ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, തിലകന്‍, ശോഭന, വിന്ദുജ മേനോന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് പവിത്രം. ഗ്രാമീണ പശ്ചാത്തലത്തില്‍ വന്ന സിനിമക്ക് ഇന്നും ആരാധകരേറെയാണ്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് വിന്ദുജ മേനോന്‍.
എല്ലാത്തരത്തിലുള്ള നാടന്‍തനിമയുള്ള സീനുകളും പവിത്രത്തില്‍ ഉണ്ടായിരുന്നെന്നും ഒരു കലാകാരിയുടെ എല്ലാ പ്രത്യേകതകള്‍ കൂടി സംവിധായകന്‍ ആ സിനിമയില്‍ ഉപയോഗിച്ചെന്നും വിന്ദുജ മേനോന്‍ പറയുന്നു.
തനിക്ക് ഇഴുകിച്ചേരാന്‍ കഴിയുന്ന വിധം ആ കഥാപാത്രത്തെ ഉപയോഗിച്ചെന്നും താനൊഴിച്ച് അഭിനയിച്ചവരെല്ലാം സിനിമയില്‍ പരിചയമുള്ളവരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനെ ഇന്നും ചേട്ടച്ഛന്‍ എന്നാണ് വിളിക്കുന്നതെന്നും ശ്രേഷ്ഠമായ ക്രൂവിന്റെ അവസരം കിട്ടിയെന്നതാണ് ഭാഗ്യമെന്നും നടി പറഞ്ഞു. വനിതയോട് സംസാരിക്കുകയായിരുന്നു വിന്ദുജ മേനോന്‍.
‘നാട്ടിൻപുറത്തുകാരനായ ഒരാള്‍ വളര്‍ത്തുന്ന കുട്ടിക്ക് ആവശ്യമായ നാടന്‍ തനിമയുള്ള സീനുകള്‍ പവിത്രത്തില്‍ ധാരാളമുണ്ടായിരുന്നു. അതിനൊപ്പം ആ കഥാപാത്രത്തിനായി തെരഞ്ഞെടുക്കപ്പെട്ട കലാകാരിയുടെ എല്ലാ പ്രത്യേകതയും ഉപയോഗിക്കുക കൂടി ചെയ്തു സംവിധായകന്‍. എനിക്ക് ഇഴുകിച്ചേരാന്‍ കഴിയുന്ന വിധം രാജീവേട്ടന്‍ ആ കഥാപാത്രത്തെ മെനഞ്ഞെടുത്തു. എന്റെ മുടിയെയും നൃത്തത്തെയും അദ്ദേഹം ഉപയോഗിച്ചു.
ഞാനൊഴിച്ച് അഭിനയിച്ചവരെല്ലാം സിനിമാ പരിചയത്തില്‍ ഒന്നാം നിരക്കാരായിരുന്നു. ലാലേട്ടനെ ഇന്നും ചേട്ടച്ഛന്‍ എന്നാണ് വിളിക്കുന്നത്. അഭിനേതാക്കളുടെ ഗംഭീരനിര കൂടാതെ പി. ബാലചന്ദ്രന്‍ സാറിന്റെ സ്‌ക്രിപ്റ്റ്, ഒ.എന്‍.വി സാറിന്റെ വരികള്‍, ശരത്തേട്ടന്റെ സംഗീതം, യേശുദാസ്-ചിത്ര-സുജാത പോലുള്ളവരുടെ ശബ്ദമാധുര്യം, സന്തോഷ് ശിവന്‍ എന്ന അതുല്യ ക്യാമറാമാന്‍, വി.വേണുഗോപാല്‍ എന്ന പ്രതിഭാധനനായ എഡിറ്റര്‍, സാബു സിറിലിന്റെ കലാസംവിധാനം.
എക്കാലത്തെയും ശ്രേഷ്ഠമായ ക്രൂവിന്റെ കൂടെ അഭിനയിക്കാൻ അവസരം കിട്ടി എന്നതാണെന്റെ ഭാഗ്യം. ഇവരോടൊപ്പം പിടിച്ചു നില്‍ക്കാനുള്ള ധൈര്യം തന്നത് എന്റെ അമ്മയുടെ ശിക്ഷണവും നൃത്തം തന്ന ആത്മവിശ്വാസവുമാണ്,’ വിന്ദുജ മേനോന്‍ പറയുന്നു.
Content Highlight: My hair and dancing were used well in that film says Vinduja Menon