സ്ത്രീകള്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ വീണ്ടും അക്രമം; ഇത്തവണ ആസിഡാക്രമണം; കാരണം ലൈംഗികാക്രമണ പരാതി പിന്‍വലിക്കാത്തത്
national news
സ്ത്രീകള്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ വീണ്ടും അക്രമം; ഇത്തവണ ആസിഡാക്രമണം; കാരണം ലൈംഗികാക്രമണ പരാതി പിന്‍വലിക്കാത്തത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th December 2019, 4:17 pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അക്രമം തുടര്‍ക്കഥയാകുന്നു. ലൈംഗികാക്രമണവുമായി ബന്ധപ്പെട്ടു നല്‍കിയ പരാതി പിന്‍വലിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് മുസാഫര്‍പുരിലെ ഷാപുരില്‍ യുവതിക്കു നേരെ നാലംഗ സംഘം ആസിഡാക്രമണം നടത്തിയെന്ന വാര്‍ത്തയാണു രാജ്യത്തെ വീണ്ടും ഞെട്ടിച്ചിരിക്കുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

30 ശതമാനം പൊള്ളലാണു യുവതിക്ക് ഏറ്റിരിക്കുന്നത്. ഇവരിപ്പോള്‍ മീററ്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് റൂറല്‍ എസ്.പി നേപ്പാള്‍ സിങ്ങിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച രാത്രി നടന്ന സംഭവം ഇപ്പോഴാണു പുറത്തുവരുന്നത്. 30-കാരിയുടെ വീട്ടില്‍ അതിക്രമിച്ചു കടന്നവര്‍ അവരുടെ ശരീരത്തില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് ആക്രമണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം യുവതി നല്‍കി ലൈംഗികാക്രമണ പരാതിയില്‍ അന്വേഷണം നടത്തിയപ്പോള്‍ ഒന്നും കണ്ടെത്താനായില്ലെന്നും അതേത്തുടര്‍ന്ന് കേസ് അവസാനിപ്പിച്ചതായും പൊലീസ് അറിയിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഉന്നാവോയില്‍ ലൈംഗികാക്രമണത്തിനിരയായ പെണ്‍കുട്ടിയെ അഞ്ചംഗ സംഘം തീകൊളുത്തിക്കൊന്ന സംഭവത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം കനക്കവെയാണു പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി 11.40-നു ദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെച്ചായിരുന്നു പെണ്‍കുട്ടി മരിച്ചത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്താതെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബാംഗങ്ങള്‍. എന്നാല്‍ യോഗി എത്താതിരുന്നതിനാല്‍ ഉച്ചയോടെ പെണ്‍കുട്ടിയുടെ മൃതദേഹം അവര്‍ സംസ്‌കരിക്കുകയായിരുന്നു.

കേസ് അതിവേഗ കോടതിയില്‍ കേള്‍ക്കുമെന്നും പ്രതികള്‍ക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും യോഗി നേരത്തേ പറഞ്ഞിരുന്നു. കുടുംബത്തിന് 25 ലക്ഷം രൂപയും വീടും നല്‍കാനും തീരുമാനമായിരുന്നു. അതിനിടെ തനിക്കു ജോലി വേണമെന്നു പെണ്‍കുട്ടിയുടെ സഹോദരി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ വിവിധ കോണുകളില്‍ നിന്നു രൂക്ഷവിമര്‍ശനത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ ‘റേപ്പ് കാപിറ്റല്‍’ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്.