ഏത് രാജ്യമാണെങ്കിലും ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം; ഇന്ത്യയും പാകിസ്താനും സുഹൃദ് രാജ്യങ്ങളാകുന്നതാണ് തന്റെ സ്വപ്‌നമെന്നും മലാല
World News
ഏത് രാജ്യമാണെങ്കിലും ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം; ഇന്ത്യയും പാകിസ്താനും സുഹൃദ് രാജ്യങ്ങളാകുന്നതാണ് തന്റെ സ്വപ്‌നമെന്നും മലാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th February 2021, 6:42 pm

ലണ്ടന്‍: ഇന്ത്യയും പാകിസ്താനും സുഹൃദ് രാജ്യങ്ങളാകുന്നതാണ് തന്റെ സ്വപ്‌നമെന്ന് നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായി. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘I Am Malala: The Story of the Girl Who Stood Up for Education and was Shot by the Taliban’ എന്ന തന്റെ പുസ്തകത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മലാല.

ഏത് രാജ്യത്താണെങ്കിലും ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും മലാല ആവശ്യപ്പെട്ടു.

‘ഇന്ത്യയോ പാകിസ്താനോ ആകട്ടെ, ആ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. വിഷയം മതമല്ല, അധികാരചൂഷണമാണ്’, മലാല പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ എല്ലായിടത്തും അരക്ഷിതരാണെന്നും മലാല പറഞ്ഞു.

‘പാകിസ്താനിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും, ഇന്ത്യയിലെ മുസ്‌ലിങ്ങളും ദളിതരും, ഫലസ്തീനികളും, റോഹിങ്ക്യകളും… എല്ലാവരും അരക്ഷിതരാണ്. അധികാര കേന്ദ്രങ്ങളുടെ ചൂഷണമാണ് ഇവരെ അരക്ഷിതരാക്കുന്നത്. ആഗോളാടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണം’, മലാല ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തുന്നതും ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുന്നതും തന്നെ അലോസരപ്പെടുത്തുന്നുവെന്നും മലാല പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയും പാകിസ്താനും യഥാര്‍ത്ഥ സുഹൃത്തുക്കളാകണം. നമുക്ക് പരസ്പരം ഇരുരാജ്യങ്ങളിലേക്കും സഞ്ചരിക്കാന്‍ കഴിയണം’, മലാല പറഞ്ഞു.

പാകിസ്താനി നാടകങ്ങള്‍ ഇന്ത്യയ്ക്കാരും ബോളിവുഡ് സിനിമകള്‍ പാകിസ്താനികളും കാണണമെന്നും മലാല പറഞ്ഞു.

‘നിങ്ങള്‍ ഇന്ത്യക്കാരാണ്, ഞാന്‍ പാകിസ്താനിയാണ്. നമ്മള്‍ സുഖമായിരിക്കുന്നു. പിന്നെന്തിനാണ് നമുക്കിടയില്‍ വെറുപ്പ് വളര്‍ത്തുന്നത്? അതിര്‍ത്തി നിര്‍ണയവും, ഭിന്നിപ്പിച്ച് ഭരിക്കലും പോലുള്ള പഴഞ്ചന്‍ തത്വങ്ങള്‍ക്ക് ഇനിയും ആയുസില്ല. മനുഷ്യരെന്ന നിലയില്‍ എല്ലാവരും സമാധാനത്തോടെ ജീവിക്കണം’, മലാല പറഞ്ഞു.

ഇന്ത്യയുടേയും പാകിസ്താന്റേയും യഥാര്‍ത്ഥ ശത്രു പട്ടിണിയും വിവേചനവും അസമത്വവുമാണ്. ഇരുരാജ്യങ്ങളും പരസ്പരം പോരടിക്കുന്നതിന് പകരം അതിനെതിരെ പോരാടാണമെന്നും മലാല കൂട്ടിച്ചേര്‍ത്തു.

എല്ലാ പെണ്‍കുട്ടികള്‍ക്കും സ്‌കൂളില്‍ പോകാന്‍ സാധിക്കണമെന്നും മലാല പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: My dream is to see India and Pakistan become ‘true good friends’, says Malala Yousafzai; calls for protection of minorities, right to protest