എൺപതുകളിലും തൊണ്ണൂറുകളിലും മുൻനിര താരങ്ങൾക്കൊപ്പവും പ്രശസ്ത സംവിധായകർക്കൊപ്പവും തിളങ്ങിയ നടിയാണ് ശോഭന. പതിനാലാം വയസിൽ സിനിമയിലേക്ക് എത്തിയ ശോഭന ഇപ്പോഴും അഭിനയത്തിൽ സജീവമാണ്. അഭിനേത്രി മാത്രമല്ല മികച്ച നർത്തകി കൂടിയാണ് അവർ. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകളും നടി സ്വന്തമാക്കി.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ശോഭന അഭിനയിച്ചിട്ടുണ്ട്. ഇടക്ക് സിനിമയുടെ ലോകത്ത് നിന്നും ഇടവേളയെടുക്കുമെങ്കിലും തിരിച്ചുവരവ് വീണ്ടും വീണ്ടും ഗംഭീരമാക്കുന്ന നടി കൂടിയാണ് അവർ. തരുൺ മൂർത്തി മോഹൻലാൽ ചിത്രം തുടരും ആണ് ശോഭന ഏറ്റവുമൊടുവിൽ അഭിനയിച്ചത്. ഇപ്പോൾ തന്റെ സൗഹൃദങ്ങളെക്കുറിച്ചും ഏറ്റവും അടുത്ത കൂട്ടുകാരിയെപ്പറ്റിയും സംസാരിക്കുകയാണ് നടി ശോഭന.
താനും രേവതിയും, സുഹാസിനിയും ഒരുപാട് സിനിമകൾ ചെയ്തവരാണെന്നും അന്നെല്ലാവരും തമ്മിൽ മത്സരമുണ്ടായിരുന്നെന്നം ശോഭന പറയുന്നു. സിനിമയിൽ നിന്നും പുറത്തുവന്നതിന് ശേഷമാണ് എല്ലാവരും തമ്മിൽ അടുപ്പമുണ്ടാകുന്നതെന്നും ഇടക്ക് തങ്ങളെല്ലാവരും കൂടാറുണ്ടെന്നും നടി പറയുന്നു.
എല്ലാവരും തമ്മിൽ നല്ല സ്നേഹമുണ്ടെന്നും എന്നാലും തൻ്റെ എക്കാലത്തെയും അടുത്ത നടി രേവതിയാണെന്നും അവർ വ്യക്തമാക്കി. തങ്ങൾ എപ്പോഴും സംസാരിക്കലൊന്നുമില്ലെങ്കിലും ഒരുപാട് വർഷങ്ങമായുള്ള സൗഹൃദമാണ് അതെന്നും ശോഭന കൂട്ടിച്ചേർത്തു.
‘ഒരുമിച്ച് സിനിമകൾ ചെയ്‌തവരാണ് ഞാനും രേവതിയും സുഹാസിനിയും ഒക്കെ. അന്നെല്ലാവരും തമ്മിൽ നല്ല മത്സരമൊക്കെയുണ്ടായിരുന്നു. സിനിമയിൽ നിന്ന് പു റത്തുകടന്നശേഷമാണ് എല്ലാവരും തമ്മിൽ നല്ല അടുപ്പമുണ്ടാകുന്നത്. ഇടക്ക് ഞങ്ങളുടെ ഗെറ്റ് ടുഗെദറുണ്ടാകും. സുഹാസിനിയാണ് മുൻകൈ എടുക്കുന്നത്.
എന്റെ സ്വഭാവമെല്ലാം ആ കൂട്ടുകാർക്കറിയാം. തമാശക്ക് കളിയാക്കുകയും ചെയ്യും. പക്ഷേ അതേപോലെ സ്നേഹവുമുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ട് ഫോറെവർ എന്ന് പറയുന്നത് രേവതിയാണ്. ഒരുപാട് വർഷങ്ങളായുള്ള സൗഹൃദം. ഞങ്ങൾ തമ്മിൽ എപ്പോഴും സംസാരിക്കുകയൊന്നുമില്ല. എന്നെപ്പോലെ അവർക്കും ഒരുപാട് ജോലിയുണ്ട്. വീടും കൂടുമൊക്കെയുണ്ട്,’ ശോഭന പറയുന്നു.
മോഹന്‍ലാല്‍ നായകനായി എത്തിയ ‘മായാമയൂരം‘ എന്ന ചിത്രത്തില്‍ ശോഭനയും രേവതിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. രേവതി ആദ്യമായി സംവിധാനം ചെയ്‌ത ‘മിത്ര് മൈ ഫ്രണ്ട്’ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചത് ശോഭനയായിരുന്നു. ഈ ചിത്രത്തിലൂടെയാണ് ശോഭന വീണ്ടും മികച്ച നടിക്കുളള ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയത്.
Content Highlight: My closest friend; but we don’t always talk says Shobhana