ഗായകൻ, അഭിനേതാവ്, സംവിധായകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വിനീത് ശ്രീനിവാസൻ. ശ്രീനിവാസൻ എന്ന നടൻ്റെ ലേബലിലാണ് സിനിമയിലേക്ക് കടന്നുവന്നതെങ്കിലും പിന്നീട് തൻ്റേതായ സ്ഥാനം വിനീത് ഉണ്ടാക്കിയെടുത്തു. 2003ൽ കിളിച്ചുണ്ടൻ മാമ്പഴത്തിലെ ‘കസവിന്റെ തട്ടമിട്ട്’ എന്ന പാട്ടിലൂടെയാണ് ഗാനരംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് നിരവധി സിനിമകളിൽ പാട്ടുപാടി.
സൈക്കിൾ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെ അഭിനയരംഗത്തേക്കും മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്കും അദ്ദേഹം പ്രവേശിച്ചു. ഇപ്പോൾ അച്ഛൻ ശ്രീനിവാസനെക്കുറിച്ച് പറയുകയാണ് വിനീത്.
തൻ്റെ സിനിമകൾ കണ്ടിട്ട് കൊള്ളാമെന്ന് അച്ഛൻ പറഞ്ഞിട്ടില്ലെന്നും തട്ടത്തിൻ മറയത്തിന്റെ തിരക്കഥ വായിച്ചപ്പോൾ നല്ല അഭിപ്രായം പറഞ്ഞെന്നും വിനീത് പറയുന്നു.
എഴുത്തിൽ അച്ഛൻ കൊണ്ടുവന്ന പുതുമയാണ് തനിക്കിഷ്ടമെന്നും സർക്കാസ്റ്റിക് ആയി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് അച്ഛന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അച്ഛനിലെ എഴുത്തുകാരനെയാണ് എനിക്ക് ഏറെ ഇഷ്ടമെന്നും സെൻസ് ഓഫ് ഹ്യൂമറും കാഴ്ചപ്പാടുകളുമല്ലാം അതിലുണ്ടാകുമെന്നും വിനീത് കൂട്ടിച്ചേർത്തു. സ്റ്റാർ & സ്റ്റൈൽ മാഗസിനിൽ സംസാരിക്കുകയായിരുന്നു വിനീത്.
‘എൻ്റെ സിനിമകൾ കണ്ടിട്ട് അച്ഛൻ ഇതുവരെ കൊള്ളാമെന്ന് പറഞ്ഞിട്ടില്ല. തട്ടത്തിൻ മറയത്തിന്റെ തിരക്കഥ വായിച്ചപ്പോൾ അച്ഛൻ വളരെ സന്തോഷത്തോടെ നല്ല അഭിപ്രായം പറഞ്ഞിരുന്നു. സത്യം പറഞ്ഞാൽ, ഞാൻ അച്ഛന്റെയടുത്ത് എൻ്റെ സിനിമകളെ കുറിച്ച് അഭിപ്രായം ചോദിക്കാറില്ല.
എഴുത്തിൽ അച്ഛൻ കൊണ്ടുവന്ന പുതുമ തന്നെയാണ് എനിക്കെന്നും ഇഷ്ടം. സർക്കാസ്റ്റിക് ആയ രീതിയിൽ വളരെ ആഴത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് അച്ഛനുണ്ട്. അച്ഛന്റെ തിരക്കഥകളിലെല്ലാം പുതുമയുള്ള ഒരു ജീവിതമുണ്ട്.
നമുക്ക് ചുറ്റും ജീവിക്കുന്ന പല മനുഷ്യരെയും ആ സിനിമകളിൽ കാണാം. ഒപ്പം അച്ഛന്റെ സെൻസ് ഓഫ് ഹ്യൂമറും കാഴ്ചപ്പാടുകളുമല്ലാം അതിലുണ്ടാവും. അതുകൊണ്ട് അച്ഛനിലെ എഴുത്തുകാരനെയാണ് എനിക്ക് ഏറെ ഇഷ്ടം,’ വിനീത് ശ്രീനിവാസൻ പറയുന്നു.
Content Highlight: My father never said that my films were good after watching them says Vineeth Sreenivasan