ബത്തേരി: വയനാട്ടില്‍ ആത്മഹത്യ ചെയ്ത എന്‍.എം. വിജയന്റെ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജന്‍. വിജയന്റെ കുടുംബം ആവശ്യപ്പെട്ടാല്‍ തങ്ങളാല്‍ കഴിയുന്ന സഹായമെല്ലാം പാര്‍ട്ടി ചെയ്യുമെന്ന് ജയരാജന്‍ വ്യക്തമാക്കി.
നേരത്തെ എന്‍.എം. വിജയന്റെ കുടുംബത്തെ സഹായിക്കുമെന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിച്ചിട്ടുള്ളതെന്നും ഇപ്പോഴും അതേ നിലപാട് തന്നെയാണ് പാര്‍ട്ടിക്കുള്ളതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
‘അന്ന് പറഞ്ഞ അതേ നിലപാട് തന്നെയാണ് ഞങ്ങള്‍ക്ക് ഇപ്പോഴുമുള്ളത്. കോണ്‍ഗ്രസുകാര്‍ സഹായിക്കുന്നില്ലെങ്കില്‍, ആ കുടുംബം ആവശ്യപ്പെടുകയാണെങ്കില്‍ ഞങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുമെന്ന് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി നേരത്തെ പറഞ്ഞിട്ടുണ്ട്. ആ നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്.
ഞങ്ങള്‍ ഈ കുടുംബത്തെ സഹായിക്കില്ല എന്ന് കോണ്‍ഗ്രസുകാര്‍ ആദ്യം പറയട്ടെ. തിരുവഞ്ചൂര്‍ പറയുന്ന വഞ്ചനയാണ് കോണ്‍ഗ്രസിന്റെ തനിനിറമെങ്കില്‍ ഞങ്ങള്‍ ഈ കുടുംബത്തെ സഹായിക്കില്ല എന്ന് കെ.പി.സി.സി പ്രസഡന്റ് തുറന്നുപറയട്ടെ. അങ്ങനെ കോണ്‍ഗ്രസ് പറഞ്ഞാല്‍, ആ കുടുംബത്തോട് സ്‌നേഹമുള്ള മനുഷ്യസ്‌നേഹികള്‍ ഒത്തുകൂടും. അക്കാര്യത്തില്‍ ഒരു സംശയവുമില്ല,’ ജയരാജന്‍ പറഞ്ഞു.
അതേസമയം, എന്‍.എം. വിജയന്റെ കുടുംബവുമായി കോണ്‍ഗ്രസിന് കരാറുണ്ടെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ശബ്ദരേഖ പുറത്തുവന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എന്‍.എം. വിജയന്റെ കുടുംബവുമായി തിരുവഞ്ചൂര്‍ നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ഇപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.
ഈ ഓഡിയോയില്‍ ടി. സിദ്ദീഖ് എം.എല്‍.എ, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ കുടുംബം പരാതി ഉയര്‍ത്തുന്നുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നേരില്‍ കണ്ട് സംസാരിച്ചപ്പോള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ഓഡിയോയാണിത്.
നേതാക്കളുടെ നിലപാടുകളോട് തനിക്ക് യോജിപ്പില്ലെന്നും ടി.സിദ്ദീഖ് പറഞ്ഞ ഒരു കാര്യങ്ങളും ഇതുവരെ നടന്നിട്ടില്ലെന്നും സംഭാഷണത്തില്‍ തിരുവഞ്ചൂര്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം കെ.പി.സി. പ്രസിഡന്റ് തള്ളിപ്പറഞ്ഞ കരാര്‍ രേഖ യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്ന് ഈ സംഭാഷണത്തില്‍ തിരുവഞ്ചൂര്‍ സമ്മതിക്കുന്നുമുണ്ട്.
Content Highlight: MV Jayarajan says CPI(M) is ready to take on the responsibilities of N.M. Vijayan, who committed suicide in Wayanad.