ഉമ്മന്‍ചാണ്ടിയുള്ളിടത്തോളം കാലം ചെന്നിത്തല മുഖ്യമന്ത്രിയാകില്ല; ചാണ്ടിയെ വളര്‍ത്തിയത് മനോരമയെന്നും പി.സി ജോര്‍ജ്
Kerala News
ഉമ്മന്‍ചാണ്ടിയുള്ളിടത്തോളം കാലം ചെന്നിത്തല മുഖ്യമന്ത്രിയാകില്ല; ചാണ്ടിയെ വളര്‍ത്തിയത് മനോരമയെന്നും പി.സി ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th February 2021, 5:09 pm

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി ജീവിച്ചിരിപ്പുള്ളിടത്തോളം കാലം ചെന്നിത്തല മുഖ്യമന്ത്രിയാകില്ലെന്ന് ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള മനോരമ പത്രമാണ് ഉമ്മന്‍ ചാണ്ടിയെ വളര്‍ത്തിയതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

‘സത്യത്തില്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള എഗ്രിമെന്റ് അഞ്ച് കൊല്ലം കഴിഞ്ഞാല്‍ ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാം എന്നാണ്.

രമേശ് അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. അന്ന് അദ്ദേഹത്തിനൊപ്പമുള്ളവരൊക്കെ മുഖ്യമന്ത്രിമാരോ സംസ്ഥാന കാബിനറ്റ് പദവിയുള്ള മന്ത്രിമാരോ ആയിട്ടുണ്ട്.

അതുകൊണ്ട് ഇവരുതമ്മിലുള്ള എഗ്രിമെന്റ് ഉമ്മന്‍ചാണ്ടി കഴിഞ്ഞ് രമേശ് എന്നാണ്. പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് ചെന്നിത്തലയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകേണ്ടത്. പക്ഷെ ഉമ്മന്‍ ചാണ്ടി ജീവിച്ചിരിക്കുമ്പോള്‍ ചെന്നിത്തല മുഖ്യമന്ത്രിയാകില്ല,’ പി. സി ജോര്‍ജ് പറഞ്ഞു.

ഉമ്മന്‍ ചാണ്ടി ആരാണെന്ന് ജനം അറിഞ്ഞിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഭരണം നിലനിര്‍ത്താന്‍ വേണ്ടിയാണ് ശെല്‍വരാജിനെ യു.ഡി.എഫിലെത്തിച്ചതെന്നും പി. സി ജോര്‍ജ് പറഞ്ഞു.

കെ. കരുണാകരനെയും ആന്റണിയെയും മറികടന്നാണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായതെന്നും ജോര്‍ജ് പറഞ്ഞു.

‘ചാരക്കേസുണ്ടാക്കി കെ. കരുണാകരനെ രാജിവെപ്പിച്ചു. മലയാള മനോരമയുടെ സഹായത്തോടെ, എന്ന് പേരെടുത്ത് തന്നെ പറയാം. മനോരമ പത്രമാണ് ഇദ്ദേഹത്തെ ഇപ്പോഴിങ്ങനെ വളര്‍ത്തിവെച്ചിരിക്കുന്നത്. അതിന് ശേഷമാണ് ആന്റണിയുടെ ന്യൂനപക്ഷ വര്‍ഗീയത പ്രസ്താവന വരുന്നത്. എ കെ ആന്റണിയുടെ അടുത്ത് ഈ ഉമ്മന്‍ ചാണ്ടി തന്നെ പോയി ന്യൂനപക്ഷ പ്രീണനം അപകടമാണ് എന്ന് പറഞ്ഞ് ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയത പോലെ തന്നെ അപകടമാണെന്ന് പറഞ്ഞു. ഇതോടെ നേരെ ആന്റണിയെ ദല്‍ഹിയ്ക്ക് പാക്ക് ചെയ്തു. കരുണാകരനെയും എ. കെ ആന്റണിയെയും തകര്‍ത്ത് ഇദ്ദേഹം മുഖ്യമന്ത്രി കസേരയില്‍ വന്നു,’ പി.സി ജോര്‍ജ് പറഞ്ഞു.

ഉമ്മന്‍ ചാണ്ടി അരുതാത്തത് ചെയ്യുന്നത് താന്‍ കണ്ടുവെന്നും അതിന് ശേഷമാണ് ഉമ്മന്‍ ചാണ്ടി തനിക്ക് ശത്രുവായതെന്നും പി സി ജോര്‍ജ് പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയാണ് തനിക്ക് പാര വെച്ചതെന്ന് നേരത്തെ പി. സി ജോര്‍ജ് പറഞ്ഞിരുന്നു. യു.ഡി.എഫില്‍ പ്രവേശനം കിട്ടാതിരുന്നത് ഉമ്മന്‍ ചാണ്ടിയുടെ പാര കാരണമെന്നും ഉമ്മന്‍ചാണ്ടിക്കെതിരെ വെളിപ്പെടുത്തലുണ്ടാകുമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു. ചെന്നിത്തല മുഖ്യമന്ത്രിയാകുമോയെന്ന ഭയത്തിലാണ് ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് നേതാക്കള്‍ക്ക് മാന്യതയും മര്യാദയുമില്ലെന്നും വഞ്ചകരാണെന്നും ജോര്‍ജ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: PC George MLA about congress leader Oommen Chandy