തലശ്ശേരി: മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ ഒമ്പത് പ്രതികളും കുറ്റക്കാര്‍. കേസിലെ പത്താം പ്രതിയെ വെറുതെ വിട്ടു. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. തിങ്കളാഴ്ച ശിക്ഷ വിധിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരന്‍ മനോരാജ് നാരായണന്‍, ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ കുറ്റവാളി ടി.കെ. രതീഷ് ഉള്‍പ്പെടെയാണ് സൂരജ് വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
2005 ഓഗസ്റ്റ് ഏഴിനാണ് സൂരജിനെ പ്രതികള്‍ വെട്ടി കൊലപ്പെടുത്തിയത്. സി.പി.ഐ.എം വിട്ട് ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെയാണ് സൂരജിന്റെ കൊലപാതകം നടന്നത്.
കേസിലെ ഒന്നാം പ്രതി അടക്കം രണ്ട് പേർ വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായി മരണപ്പെട്ടിരുന്നു. പിന്നീട് 10 പേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി വിചാരണ ആരംഭിക്കുകയാണ് ചെയ്തത്.
ഓട്ടോയിലെത്തിയ ഒരു സംഘം ആളുകള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കൊലപാതകം, ഗൂഢാലോചന കുറ്റം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.