവാമെങ്കിലും സമ്മേളനത്തില്‍ നിന്ന് കിട്ടുന്ന പുതിയ അറിവുകള്‍ കൂടി ഉള്‍പ്പെടുത്തി മെച്ചപ്പെട്ട നയരേഖ ഉണ്ടാക്കാന്‍ സാധിക്കുന്നു.

വിവിധ പ്രദേശങ്ങളിലെ ഭരണകര്‍ത്താക്കള്‍, ഉദ്യോഗസ്ഥര്‍, സംഘടനാ പ്രവര്‍ത്തകര്‍, ഗവേഷകര്‍, യുവജനങ്ങള്‍, ദുര്‍ബല വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ തുടങ്ങി താല്പര്യമുള്ളവര്‍ക്ക് ഈ സമ്മേളനത്തില്‍ പ്രതിനിധികള്‍ ആവാം. ആറായിരത്തോളം പേരാണ് ഇത്തവണ സമ്മേളനത്തില്‍ പങ്കെടുത്തത്.

ദുരന്തം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. എന്നാല്‍ വിപല്‍ കാലാവസ്ഥാ നിര്‍വ്വഹണത്തിലൂടെ (climate risk management) സുസ്ഥിര വികസനം ലക്ഷ്യമാക്കുന്നു കോണ്‍ഫറന്‍സ്. സുസ്ഥിര വികസനം നടപ്പില്‍ വരുത്തേണ്ടത് ദുരന്തത്തേയും വിപല്‍കാലാവസ്ഥയേയും എങ്ങനെ നേരിടാം എന്നാലോചിച്ചു കൊണ്ടാവണം. ദുരന്തം മുന്‍കൂട്ടി കാണുവാനും വിലയിരുത്തുവാനും അതിനനുസരിച്ച് ദുരന്ത ലഘൂകരണം നടത്തുവാനുമുള്ള പദ്ധതി ആസൂത്രണം ചെയ്യുവാനും കഴിയേണ്ടതുണ്ട്. ദുരന്തം മൂലമുണ്ടായേക്കാവുന്ന സാമൂഹ്യ-സാമ്പത്തിക നഷ്ടം കുറയ്ക്കുവാനും പാരിസ്ഥിതിക തകര്‍ച്ച കുറയ്ക്കുന്ന തരത്തിലുമാവണം പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തേണ്ടത്.

ഇത്തവണത്തെ വിഷയം ‘inclusion for resilient recovery’ എന്നതായിരുന്നു. ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മാണം നടത്തുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ആശയം.

എല്ലാ വ്യക്തികളെയും സമൂഹത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം. അതിനു വേണ്ടി ഓരോരുത്തരുടേയും കഴിവ് മെച്ചപ്പെടുത്തുക, കൂടുതല്‍ അവസരങ്ങള്‍ നല്‍കുക, ആദരം നല്‍കുക, വ്യക്തികളിലെ കുറവുകളെ പരിഹരിച്ച് സമൂഹത്തിന്റെ ഭാഗമാക്കുക തുടങ്ങിയവയാണ് സമ്മേളനം വിഭാവനം ചെയ്തത്.

മറ്റുള്ളവരുടെ അനുഭവങ്ങളും കാര്യക്ഷമമായ പരിഹാരമാര്‍ഗ്ഗങ്ങളും മനസ്സിലാക്കുന്നതിലൂടെ മെച്ചപ്പെട്ട ആശയങ്ങള്‍ ലഭിക്കുന്നതിനും അതിലൂടെ കൂടുതല്‍ മെച്ചപ്പെട്ട പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നതിനും സാധിക്കും.

സമ്മേളനം തുടങ്ങുന്നത് ഓപ്പണിങ് പ്ലീനറിയോടെയാണ്. കൂടാതെ, സമ്മേളന ദിവസങ്ങളിലുള്ള മൂന്നോ നാലോ പ്ലീനറി സെഷന്‍, ഒരേ സമയം പല ഹാളുകളില്‍ നടക്കുന്ന സമാന്തര സാങ്കേതിക സമ്മേളനങ്ങള്‍ ഇങ്ങനെയാണ് സമ്മേളനത്തിന്റെ രീതി. ഓപ്പണിംഗ് പ്ലീനറിയില്‍ മുഖ്യപ്രഭാഷണം നടത്താനുള്ള അവസരമാണ് നമ്മുടെ മുഖ്യമന്ത്രിക്ക് ലഭിച്ചത്. ഇന്ത്യയിലെ മറ്റൊരു മന്ത്രിക്കോ മുഖ്യമന്ത്രിക്കോ ഇങ്ങനെയൊരു അവസരം ലഭിച്ചിട്ടില്ല.

2018 ഓഗസ്റ്റിലുണ്ടായ പ്രളയം കേരള ജനത ഒറ്റക്കെട്ടായി നിന്നുകൊണ്ടാണ് അതിജീവിച്ചത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.


പ്രത്യേകിച്ച് യുവാക്കളും വിദ്യാര്‍ത്ഥികളും അസാധാരണമായ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചു. കേരള സമൂഹത്തില്‍ വേരൂന്നിയ നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടതുകൊണ്ടാണ് അവര്‍ക്കിത് സാധ്യമായത്. കേരളത്തിലെ പൊതുസമൂഹവും സര്‍ക്കാരും ഐക്യത്തോടെയും പെട്ടെന്നും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കടലിനോട് മല്ലടിച്ച് നിത്യവൃത്തി കഴിക്കുന്ന മത്സ്യത്തൊഴിലാളിസമൂഹത്തോട് നമ്മള്‍ പ്രത്യേകം കടപ്പെട്ടിരിക്കുന്നു എന്നും അവരുടെ സമയോചിതമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഇതിലുമധികം ജീവനുകള്‍ പ്രളയത്തില്‍ നഷ്ടപ്പെടുമായിരുന്നു എന്നും അദ്ദേഹം എടുത്തു പറയുകയുണ്ടായി.

പ്രളയം നേരിട്ട പ്രദേശമെന്ന നിലയില്‍ കേരളത്തിന് പ്രത്യേക സെഷന്‍ ഉണ്ടായിരുന്നു. ഐക്യരാഷ്ട്ര സഭ ദുരന്ത ലഘൂകരണ വിഭാഗം സീനിയര്‍ ഉപദേശക ഡോ. കരേന്‍ സുദ്മീര്‍ മോഡറേറ്ററായിരുന്നു. ഡോ വേണു വാസുദേവന്‍ (CEO , Rebuild Kerala Initiative) ഡോ. ടി.എന്‍ സീമ( ഹരിത കേരളം മിഷന്‍) പീറ്റര്‍ പോള്‍ വാന്‍ മീല്‍ (advisor, integrated water resources manager, the Netherlands) ശ്രേയാംസ് കുമാര്‍ (Joint Managing Director, Mathrubhumi ) ആര്‍ക്കിടെക്ട് ജി. ശങ്കര്‍ ( ഹാബിറ്റാറ്റ് ടെക്‌നോളജീസ്) തുടങ്ങിയവര്‍ക്കൊപ്പം ഈ ലേഖികയും സംസാരിച്ചു.

എങ്ങനെയാണ് പ്രളയത്തെ നേരിട്ടത് എന്നും നവകേരളം എന്ന് പേരിട്ടിരിക്കുന്ന പുനര്‍നിര്‍മ്മാണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് എങ്ങനെയെല്ലാമാണെന്നുമാണ് ഡോ.വേണു വിശദീകരിച്ചത്.

പ്രളയത്തില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ഓരോ വില്ലേജിലും ദുരന്ത ലഘൂകരണത്തിന് സെല്‍ രൂപീകരിക്കുക, ഏതുകാലാവസ്ഥയെയും താങ്ങാന്‍ ശേഷിയുള്ള കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക, സന്നദ്ധ പ്രവര്‍ത്തകരെ സജ്ജരാക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യം. കേരളത്തെ പൂര്‍വ്വസ്ഥിതിയില്‍ ആക്കുക എന്നതല്ല മറിച്ച് മെച്ചപ്പെട്ട സൗകര്യങ്ങളോടെ നവകേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അത് സാധ്യമാണെന്ന ശുഭാപ്തി വിശ്വാസവും ഔത്സുക്യവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തണ്ണീര്‍ തടങ്ങളില്ലാതായതും പുഴകളുടെയും തോടുകളുടെയും ജലനിര്‍ഗമന മാര്‍ഗങ്ങള്‍ അടഞ്ഞു പോയതും വനമേഖലയിലെ ജലസംഭരണ ശേഷി കുറഞ്ഞതും മറ്റുമാണ് പ്രളയത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചത്. ഈ നിലയിലുള്ള പാരിസ്ഥിതിക തകര്‍ച്ചയെ തിരുത്തുക എന്നത് പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ പ്രധാനമാണ്. സുസ്ഥിര പാരിസ്ഥിതിക വികസനം ഉറപ്പാക്കുന്നവയാവണം പുനര്‍നിര്‍മ്മാണ പ്രോജക്ടുകള്‍ എന്ന് ഡോ ടി.എന്‍ സീമ പ്രളയവും പരിസ്ഥിതിയും എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു.

പോള്‍ വാല്‍മീല്‍ സംസാരിച്ചത് വാട്ടര്‍ മാനേജ്‌മെന്റ് സിസ്റ്റത്തെക്കുറിച്ചായിരുന്നു. നദികളുടെയും ജലാശയങ്ങളുടെയും ആഴം വര്‍ധിപ്പിക്കാനും സ്വഭാവിക നീരൊഴുക്ക് തടസപ്പെടാതെ വെള്ളത്തിന്റെ വാഹകശേഷി വര്‍ധിപ്പിക്കാനും കഴിയുന്ന രീതിയാണ് ‘റൂം ഫോര്‍ റിവര്‍’. സമുദ്രനിരപ്പിന് താഴെയുള്ള ഭൂപ്രദേശമായതിനാല്‍ കൃഷി, മനുഷ്യവാസം, ആവാസവ്യവസ്ഥ തുടങ്ങിയ കാര്യങ്ങളിലെല്ലാം പ്രത്യേക ശ്രദ്ധ നല്‍കേണ്ടതാണ്.

നെതര്‍ലന്‍ഡ്‌സിലെ ഗണ്യമായ പ്രദേശം സമുദ്രനിരപ്പില്‍നിന്ന് അഞ്ചര മീറ്റര്‍വരെ താഴെയാണ്. ദശാംശം ആറുമുതല്‍ മൂന്നുമീറ്റര്‍വരെ താഴെയാണ് കുട്ടനാട്. യൂറോപ്പിലെ വടക്കുപടിഞ്ഞാറന്‍ രാജ്യമായ നെതര്‍ലന്‍ഡ്‌സ് ജലപരിപാലനരംഗത്ത് ലോകത്തിന് മാതൃകയാണ്. ഈ രംഗത്തുള്ള അവരുടെ ശാസ്ത്രീയ അറിവുകള്‍ കുട്ടനാട്ടിലെ കൃഷിയിലും മനുഷ്യജീവിതത്തിലും പ്രയോജനപ്പെടുത്താനുള്ള കര്‍മ പദ്ധതിയാണ് നടപ്പാക്കണമെന്ന നിര്‍ദേശിച്ചു അദ്ദേഹം.

എനിക്ക് കിട്ടിയ വിഷയം ലിംഗനീതിയായിരുന്നു.

മാനവ വികസന സൂചികയില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പം നേട്ടം ഉണ്ടെങ്കിലും കേരളത്തിലെ സ്ത്രീയുടെ അവസ്ഥ അത്ര മികച്ചതല്ല. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ രംഗത്ത് നേട്ടമുണ്ടങ്കിലും ജന്‍ഡര്‍ സെന്‍സിബിലിറ്റി കുറഞ്ഞ സമൂഹമാണ് കേരളം. ഗാര്‍ഹിക പീഡനങ്ങളും മാനസികാഘാതങ്ങളും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. സമ്പൂര്‍ണ്ണ സാക്ഷരരായിരുന്നിട്ടും തൊഴില്‍ പങ്കാളിത്തത്തിലും രാഷ്ട്രീയ പങ്കാളിത്തത്തിലും ദേശീയ ശരാശരിയേക്കാള്‍ പിന്നിലാണ് കേരളം.

പ്രളയ സമയത്ത് സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

വീടുകളിലെ കാണാപണികളില്‍ കുറവു വരുത്തുക, തൊഴില്‍ സാധ്യതകള്‍ ഉണ്ടാക്കുക, പീഡനങ്ങള്‍ തടയുക, വീടുപോലുള്ളവയിലെ ഉടമസ്ഥാവകാശം തുല്യതയിലെത്തിക്കുക, നയപരമായ തീരുമാനങ്ങളെടുക്കുന്ന രംഗത്തേക്ക് സ്ത്രീകളെ ഉയര്‍ത്തുക, സമത്വത്തെക്കുറിച്ചുള്ള ബോധമുണ്ടാക്കുക തുടങ്ങിയവയാണ് ലിംഗനീതി ഉറപ്പാക്കാന്‍ ചെയ്യേണ്ടത് എന്നാണ് പ്രധാനമായി സംസാരിച്ചത്.

പ്രളയകാലത്ത് മാധ്യമങ്ങള്‍ വഹിച്ച പങ്കിനെക്കുറിച്ചാണ് എം.വി ശ്രേയാംസ് കുമാര്‍ സംസാരിച്ചത്.

പുനര്‍നിര്‍മ്മാണ പ്രവൃത്തികളില്‍ ആര്‍ക്കിടെക്ടുകളുടെ സേവനം ഉള്‍ക്കൊള്ളിക്കണമെന്ന് ജി.ശങ്കര്‍ പറഞ്ഞു. കേരളത്തിന്റെ അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടിപ്പാവകളെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയും അത് വലിയ ശ്രദ്ധ നേടുകയും ചെയ്തു.

കേരളാ സെഷന്റെ ചുക്കാന്‍ പിടിച്ചത് ഐക്യരാഷ്ട്രരസഭ പരിസ്ഥിതി പ്രോഗ്രാം ദുരന്ത ലഘൂകരണ വിഭാഗം തലവനായ ഡോ. മുരളി തുമ്മാരുകുടിയാണ്. അതിജീവനശ്രമങ്ങളില്‍, പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തിയില്‍ കേരളം ഏറെ മുന്നിലാണെന്നാണ് പൊതുവേ ഉണ്ടായ വിലയിരുത്തല്‍.

സമ്മേളന ഹാളുകളില്‍ ചക്രക്കസേരകള്‍ക്കുള്ള സ്ഥാനം മുന്നില്‍ തന്നെ ഒരുക്കിയിരുന്നു. ദുര്‍ബല വിഭാഗത്തെ എങ്ങനെ ഉള്‍ക്കൊള്ളണം എന്നതിനുള്ള സാക്ഷ്യപ്പെടുത്തലായിരുന്നു അത്. ചക്രക്കസേരകളില്‍ സഞ്ചരിക്കുന്നവര്‍, മറ്റുള്ളവരുടെ സഹായത്തില്‍ നടക്കുന്നവര്‍, കൈത്തൊട്ടിലില്‍ കുഞ്ഞുങ്ങളുമായെത്തിയ യുവതികള്‍ തുടങ്ങിയവ കൗതുകകരമായിരുന്നു. ഇവര്‍ അപൂര്‍വ്വതയായിരുന്നില്ല. എല്ലായിടത്തും അവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

സുഹൃത്തുക്കളുടെ സഹായത്താല്‍ അഫ്ഗാന്‍ പോലുള്ള വിദൂരസ്ഥലങ്ങളിലിരുന്ന് വിര്‍ച്ച്വല്‍ കോണ്‍ഫറന്‍സ് റിയാലിറ്റി അനുഭവവേദ്യമാക്കിയത് വിസ്മയത്തോടെയാണ് കണ്ടു നിന്നത്. അവര്‍ കോണ്‍ഫറന്‍സ് വേദിയില്‍ നടക്കുന്ന പരിപാടികള്‍ വീക്ഷിക്കുക മാത്രമല്ല വേദിക്ക് പുറത്ത് അലഞ്ഞു നടക്കുന്ന പ്രതിനിധികളുമായി വരെ സംവദിക്കുന്നുണ്ടായിരുന്നു.

കേരളത്തില്‍ നിന്ന് പങ്കെടുക്കുന്ന വ്യക്തി എന്ന നിലയില്‍ എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊന്ന് സ്ത്രീകളുടെ പ്രാതിനിധ്യമായിരുന്നു. നേര്‍ പകുതിയോളം സ്ത്രീകളുണ്ടായിരുന്നു – പെണ്‍കുട്ടികള്‍ മുതല്‍ വടിയുടെ സഹായത്തില്‍ നടക്കുന്ന വൃദ്ധര്‍ വരെ. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍,

വംശത്തിലുള്ളവര്‍, പല നിറങ്ങളിലുള്ളവര്‍, പല വേഷക്കാര്‍ ഒഴുകി നടക്കുന്നു. ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തിന്റെ രണ്ടാം പതിപ്പില്‍ മുപ്പത് ശതമാനമായിരുന്നു സ്ത്രീ പ്രാതിനിധ്യമെങ്കില്‍ മൂന്നാം പതിപ്പില്‍ നാല്‍പ്പത് ശതമാനമായിരുന്നെന്നാണ് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് ചെയ്തത്. ഇക്കഴിഞ്ഞ നാലാം സമ്മേളനത്തില്‍ പകുതിയോളമെത്തുന്ന സ്ത്രീ പ്രാതിനിധ്യം സ്ത്രീകളുടെ ഭാവിയെ സംബന്ധിച്ച ശുഭോദര്‍ക്കമായ സൂചനയാണ് നല്‍കുന്നത്.

സഹസ്രാബ്ദങ്ങളായി നിലനിന്നിരുന്ന അടിമത്തത്തില്‍ നിന്ന് മോചനത്തിലേക്ക് നടന്നു വരുന്ന കാഴ്ച അത്ഭുതത്തോടെയാണ് നോക്കി നിന്നത്. സ്ത്രീ മുന്നോട്ടു തന്നെയാണ്. നാളെ അവളുടെ കൈകളിലാണ് ലോകം എന്ന് ഉറച്ച് വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നു.

വ്യക്തിപരമായി സ്ത്രീ എന്ന നിലയില്‍ മനുഷ്യജീവി എന്ന നിലയില്‍ എന്നെ തന്നെ പുനര്‍നിര്‍മ്മിക്കുന്നതായിരുന്നു ഈ സമ്മേളനം !